കോഴിക്കോട്: തപസ്യ കലാസാഹിത്യവേദിയെ ദീര്‍ഘകാലം നയിച്ച മഹാകവി അക്കിത്തം, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ എന്നിവരെ അനുസ്മരിച്ച് തപസ്യ കോഴിക്കോട് ജില്ലാ സമിതിയുടെ ‘അമൃതസ്മൃതി’. തപസ്യ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തിനു വേണ്ടി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്ത മൂന്ന് മഹാത്മാക്കളാണ് മഹാകവി അക്കിത്തവും പ്രൊഫ. തുറവൂര്‍ വിശ്വംഭരനും പ്രൊഫ. മേലത്തുമെന്ന് അമൃതസ്മൃതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു.
ത്യാഗനിഷ്ഠമായി തപസ്യക്കു വേണ്ടി പ്രവര്‍ത്തിച്ചവരാണ് മൂവരും. ആധുനിക കേരളത്തെ സൃഷ്ടിച്ച ചരിത്രഘട്ടമായിരുന്നു അക്കിത്തത്തിന്റെ കൗമാര, യൗവന കാലഘട്ടം. പ്രശസ്തരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്കൊപ്പം ജീവിച്ചയാളാണ് അദ്ദേഹം. ഒരു എഴുത്തുകാരന്‍ എന്നതിനപ്പുറം സാമൂഹ്യ നവോത്ഥാനത്തിന്റെ സാക്ഷിയും പങ്കാളിയും എന്ന നിലയിലും അക്കിത്തത്തിന് പ്രസക്തിയുണ്ട്. സാഹിത്യത്തിലും ദര്‍ശനത്തിലും വൈദ്യത്തിലും ജ്യോതിഷത്തിലുമൊക്കെ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരനെ തപസ്യയുടെ പ്രവര്‍ത്തനത്തിലേക്ക് വന്നതോടെയാണ് സാധാരണക്കാര്‍ അറിഞ്ഞു തുടങ്ങിയത്. പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ തപസ്യയിലെത്തുന്നതിന് മുമ്പ് തന്നെ അറിയപ്പെടുന്ന കവിയും നിരൂപകനുമായിരുന്നു. ഇവരെല്ലാം തപസ്യ പിന്തുടരുന്ന സാംസ്‌കാരിക ആദര്‍ശത്തിന്റെ ആള്‍രൂപമായി മാറുകയായിരുന്നു എന്നും സഞ്ജയന്‍ പറഞ്ഞു.
ചടങ്ങില്‍ സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ അധ്യക്ഷത വഹിച്ചു. അമൃതകീര്‍ത്തി പുരസ്‌കാരം നേടിയ പി.ആര്‍. നാഥനെ ആര്‍. സഞ്ജയന്‍ ഉപഹാരം നല്‍കി ആദരിച്ചു. തപസ്യ കേന്ദ്ര ഭരണസമിതി അംഗം എം. സതീശന്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന കാവ്യാര്‍ച്ചന മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗോപിക ഹരിഗോവിന്ദ് അക്കിത്തത്തിന്റെ കവിത ചൊല്ലി. തപസ്യ ജില്ല ഉപാധ്യക്ഷന്‍ ഡോ. മഹേഷ് സ്വാഗതവും ജില്ല സെക്രട്ടറി ഗോപി കൂടല്ലൂര്‍ നന്ദിയും പറഞ്ഞു. സുവര്‍ണ മുല്ലപ്പള്ളി നാന്ദിഗീതം അവതരിപ്പിച്ചു.
Discussion about this post