കോഴിക്കോട്: വിവിധ സംന്യാസ സമ്പ്രദായങ്ങളിലെ ആദ്ധ്യാത്മിക ആചാര്യന്മാരുടെ ധാര്‍മ്മിക നേതൃത്വത്തിനു പിന്നില്‍ അണിനിരന്ന് കോഴിക്കോട്ടെ ഹൈന്ദവസമൂഹം. ശ്രീനാരായണ ഗുരുവിനാല്‍ പ്രതിഷ്ഠിക്കപ്പെട്ട മംഗലാപുരം കുദ്രോളി ഗോകര്‍ണ നാഗേശ്വര ക്ഷേത്രത്തില്‍ നിന്ന് ദീപം തെളിയിച്ച മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ഇന്നലെ കോഴിക്കോട്ട് ആയിരങ്ങളാണ് സ്വീകരണം നല്‍കിയത്.
മുതലക്കുളം മൈതാനിയില്‍ നടന്ന മഹാസമ്മേളനത്തിന് സ്വാമി നരസിംഹാനന്ദ അദ്ധ്യക്ഷനായി. സ്വാമി സത്സ്വരൂപാനന്ദ, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാഥര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ചിദാനന്ദപുരി ധര്‍മ്മ സന്ദേശം നല്‍കി. ശക്തിയെ ഉപാസിച്ച് ജീവിത ഐശ്വര്യങ്ങള്‍ നേടി ഹിന്ദു സമൂഹം സര്‍വവിധത്തിലും സമ്പന്നമാകണമെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായ അധിനിവേശത്തെ പ്രതിരോധിച്ചത് ഭാരതീയ കുടുംബ വ്യവസ്ഥയാണ്. ഇത് ലോകം കണ്ട ഏറ്റവും ശക്തമായ സംഘടനയാണ്. അരാജകത്വത്തിലൂടെ അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം. അമ്മിഞ്ഞപ്പാലിലൂടെ പകര്‍ന്നു നല്‍കിയ സംസ്‌കാരവും സമൂഹം പിന്തുടര്‍ന്ന ആചരണങ്ങളുമാണ് നമ്മെ നിലനിര്‍ത്തിയത്. ഇതിന് ശക്തിപകരണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാമൃതാനന്ദപുരി, സ്വാമി ജിതാത്മാനനന്ദസരസ്വതി, ആചാര്യ എ.കെ.ബി. നായര്‍ എന്നിവര്‍ മഹാസമ്മേളനത്തിന് നേതൃത്വം നല്‍കി. ശ്രീനാരായണ ഗുരുവിനാല്‍ പ്രതിഷ്ഠിതമായ ശ്രീകണ്‌ഠേശ്വര ക്ഷേത്രപരിസരത്ത് നിന്ന് നാമജപങ്ങളോടെയാണ് സംന്യാസി സംഘത്തെ മുതലക്കുളം മൈതാനിയിലേക്ക് ആനയിച്ചത്. രണ്ടായിരത്തോളം അമ്മമാര്‍ ലളിതാസഹസ്രനാമം ചൊല്ലി സംന്യാസി സംഘത്തെ എതിരേറ്റു.
ഇന്നലെ രാവിലെ 10ന് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ സമുദായിക-ആദ്ധ്യാത്മിക നേതാക്കള്‍ പങ്കെടുത്ത ഹിന്ദു നേതൃസമ്മേളനം നടന്നു.
ഏഴിന് കാസര്‍ഗോഡ് നിന്നാരംഭിച്ച ധര്‍മ്മസന്ദേശ യാത്ര കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഇന്നലെ കോഴിക്കോട്ടെത്തിയത്. ഇന്ന് യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 21 ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.
Discussion about this post