കണ്ണൂർ: കേരളത്തിലെ കലാസാഹിത്യ രംഗത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായി ചാലകശക്തിയായി വർത്തിക്കുന്ന തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന പഠന ശിബിരം ഇന്നും നാളെയുമായി മാടായിപ്പാറയിൽ നടക്കും. സുവർണോത്സവ ആഘോഷങ്ങളുടെ ഇടയിലാണ് ഈ വർഷത്തെ പഠനശിബിരം. മാടായിപ്പാറ കമ്മ്യൂണിറ്റി സെന്ററിൽ (എ.വി. നാരായണൻകുട്ടി നഗർ) നടക്കുന്ന ശിബിരം ഇന്ന് രാവിലെ പത്മശ്രീ അപ്പുക്കുട്ട പൊതുവാളും പത്മശ്രീ എസ്.ആർ.ഡി. പ്രസാദും ചേർന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മാരിത്തെയ്യം ആചാരസ്ഥാനികൻ തെക്കൻ ഗോപാലൻ പൊള്ള, കണ്ടൽ സംരംക്ഷകൻ രഘുനാഥ് പൊക്കുടൻ, ദേവക്കൂത്ത് കോലധാരി എം.വി. അംബുജാക്ഷി, മാധ്യമ പ്രവർത്തകൻ മനോഹരൻ വെങ്ങര എന്നിവരെ ആദരിക്കും. സാഹിത്യ നിരൂപകൻ ഡോ. റഷീദ് പാനൂർ ആശംസയർപ്പിക്കും.
11.30 മുതൽ 01.30 വരെയുള്ള രണ്ടാം സഭയിൽ ‘തപസ്യയുടെ തനിമയും സാധ്യതകളും’ എന്ന വിഷയത്തിൽ തപസ്യ കേന്ദ്രഭരണസമിതി അംഗം എം. സതീശൻ സംസാരിക്കും. തപസ്യ ഉപാധ്യക്ഷൻ ഐ.എസ്. കുണ്ടൂർ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.45 വരെ നടക്കുന്ന മൂന്നാം സഭയിൽ ‘ഭാരതീയ കലാസാഹിത്യ ദർശനം’ എന്ന വിഷയത്തിൽ ഡോ. ലക്ഷ്മി ശങ്കർ വിഷയം അവതരിപ്പിക്കും. ഡോ. വി. സുജാത അധ്യക്ഷത വഹിക്കും. വൈകുന്നേരം 4 മുതൽ 5 മണി വരെ നടക്കുന്ന നാലാംസഭയോടനുബന്ധിച്ച് ‘തപസ്യയുടെ സുവർണോത്സവം’ എന്ന വിഷയം കേന്ദ്രഭരണസമിതി അംഗം എം. ശ്രീഹർഷൻ അവതരിപ്പിക്കും. തപസ്യ സംസ്ഥാന ഉപാധ്യക്ഷൻ പ്രൊഫ. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. 6.30 മുതൽ 7.30 വരെ നടക്കുന്ന അഞ്ചാംസഭയിൽ ‘മാടായിപ്പാറയുടെ സാംസ്‌കാരിക ചരിത്രവും ജൈവവൈവിധ്യങ്ങളും’ എന്ന വിഷയം പരിസ്ഥിതി പ്രവർത്തകൻ കുഞ്ഞികൃഷ്ണൻ അരയമ്പത്ത് അവതരിപ്പിക്കും. തപസ്യ സംസ്ഥാന ഉപാധ്യക്ഷൻ യു.പി. സന്തോഷ് അധ്യക്ഷത വഹിക്കും. രാത്രി 8 മണി മുതൽ കലാപരിപാടികൾ സംസ്ഥാന ഉപാധ്യക്ഷൻ കല്ലറ അജയൻ ഉദ്ഘാടനം ചെയ്യും. ഉപാധ്യക്ഷ രജനി സുരേഷ് അധ്യക്ഷത വഹിക്കും.
നാളെ രാവിലെ 8.30 മുതൽ 10 വരെ നടക്കുന്ന ആറാം സഭയിൽ ‘തപസ്യയുടെ സാംസ്‌കാരിക ഇടപെടലുകൾ’ എന്ന വിഷയം ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അവതരിപ്പിക്കും. ഡോ. കുമുള്ളി ശിവരാമൻ അധ്യക്ഷത വഹിക്കും. 11 മുതൽ 12.30 വരെ സംഘടന ചർച്ച നടക്കും. ആർഎസ്എസ് ഉത്തര പ്രാന്ത ബൗദ്ധിക് പ്രമുഖ് എം. ബാലകൃഷ്ണൻ സംസാരിക്കും. തപസ്യ സംസ്ഥാന സംഘടന സെക്രട്ടറി സി. റജിത് കുമാർ അധ്യക്ഷത വഹിക്കും. 12.30ന് സമാപന സഭയിൽ ആർഎസ്എസ് ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കും. അനൂപ് കുന്നത്ത്, ജി.എം. മഹേഷ് എന്നിവർ സംസാരിക്കും. ശിബിരത്തിൽ കേരളത്തിലെ നൂറിലേറെ യൂണിറ്റുകളിൽ നിന്നായി 250 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് യു.പി. സന്തോഷ്, സ്വാഗതസംഘം ചെയർമാൻ രവീന്ദ്രനാഥ് ചേലേരി, ജനറൽ കൺവീനർ ഇ.എം. ഹരി എന്നിവർ സംബന്ധിച്ചു.
Discussion about this post