തിരുവനന്തപുരം: സനാതന ധര്‍മ്മം നശിപ്പിക്കുക എന്നത് ജന്മദൗത്യമായി ഏറ്റെടുത്തവരാണ് ക്ഷേത്രങ്ങള്‍ ഭരിക്കുന്നതെന്ന് ഹിന്ദുഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍. ഹിന്ദുഐക്യവേദിയുടെയും അയ്യപ്പസേവാ സമാജത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹിന്ദുസംഘടനാ നേതാക്കളുടെ സെക്രട്ടേറിയറ്റ് ധര്‍ണയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല ടീച്ചര്‍.
സനാതന ധർമ്മം നശിപ്പിക്കാൻ ആചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നു. ക്ഷേത്രമുതലുകള്‍ കൊള്ളചെയ്യുന്നു. വിശ്വാസത്തെ അധിക്ഷേപിക്കുകയും വിശ്വാസികളെയും ഹൈന്ദവ സംഘടനകളെയും ക്ഷേത്രങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. കാവിക്കൊടിയെയും ഓംകാരത്തെയും വിലക്കുന്നു. ക്ഷേത്രങ്ങളിലെ സ്വര്‍ണവും പണവും കൊള്ളയടിക്കുന്ന അഭിനവ മുഗളന്മാരുടെയും ടിപ്പുവിന്റെയും പിന്‍ഗാമികള്‍ ഭരിക്കുന്ന കേരളത്തില്‍ ഇനിയും നിസംഗരായിരിക്കാന്‍ ഹിന്ദുക്കള്‍ക്കാവില്ല.
ശബരിമലയില്‍ നിന്ന് സ്വര്‍ണപാളി, കട്ടിള, താഴികക്കുടം, ചുമര് തുടങ്ങിയവയെല്ലാം സമയബന്ധിതമായി കടത്തിക്കൊണ്ടുപോയി. ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ മോഷണവും ആചാരലംഘനവും നടക്കാത്ത ഒരിടവുമില്ല. സ്വര്‍ണം മാത്രമല്ല ഹെക്ടര്‍ കണക്കിന് ഭൂമിയും നഷ്ടമായിട്ടുണ്ട്. ആയിരക്കണക്കിന് ക്ഷേത്രഭൂമി നഷ്ടമായതിന്റെ കണക്കുകള്‍ നിയമസഭയില്‍ നിരത്തിയിട്ടും അതുസംരക്ഷിക്കാന്‍ ഒറ്റവരി പ്രമേയം പോലും പാസാക്കാന്‍ തുനിഞ്ഞില്ല. എന്നാല്‍ വഖഫ് ചൂണ്ടിക്കാണിക്കുന്ന ഭൂമിയെല്ലാം അവരുടെ പേരിലാക്കാനുള്ള നീക്കത്തെ തടയുന്ന വഖഫ് ഭേദഗതിക്കെതിരെ നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കുന്നതും നമുക്ക് കാണേണ്ടിവന്നുവെന്നും കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.
വെള്ളിമല ആശ്രമം മഠാധിപതി ചൈതന്യാനന്ദ മഹാരാജ് ഭദ്രദീപം തെളിയിച്ച് നാളികേരമുടച്ച് ധര്‍ണ ഉദ്ഘാടനം ചെയ്തു. ജാതിക്കും രാഷ്‌ട്രീയത്തിനും അതീതമായി ഹിന്ദുഒരുമിച്ചാല്‍ ക്ഷേത്രം കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ശബരിമല കൊള്ളയടിക്കാന്‍ അവസരമൊരുക്കിയതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒട്ടും ഇഷ്ടമല്ലാത്തത് ശബരിമലയും അയപ്പനും വിശ്വാസവുമാണ്. ഏറ്റവും ഇഷ്ടം സ്വര്‍ണവും. ലോകത്തില്‍ ആര്‍ക്കും ഇല്ലാത്ത ആഗ്രഹമാണ് മുഖ്യമന്ത്രിക്ക് സ്വര്‍ണത്തോട്. അയ്യപ്പന്‍ കേരളത്തിന് മാത്രമല്ല തങ്ങളുടെയും കുടുംബ ദൈവമാണെന്നും അദ്ദേഹം പറഞ്ഞു.
പന്തളംകൊട്ടാരം മുന്‍ സെക്രട്ടറിയും ശബരിമല അയ്യപ്പസേവാസമാജം പ്രസിഡന്റുമായ നാരായണവര്‍മ്മ അധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു, വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കരി, വൈസ്പ്രസിഡന്റ് ഇ.എസ്.ബിജു, ക്ഷേത്രസംരക്ഷണസമിതി വൈസ്പ്രസിഡന്റ് ജി.കെ. സുരേഷ്ബാബു, ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേശ്, കെപിഎംഎസ് പ്രസിഡന്റ് പ്രസിഡന്റ്, വിശ്വകര്‍മ്മ ഐക്യവേദി ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍, വാണിയ സമുദായ സമിതി പ്രസിഡന്റ് അഡ്വ. ഷാജി പയനൂര്‍, ആള്‍കേരള ബ്രാഹ്മണസമാജം പ്രസിഡന്റ് ബിജു എന്‍. പൈ, ഐക്യ മലയരയ മഹാസംഘ് വൈസ് പ്രസിഡന്റ് സുബിന്‍ വി. അനിരുദ്ധന്‍, വിരാട് സമസ്ത വിശ്വകര്‍മ്മസഭ പ്രസിഡന്റ് വിഷ്ണുഹരി, കേരള ഗണക കണിശസഭ പ്രസിഡന്റ് പാച്ചല്ലൂര്‍ അശോകന്‍ തുടങ്ങി വിവിധ ഹിന്ദുസംഘടനാ നേതാക്കള്‍ സംസാരിച്ചു. നൂറിലധികം ഹിന്ദുസംഘടനകളില്‍ നിന്നും പ്രതിനിധികള്‍ ധര്‍ണയില്‍ പങ്കെടുത്തു.
Discussion about this post