തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വത്ത് വകകള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ച് വിടണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ അഴിമതിക്കും ക്രമക്കേടിനും ദേവസ്വം ബോര്‍ഡ് ഉത്തരവാദിയാണ്. വെറും ഒരു വ്യക്തിയെ മാത്രം പഴിചാരി രക്ഷപ്പെടാന്‍ ബോര്‍ഡിനാകില്ല. ഉദ്യോഗസ്ഥ വീഴ്ചയെന്ന് ബോര്‍ഡ് പ്രസിഡന്റ് പറയുന്നത് ചിലരെ രക്ഷപ്പെടുത്താനാണ്. ദേവസ്വം ബോര്‍ഡിന്റെയും പ്രസിഡന്റിന്റെയും ഒത്താശയില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലുള്ള ഒരു വ്യക്തിക്ക് സ്വര്‍ണ്ണപ്പാളി ബെംഗളൂരുവില്‍ കൊണ്ടുപോകാന്‍ കഴിയില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം മറച്ചുവക്കാനാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്.
1999ല്‍ വിജയ് മല്യ പൂശിയ സ്വര്‍ണം 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോകുന്നു. നാലര കിലോ കുറച്ച് തിരികെ കൊണ്ടുവരുന്നു. സ്വര്‍ണം നഷ്ടപ്പെട്ടത് ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും അംഗങ്ങള്‍ക്കും അറിയാം. എന്നാല്‍ ഇക്കാര്യം ദേവസ്വം ബോര്‍ഡ് പൊതുസമൂഹത്തോട് മറച്ചു വച്ചു. ചിലരെയൊക്കെ സംരക്ഷിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. സിപിഎമ്മും സിഐടിയു യൂണിയനും നയിക്കുന്ന ദേവസ്വം ബോര്‍ഡാണ് ഇപ്പോഴുള്ളത്. ക്ഷേത്രങ്ങളില്‍ ആളുകളെ നിയമിക്കുന്നത് പോലും സിഐടിയുടെ ക്വട്ടേഷനിലൂടെയാണ്. പമ്പയില്‍ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ തീരുമാനിച്ചതിലും അഴിമതിയുണ്ടെന്നും ആര്‍.വി. ബാബു പറഞ്ഞു. ദേവസ്വം ബോര്‍ഡുകളുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെയും അഴിമതിക്കെതിരെയും ഹിന്ദു ഐക്യവേദി പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കും. നവംബര്‍ മാസത്തില്‍ ശബരിമല സംരക്ഷണ ജാഗരണ പരിപാടികള്‍ നടത്തുമെന്നും ആര്‍.വി. ബാബു പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ സന്ദീപ് തമ്പാനൂര്‍, കെ. പ്രഭാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post