കാസര്‍കോട്: മാര്‍ഗദര്‍ശക മണ്ഡലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മസന്ദേശ യാത്രയ്‌ക്ക് നാളെ കാസര്‍കോട് തുടക്കമാകും. നാളെ വൈകുന്നേരം 3 മണിക്ക് താളിപ്പടുപ്പ് മൈതാനിയില്‍വെച്ച് ഉദ്ഘാടനം ചെയ്യും.
ഇന്ന് ശ്രീനാരായണ ഗുരുസ്വാമി പ്രതിഷ്ഠ നടത്തിയ മംഗലാപുരം കുദ്രോളി ഗോകര്‍ണ്ണ നാദേശ്വര ക്ഷേത്രത്തില്‍ നിന്നും യാത്രയ്‌ക്കുളള ദീപത്തിന്റെ തിരി തെളിയിച്ച് സന്യാസിമാര്‍ കേരളത്തിലേക്ക് യാത്ര തിരിക്കും. കേരളത്തിന്റെ അതിര്‍ത്തിയായ തലപ്പാടിയില്‍ വച്ച് വൈകുന്നേരം അഞ്ചു മണിക്ക് ധര്‍മ്മ സംന്യാസിമാരെ സ്വീകരിച്ച് കേരളത്തിലേക്ക് ആനയിക്കും. മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ രാത്രിയോടെ ദീപം എത്തിക്കും. നാളെ രാവിലെ 9ന് മധൂരില്‍ നിന്നും ദീപവുമേന്തി സന്യാസിവര്യന്മാര്‍, ക്ഷേത്ര ഭാരവാഹികള്‍, സമുദായ നേതാക്കന്മാര്‍, ഗുരുസ്വാമിമാര്‍ എന്നിവര്‍ ചിന്മയ വിദ്യാലയത്തില്‍ ഒത്തുകൂടും. തുടര്‍ന്ന് 10 മുതല്‍ ചിന്മയ വിദ്യാലയ സിബിസി ഹാളില്‍ ഹൈന്ദവ നേതൃ സമ്മേളനം നടക്കും. ഉച്ചയ്‌ക്ക് 2.30ന് കറന്തക്കാട് നിന്നും നൂറോളം സന്യാസിവര്യന്മാരെ മുത്തുക്കുട, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ താളിപ്പടപ്പു മൈതാനിയിലേക്ക് സ്വീകരിച്ചാനയിക്കും.
വൈകിട്ട് 3ന് നടക്കുന്ന ധര്‍മ്മ സന്ദേശയാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ കൊളത്തുര്‍ അദൈ്വതം ശ്രമം മഠാധിപതിയും മാര്‍ഗദര്‍ശന്‍ മണ്ഡല്‍ സംസ്ഥാന അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. എടനീര്‍ മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍, ഉപ്പള കൊണ്ടവോര്‍ മഠം യോഗാനന്ദ സരസ്വതി സ്വാമി, ചിന്മയ മിഷന്‍ കേരള ഘടകം മേധാവി വിവിക്താനന്ദ സരസ്വതി സ്വാമി തുടങ്ങി നിരവധി സംന്യാസി ശ്രേഷ്ഠന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. 21 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പര്യടനം നടത്തും.
സ്വാമി സത്സ്വരൂപാനന്ദ, സ്വാമി വിവിക്താനന്ദ സരസ്വതി, സാധൂവിനോദ്, സ്വാമി തത്വാനന്ദ സരസ്വതി, വേദവേദാ മൃതാനന്ദ ചൈതന്യ, ബ്രഹ്മകുമാരി വിജയലക്ഷ്മി, ബ്രഹ്മചാരിണി ദിശാചൈതന്യ, സ്വാഗത സംഘം ചെയര്‍മാന്‍ മധുസൂദനന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Discussion about this post