കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘം ശതാബ്ദിയിലെത്തുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രവര്‍ത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യ ഭാഗമായ ‘രാഷ്ട്രീയ സ്വയംസേവകസംഘം കേരളത്തില്‍’ പ്രകാശനത്തിനൊരുങ്ങി. അഞ്ച് ഭാഗങ്ങളായുള്ള ഈ ഗ്രന്ഥപരമ്പരയുടെ ഒന്നാം ഭാഗം 26ന്, വെള്ളിയാഴ്ച വൈകിട്ട് ആറിന് ആര്‍എസ്എസ് ദക്ഷിണകേരള പ്രാന്ത കാര്യാലയമായ എളമക്കര മാധവനിവാസില്‍ വച്ച് പ്രകാശനം ചെയ്യും.
റിട്ട. ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പരിപാടിയില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവനാണ് പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഗ്രന്ഥം ഏറ്റുവാങ്ങും. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ പുസ്തക പരിചയം നടത്തും. ചിന്മയ മിഷന്‍ റീജിയണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി, കൊടുങ്ങല്ലൂര്‍ വിവേകാനന്ദ വേദിക് വിഷന്‍ ഡയറക്ടര്‍ ഡോ, എം, ലക്ഷ്മികുമാരി, കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ. കൃഷ്ണന്‍, ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍ എന്നിവര്‍ സംബന്ധിക്കും.
കേരളത്തില്‍ 1942 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ സംഘടനാ സംവിധാനമനുസരിച്ച് കേരളപ്രാന്തം രൂപീകൃതമായ 1964 വരെയുള്ള സംഘചരിത്രമാണ് ഒന്നാം ഭാഗത്തിലുള്ളത്. പ്രവര്‍ത്തനത്തുടക്കത്തിന്റെയും വികാസത്തിന്റെയും വ്യാപനത്തിന്റെയും സമാജപരിവര്‍ത്തനത്തിന്റെയും വസ്തുതാപരമായ വിവരണങ്ങള്‍ അടങ്ങിയ ഈ ഗ്രന്ഥത്തില്‍ തുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളുടെയും വിശദാംശങ്ങളുണ്ട്.
Discussion about this post