കോഴിക്കോട്: വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിരവധി പേര്‍ ഭിന്നശേഷി സംവരണാനുകൂല്യം ദുരുപയോഗം ചെയ്ത് സര്‍ക്കാര്‍ ജോലി നേടുന്നതും ഭിന്നശേഷി സമൂഹത്തിനു ലഭ്യമാകേണ്ട ആനുകൂല്യങ്ങളും അവസരങ്ങളും അനര്‍ഹമായി തട്ടിയെടുക്കുന്ന സംഭവങ്ങളിലും സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് 17-ാമത് സക്ഷമ വാര്‍ഷിക പൊതുയോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.സി. മുരളീധരന്‍ അവതരിപ്പിച്ചു.
പൊതുസമൂഹത്തിന്റെ പിന്തുണയോടെ ഭിന്നശേഷിത്വം മൂലമുള്ള വെല്ലുവിളികള്‍ മറികടന്ന് ജീവിതം കെട്ടിപ്പടുക്കുന്ന ഭിന്നശേഷി സമൂഹത്തിന് ലഭ്യമാകേണ്ട ന്യായമായ സംവരണാവകാശം വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് തട്ടിയെടുക്കുന്നത് തീര്‍ത്തും ക്രൂരമായ പ്രവണതയാണ്. രക്ഷകരാവേണ്ടവര്‍ രാക്ഷസരാകുന്ന ഈ പ്രവണതക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് സജീവമാണെന്ന വാര്‍ത്താ മാധ്യമങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന സാഹചര്യത്തില്‍ ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ജോലിയും മറ്റ് ആനുകൂല്യങ്ങളും നേടിയവരെ കണ്ടെത്താനും, ഇത്തരം പ്രവണതകള്‍ തടയുവാനും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്താനും കുറ്റമറ്റ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാറുകള്‍ തയാറാകണമെന്നും സക്ഷമ പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
എയ്ഡഡ് കോളജുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് മാനേജുമെന്റുകള്‍ കോടതി വിധി നടപ്പിലാക്കാന്‍ ആര്‍ജവം കാണിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിന് എയ്ഡഡ് കോളജുകളിലെ നിയമങ്ങള്‍ക്ക് നാല് ശതമാനം സംവരാണാനുകൂല്യത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി വന്നിട്ടും, സ്വകാര്യ മാനേജ്‌മെന്റുകള്‍ തടസ ഹര്‍ജികള്‍ നല്‍കി വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നിലപാട് അവസാനിപ്പിക്കണം. ഭിന്നശേഷിത്വം ഒരു പൗരന്റെ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും, സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും തടയുന്നതല്ല, വിദ്യാഭ്യാസം, തൊഴില്‍, മെച്ചപ്പെട്ട സാമൂഹ്യജീവിതം എന്നിവ ഓരോ വ്യക്തിയുടെയും അവകാശമാണെന്ന് ഉള്‍ക്കൊണ്ട്, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭിന്നശേഷി സമൂഹത്തെ ഉള്‍ക്കൊള്ളുന്ന മാതൃകപരമായ നിലപാട് കൈക്കൊള്ളണമെന്ന് സക്ഷമ പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
സമാപന ചടങ്ങില്‍ രഘുനാഥന്‍ നായര്‍ അധ്യക്ഷനായി. എ.എസ്. പ്രദീപ്, പി. സുഭാഷ്, ടി.കെ. സുഭാഷ്, ചന്ദ്രശേഖര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഡോ. എം.ആര്‍. മേനോന്‍ (രക്ഷാധികാരി), ഡോ. പി. ബാലചന്ദ്രന്‍ (പ്രസിഡന്റ്), കെ.ആര്‍. രഘുനാഥന്‍ നായര്‍, പി. സുന്ദരം, രമ രഘുനന്ദന്‍ (വൈസ് പ്രസിഡന്റ്മാര്‍), ഒ.ആര്‍. ഹരിദാസ് (സെക്രട്ടറി), എ.എസ്. പ്രദീപ്, യു. സുരേഷ് കുമാര്‍, അനിത നയകം, എന്‍. ശ്രീജിത്ത് (ജോയന്റ് സെക്രട്ടറിമാര്‍), ടി.എം. കൃഷ്ണകുമാര്‍ (ട്രഷറര്‍), പി. സുഭാഷ് (സംഘടന സെക്രട്ടറി), ബിന്ദു ശശികുമാര്‍ (മഹിളാ പ്രമുഖ്) തെരഞ്ഞെടുത്തു.
Discussion about this post