കോഴിക്കോട്: സംസ്‌കാരിക അടിത്തറയുള്ള രാഷ്‌ട്രങ്ങള്‍ക്കാണ് പുരോഗതി പ്രാപിക്കാന്‍ കഴിയുകയെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സിനിമാ താരം അഖില ശശിധരന്‍. കേസരി നവരാത്രി സര്‍ഗോത്സവം ആറാം ദിനം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നാഗരികതയെ കാത്തുസൂക്ഷിക്കുന്ന രാഷ്‌ട്രങ്ങളായിരിക്കും ഇനി കുതിച്ചുയരുക. ഓരോ രാഷ്‌ട്രത്തിനും അതിന്റേതായ സ്വഭാവമുണ്ട്. 51 ശക്തി പീഠങ്ങളും 12 ജ്യോതിര്‍ലിംഗങ്ങളും ചതുര്‍ധാമങ്ങളും ഭാരതത്തിന്റെ ഏകതയെ ഊട്ടിയുറപ്പിക്കുന്നു. ഭാരതത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ സ്പിരിച്വല്‍ ജോഗ്രഫിയാണ്. നാഗരിക നവോത്ഥാനം എല്ലാ തലങ്ങളിലും വ്യക്തികളിലും ഉണ്ടാകേണ്ടതാണ്. ഭാരതം വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കും. ഭാരതത്തിന്റെ ശക്തി യുവസമൂഹമാണ്. അതിനെ അനുകൂലമാക്കാന്‍ കഴിയണം. പൈതൃകമായി ലഭിച്ച ജ്ഞാനോദയത്തില്‍ നിന്ന് ആദ്ധ്യാത്മിക അടിത്തറയിലൂടെ ഭാരതത്തിന് മുന്നേറാന്‍ കഴിയും.
സ്ത്രീത്വത്തെ സ്ത്രീശക്തിയായും, മാതൃത്വമായും, അമ്മയെ ദൈവമായുമൊക്കെ ആരാധിക്കുന്ന ജനസമൂഹമാണ് നമ്മുടേത്. പുരാതനമായ വിജ്ഞാന സമ്പ്രദായങ്ങളെല്ലാം ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങള്‍ വരുന്നതിനു മുന്‍പ് ദേവി ആരാധന വളരെ പ്രബലമായ രീതിയില്‍ ലോകത്ത് പലയിടത്തും നിലനിന്നിരുന്നു. അറിഞ്ഞോ അറിയാതെയോ നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ദേവി ആരാധന, അവര്‍ പറഞ്ഞു.
റിട്ട. പിഡബ്ല്യുആര്‍ഡിഎം സയന്റിസ്റ്റ് ഡോ.ടി.കെ. ജലജ അധ്യക്ഷയായി. തുടര്‍ന്ന് ‘ഭാരതരാഷ്‌ട്രത്തിന്റെ ആധ്യാത്മിക അസ്തിത്വം’ വിഷയത്തില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പ്രഭാഷണം നടത്തി. നവരാത്രി സര്‍ഗോത്സവം സാമ്പത്തിക സമിതി അംഗം സി.എസ്. സത്യഭാമ സ്വാഗതവും മാതൃസമിതി അംഗം ശോഭ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. നവരാത്രി സര്‍ഗോത്സവം ഏഴാം ദിന സാംസ്‌കാരിക സമ്മേളനം ഇന്ന് വൈകിട്ടു 5.30ന് ആര്‍ക്കിടെക്ട് എ.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. മരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. ടി.വി. മുരളീവല്ലഭന്‍ ‘ആര്‍ഷഭൂമിയിലെ പരിസ്ഥിതി ദര്‍ശനം’ വിഷയത്തില്‍ പ്രഭാഷണം നടത്തും.
Discussion about this post