തിരുവനന്തപുരം: മാർഗദർശക് മണ്ഡലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ധർമ്മ സന്ദേശ യാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കേരളത്തിലെ എല്ലാ ആശ്രമങ്ങളിലെയും പരമ്പരകളിൽ പെട്ട രണ്ടായിരത്തിൽ പരം സന്യാസിമാരെ സംഘടിപ്പിച്ചുകൊണ്ടുള്ള യാത്ര കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് നടക്കുക. ഒക്ടോബർ 7 മുതൽ ഒക്ടോബർ 21 വരെയാണ് യാത്ര.
കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സന്യാസിയാത്ര നടത്തുന്നത്. കേരളത്തിൽ നിന്നുള്ള സന്യാസി ശ്രേഷ്ഠന്മാർക്ക് പുറമെ, ഉഡുപ്പി, ദക്ഷിണ കന്നഡ തുടങ്ങി വിവിധ ക്ഷേത്രങ്ങളിലെ മുഖ്യസ്ഥൻമാർ, ജനപ്രതിനിധികൾ ആധ്യാത്മിക ആചാര്യന്മാർ എന്നിവരും യാത്രയിൽ അണിചേരും. ‘കേരളം കേരളത്തനിമയിലേക്ക്’ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചാണ് യാത്ര. നൂറുകണക്കിന് വാഹനങ്ങൾ യാത്രക്ക് അകമ്പടി സേവിക്കും.എല്ലാ ജില്ലകളിലും യാത്രയ്‌ക്ക് സ്വീകരണം നൽകും. വിരാട ഹിന്ദു സമ്മേളനങ്ങളും ഉണ്ടാകും
സാഹിത്യകാരൻ സി രാധാകൃഷ്ണനാണ് ഈ യാത്രയുടെ സ്വാഗതസംഘം ചെയർമാൻ. വിശ്വ ഹിന്ദു പരിഷത്തിന്റെ ജനറൽ സെക്രട്ടറി അനിൽ വിളയിലാണ് ട്രഷറർ. മറ്റെല്ലാ ഭാരവാഹികളും സന്യാസിമാരാണ്. എല്ലാ ജില്ലകളിലും പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ക്ഷണിക്കപ്പെട്ട സദസിനുമുന്നിൽ സെമിനാറുകൾ സംഘടിപ്പിക്കും. ഉച്ചയ്‌ക്ക് ശേഷം പൊതുയോഗമുണ്ടാകും. എല്ലാ ജില്ലകളിലും സ്വീകരണ പരിപാടികളുമുണ്ടാകും.
Discussion about this post