താനൂര്‍: ഹിന്ദു എന്ന തായ്‌വേരില്ലെങ്കില്‍ സമുദായം എന്ന ശാഖകള്‍ക്ക് നിലനില്‍പ്പില്ലെന്ന് ഓര്‍ക്കണമെന്ന് മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന പ്രസിഡന്റും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി. സാമുദായികമായ പിരിവില്‍ മാത്രം ഒതുങ്ങിപ്പോകരുത്. രാഷ്‌ട്രീയക്കാരും സര്‍ക്കാരും താത്ക്കാലികമായി ഇട്ടുതരുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് പിന്നാലെ പോയാല്‍ സനാതനധര്‍മത്തിന്റെ ഭാവി അപകടത്തിലാകും. കേരളസമൂഹം നേരിടുന്ന ധാര്‍മികച്യുതികള്‍ക്കെതിരെ സംന്യാസികളുടെ കൂട്ടായ്‌മയായ മാര്‍ഗദര്‍ശക മണ്ഡല്‍ സംഘടിപ്പിക്കുന്ന ധര്‍മസന്ദേശ യാത്രയ്‌ക്ക് മലപ്പുറം താനൂരില്‍ നല്‍കിയ നേതൃസമ്മേളനത്തില്‍ ധര്‍മസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഓരോ പ്രദേശത്തിന്റെയും സാംസ്‌കാരിക, ചരിത്രപൈതൃകങ്ങള്‍ പേറുന്ന സ്ഥലനാമങ്ങള്‍ വരെ മാറ്റിമറിക്കപ്പെടുന്നു. ബസുകളിലെ ക്ലീനര്‍ ബോധപൂര്‍വ്വം തെറ്റായി ഉച്ചരിച്ച് തുടങ്ങുന്ന സ്ഥലനാമങ്ങള്‍ ഒടുവില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബോര്‍ഡ് പ്രത്യക്ഷപ്പെടുന്നതോടെ പൂര്‍ണമാവുന്നു. ഹിന്ദു സമൂഹത്തിന് നേരെയുണ്ടാകുന്ന വെല്ലുവിളികള്‍ക്കെതിരെ രോഷം ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കലും ആചാരംലംഘനങ്ങളും കേരളത്തില്‍ തുടര്‍ക്കഥയാവുന്നു. ഹൈന്ദവ സമൂഹത്തിന്റെ അടിത്തറ ഇളകികൊണ്ടിരിക്കുകയാണ്. സ്വന്തം ധര്‍മത്തെ യഥാസമയം പരിപാലിക്കേണ്ട ബാധ്യത ഓരോ ഹിന്ദുവിനും ഉണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മാര്‍ഗദര്‍ശകമണ്ഡലം ജില്ലാ രക്ഷാധികാരി സ്വാമി ആത്മസ്വരൂപാനന്ദ, സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥ, സ്വാമി അയ്യപ്പദാസ്, സ്വാമിനി വരദാമൃത പ്രാണ, സ്വാമി ആത്മസ്വരൂപാന്ദ, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി പ്രഭാകരാനന്ദ സരസ്വതി, ഡോ. സ്വാമി ധര്‍മ്മാനന്ദ, സ്വാമി ചിദാത്മാനന്ദ മഹാരാജ്, സ്വാമി അദ്ധ്യാത്മാനന്ദ മഹാരാജ്, സ്വാമിനി ജ്യോതിര്‍മയാമൃത ചൈതന്യ, സ്വാമിനി അതുല്യാമൃത പ്രാണ, ബ്രഹ്‌മകുമാരീ സുനിതമഹാന്‍, സ്വാഗതസംഘം അദ്ധ്യക്ഷ ഇന്ദിര കൃഷ്ണകുമാര്‍, സ്വാമി രാമാനന്ദ ചൈതന്യ തുടങ്ങിയവര്‍ സംസാരിച്ചു.
ധര്‍മസന്ദേശ യാത്രയ്‌ക്ക് മലപ്പുറത്ത് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. മലപ്പുറം ജില്ല അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ ധര്‍മസന്ദേശ യാത്രയെ വാദ്യമേള അകമ്പടികളോടെ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രഥയാത്രയെ താനൂരിലെ ശോഭാപറമ്പ് ക്ഷേത്ര പരിസരത്തേക്ക് ആനയിച്ചു. നേതൃസമ്മേളനത്തിന് ശേഷം ഉച്ചയ്‌ക്ക് ശേഷം പതിനായിരങ്ങള്‍ പങ്കെടുത്ത ധര്‍മസന്ദേശ മഹാസമ്മേളനവും നടന്നു.
Discussion about this post