കൊച്ചി: ഉച്ചനീചത്വം സനാതന ധര്‍മ്മത്തിന്റെ ആശയമല്ലെന്ന് മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി. ഭാരതത്തില്‍ എങ്ങനെ അന്ധകാരം വന്നുവെന്ന് ചിന്തിക്കണം. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്നും സ്വാമി പറഞ്ഞു. ധര്‍മ്മ സന്ദേശ യാത്രയുടെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന ഹിന്ദു മഹാസംഗമത്തില്‍ ധര്‍മ്മ സന്ദേശം നല്കുകയായിരുന്നു സ്വാമി. ഭാരതമാതാ സങ്കല്പം അനാധികാലം മുതലുള്ളതാണ്. അമ്മ അവഹേളിക്കപ്പെടുമ്പോള്‍ സനാതന ധര്‍മ്മം അവഹേളിക്കപ്പെടുകയാണ്. സാമ്പത്തിക ഭദ്രതയുള്ള കരുത്തുറ്റ സമാജത്തെ സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടാകണം. സമാജം നിലനില്‍ക്കണമെങ്കില്‍ സാമ്പത്തിക ഭദ്രത അനിവാര്യമാണ്. സമ്പന്നതയിലേക്ക് ഉയരണം, ദരിദ്രരെ സഹായിക്കണം, എന്നാല്‍ ദരിദ്രരാവരുതെന്നും സ്വാമി പറഞ്ഞു.
യുവജന ചേതനയെ സ്വാധീനിച്ച് മയക്കി നിര്‍വീര്യരാക്കാനുള്ള കുത്സിത ശ്രമങ്ങള്‍ വ്യാപകമാവുന്നുണ്ട്. സംസ്ഥാനാഭിവൃദ്ധിയെ സംബന്ധിച്ച് ദൂരക്കാഴ്ചയില്ലാത്ത ഭരണകൂടം വോട്ടു ബാങ്ക് ലക്ഷ്യമാക്കി നടത്തുന്ന പ്രീണന പദ്ധതികള്‍ ജനാധിപത്യത്തിന് അപമാനമാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഹൈന്ദവ സമാജം ഈ വെല്ലുവിളികളെ ക്രിയാത്മകമായി പ്രതിരോധിക്കണം. പ്രേമക്കുരുക്കില്‍പ്പെടുത്തി പെണ്‍കുട്ടികളുടെ ജീവിതത്തെ ഹനിക്കുന്ന കുതന്ത്രങ്ങള്‍ക്കെതിരെയും ഹൈന്ദവ ജാഗരണം അടിയന്തരമാണ്. വിദ്യാര്‍ജനവും ഗവേഷണവും വിശേഷപ്പെട്ട കഴിവുകളുടെ ആവിഷ്‌ക്കാരവും ലഹരിയാവണം. സാമൂഹ്യ സേവന പ്രതിബദ്ധത കൊണ്ട് യുവജന ഉത്സാഹത്തെ ശോഭന ഗതിയില്‍ നയിക്കാന്‍ കുടുംബങ്ങള്‍ക്ക് കഴിയണമന്നും സ്വാമികള്‍ ഉദ്‌ബോധിപ്പിച്ചു.
വൈകിട്ട് 5 മണിയോടെ എറണാകുളം ശിവക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് സംന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിലാണ് താളമേള വാദ്യങ്ങളോടെ യാത്ര ആരംഭിച്ചത്. ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച് യോഗം നടക്കുന്ന രാജേന്ദ്ര മൈതാനിയിലേയ്ക്ക് ആനയിച്ചു.
ധര്‍മ്മ സന്ദേശ യാത്ര എറണാകുളം ജില്ലാ സ്വാഗതം സംഘം ചെയര്‍മാന്‍ പി. രാമചന്ദ്രന്‍(വേണു) അധ്യക്ഷനായ യോഗത്തില്‍ സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ ദീപപ്രോജ്വലനം നിര്‍വഹിച്ചു. മാര്‍ഗ്ഗദര്‍ശക് മണ്ഡല്‍ ജനറല്‍ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി ആമുഖഭാഷണവും, സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമികള്‍ അനുഗ്രഹ പ്രഭാഷണവും നിര്‍വഹിച്ചു. സ്വാമി അധ്യാത്മാനന്ദ സരസ്വതി ധര്‍മ്മ പ്രതിജ്ഞയും, സ്വാമി ശിവ സ്വരൂപാനന്ദ സ്വാഗതവും, സ്വാമി അനഘാമൃതാനന്ദ പുരി കൃതഞ്ജതയും രേഖപ്പെടുത്തി. ധര്‍മ്മ സന്ദേശ യാത്രയില്‍ ഭാഗമായി സ്വാമി അയപ്പദാസ്, സ്വാമി വേദാമൃതാനന്ദ സരസ്വതി, സ്വാമിനി വിഷ്ണു പ്രിയാനന്ദ സരസ്വതി, സ്വാമി ശാരദാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി പ്രണവാനന്ദ സരസ്വതി, സ്വാമി രാജാനന്ദ സരസ്വതി, സ്വാമി ഭാസ്‌ക്കരാനന്ദ സരസ്വതി, സ്വാമി നിത്യസായീശ്വരാനന്ദ സരസ്വതി, സ്വാമി ഗുരുപ്രസാനന്ദ സരസ്വതി, സ്വാമി കൈലാസാനന്ദ സരസ്വതി, സ്വാമി മംഗളാനന്ദ സരസ്വതി, സ്വാമി വിശ്വാസന്ദ സരസ്വതി, സ്വാമിനി പൂജാനന്ദപുരി, സ്വാമിനി മീരാനന്ദ പുരി, സ്വാമി യോഗാനന്ദ പുരി, സ്വാമി മണികണ്ഠ സരസ്വതി, സ്വാമി പ്രണവ സ്വരൂപാനന്ദ, സ്വാമിനി ശിവപ്രിയാനന്ദ സരസ്വതി, സ്വാമി ശിവധര്‍മാനന്ദ സരസ്വതി, സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി, എന്നിവര്‍ പങ്കെടുത്തു. ധര്‍മ്മ സന്ദേശ യാത്ര നാളെ ഇടുക്കി ജില്ലയിലേയ്ക്ക് പ്രവേശിക്കും.
Discussion about this post