കൊച്ചി: ആര്‍എസ്എസ്സ് ശതാബ്ദി പരിപാടികള്‍ക്ക് രാജ്യമൊട്ടാകെ വിജയദശമി ആഘോഷത്തോടെ തുടക്കമാകും. വിജയദശമി ദിനമായ ഒക്‌ടോബര്‍ രണ്ടിന് നാഗ്പൂരില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കും. രാജ്യമൊട്ടാകെ സംഘടനാദൃഷ്ടിയിലുള്ള മണ്ഡല അടിസ്ഥാനത്തിലാണ് ഇക്കുറി വിജയദശമി ആഘോഷിക്കുന്നത്.
കേരളത്തിലാകെ 1622 കേന്ദ്രങ്ങളിലാണ് വിജയദശമി പരിപാടികള്‍ നടക്കുന്നത്. 1423 കേന്ദ്രങ്ങളിൽ പൂർണ ഗണവേഷധാരികളായ സ്വയംസേവകരുടെ പഥസഞ്ചലനം നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ദക്ഷിണ കേരള പ്രാന്തത്തില്‍ 792 പരിപാടികളും 613 പഥസഞ്ചലനങ്ങളും നടക്കും. തൃശ്ശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ഉത്തരകേരള പ്രാന്തത്തില്‍ 830 പരിപാടികളും 810 കേന്ദ്രങ്ങളില്‍ പഥസഞ്ചലനങ്ങളും നടക്കും. ഉത്തര കേരളത്തിലെ വിജയദശമി പൊതുപരിപാടികള്‍ക്ക് ഇന്നലെ തുടക്കമായി. ദക്ഷിണ കേരള പ്രാന്തത്തില്‍ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങളിലാണ് പരിപാടികള്‍.
ആര്‍എസ്എസ്സ് അഖിലഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനന്‍, മുതിര്‍ന്ന പ്രചാരകനായ എസ്. സേതുമാധവന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍, അഖിലഭാരതീയ കാര്യകാരി അംഗവും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായി ജെ. നന്ദകുമാര്‍, ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍, സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍, വ്യവസ്ഥാ പ്രമുഖ് കെ. വേണു, സേവാ പ്രമുഖ് രവികുമാര്‍, പ്രചാരക് പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, കാര്യകാരി അംഗം പി.ആര്‍. ശശിധരന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംസാരിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടികളില്‍ അധ്യക്ഷരാകും. കേരളത്തിലെ സംഘപ്രവര്‍ത്തന ചരിത്രം വിവരിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍ എന്ന ഗ്രന്ഥപരമ്പരയുടെ ആദ്യഭാഗം പരിപാടികളില്‍ പ്രകാശനം ചെയ്യും.
2026 വിജയദശമി വരെ നീണ്ടുനില്‍ക്കുന്ന ശതാബ്ദി പരിപാടികളില്‍ ഹിന്ദു സമ്മേളനങ്ങള്‍, മഹാ ഗൃഹസമ്പര്‍ക്കം, സദ്ഭാവനാ യോഗങ്ങള്‍, പ്രമുഖ വ്യക്തികള്‍ക്കായുള്ള സെമിനാറുകള്‍, യുവാക്കള്‍ക്കായുള്ള പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ദക്ഷിണ കേരളത്തില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ 26 വരെയും ഉത്തരകേരളത്തില്‍ ഒക്ടോബര്‍ 11 മുതല്‍ 30 വരെയും മഹാസമ്പര്‍ക്കയജ്ഞം നടക്കും.
Discussion about this post