കൊച്ചി: മനസറിഞ്ഞ് നല്‍കുന്ന സഹായങ്ങളെ അഭിനന്ദിക്കണമെന്നും അതിന്റെ മൂല്യം വിലകല്പിക്കാനാകാത്തതാണെന്നും അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗത്തില്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസവും കണ്ടുകൊണ്ടിരിക്കുന്ന ജീവിതങ്ങളില്‍ പലതും ആഴത്തില്‍ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. സങ്കടങ്ങള്‍ക്കൊപ്പം സന്തോഷം പകരുന്ന നിരവധി അനുവങ്ങളും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം തുടര്‍ന്നു. രണ്ടാഴ്ച മുമ്പ് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ഒരു പെണ്‍കുട്ടി എത്തിയിരുന്നു. കുട്ടിയോട് രോഗ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ചെറിയൊരു തുക സഹായം നല്‍കാന്‍ വേണ്ടി ആശുപത്രിയില്‍ വന്നതാണെന്ന് അറിയിച്ചത്. 1001 രൂപ കൈമാറിയ ശേഷം ഈ പണം ഏതെങ്കിലും രോഗിക്ക് സഹായമാകുമെങ്കില്‍ നല്‍കണമെന്ന് പറഞ്ഞു. വിശദമായി ചോദിച്ചപ്പോഴാണ് ബിരുദത്തിന് തേവര കോളജില്‍ പഠിക്കുന്ന കുട്ടിയാണെന്നും ട്യൂഷന്‍ എടുത്ത് ലഭിച്ച ആദ്യമാസത്തെ വരുമാനമാണ് അതെന്നും അറിഞ്ഞത്. ഒരു ധനികന്‍ നല്‍കുന്ന ഒരു കോടിയേക്കാള്‍ 1001 രൂപയ്‌ക്ക് വിലയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
ഇത്തരത്തില്‍ സഹായിക്കണമെന്നുള്ള മനസാണ് എല്ലാവര്‍ക്കും വേണ്ടതെന്നും സേവാഭാരതി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും ഡോ. ഗംഗാധരന്‍ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാത്ത നിരവധി അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചത് സദസിനേയും ഏറെ സ്വാധീനിച്ചു.
യോഗത്തില്‍ അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി അധ്യക്ഷനായി. രാഷ്‌ട്രീയ സേവാഭാരതി ജോ. ജനറല്‍ സെക്രട്ടറി വിജയ് പുരാണിക്, ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ക്ഷേത്രീയ സേവാ പ്രമുഖ് രവികുമാര്‍, ഉത്തരപ്രാന്ത പ്രചാരക് എ. വിനോദ്, ദക്ഷിണ പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍, സേവാഭാരതി സംസ്ഥാന ട്രഷറര്‍ പി.ആര്‍. രാജിമോള്‍, ബാലവികാസ സമന്വയ സമിതി അദ്ധ്യക്ഷന്‍ ബാലഗോപാലന്‍ മാസ്റ്റര്‍, ഡോ. ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി സേവാ സമിതി അദ്ധ്യക്ഷന്‍ ആര്‍. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗത്തില്‍ ദേശീയ സേവാഭാരതി കേരളം ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലവികാസ സമന്വയ സമിതിയും ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി സേവാസമിതിയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. തുടര്‍ന്ന് 2025-26 വര്‍ഷത്തേക്കുള്ള സേവാഭാരതിയുടെയും ബാലവികാസ സമന്വയ സമിതിയുടെയും നിര്‍വാഹക സമിതിയെ ക്ഷേത്രീയ സേവാ പ്രമുഖ് രവികുമാര്‍ പ്രഖ്യാപിച്ചു.
യോഗത്തില്‍ സേവാഭാരതിക്കു വേണ്ടി തയ്യാറാക്കിയ രണ്ടു പുസ്തകങ്ങള്‍, ‘സുകൃതം’ പാലിയേറ്റീവ് കെയര്‍ മാനുവല്‍ ഡോക്ടര്‍ വി.പി. ഗംഗാധരനും ‘സേവാദര്‍ശന്‍’ പ്രവര്‍ത്തകര്‍ക്കുള്ള കൈപുസ്തകം പി.എന്‍. ഹരികൃഷ്ണകുമാറും പ്രകാശനം ചെയ്തു. സേവപ്രകാശന്‍ സേവനവാര്‍ത്തയുടെ സ്‌പെഷല്‍ പതിപ്പ് ‘സേവാ പര്‍വ്വം’ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ജോ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജയരാജ്, വിനോദ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
Discussion about this post