ഭാരതത്തിന്റെ ഭൂതകാലത്തേക്ക് നോക്കുമ്പോള്‍ ഏറ്റവും ദര്‍ശനീയമായി ഭവിക്കുന്നത് ഈ രാഷ്‌ട്രത്തിന്റെ അതിഭീമമായ പ്രാണബലമാണെന്ന് മഹര്‍ഷി അരവിന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വേദ ഇതിഹാസങ്ങളിലും തത്വശാസ്ത്രങ്ങളിലും കലയിലും കവിതകളിലും ആചാരങ്ങളിലും യോഗ ശാസ്ത്രങ്ങളിലും ഭൗതിക രംഗത്ത് നാം കാണുന്ന ദൃശ്യവിസ്മയങ്ങളിലും എല്ലാം ഈ പ്രാണബലം ത്രസിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ നമ്മുടെ നാടിന്റെ ദാര്‍ശനിക പാരമ്പര്യത്തെയും ചരിത്രത്തെയും അന്വേഷിക്കാന്‍ ത്യാഗബുദ്ധികളായ അനേകം സാമൂഹ്യ ചിന്തകരും ചരിത്രകാരന്മാരും സാഹിത്യകാരന്മാരും ശ്രമിച്ചിട്ടുണ്ട്. ഏറെ വിജയിച്ചിട്ടുമുണ്ട്. കേരളത്തില്‍ ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, ആഗമാനന്ദ സ്വാമികള്‍ തുടങ്ങിയവര്‍ നമ്മുടെ പ്രാമാണിക ഗ്രന്ഥങ്ങളെക്കുറിച്ചും ദര്‍ശനങ്ങളെ കുറിച്ചും അവയ്‌ക്ക് സാമൂഹ്യ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും പഠിച്ച് സമൂഹത്തിന് ദിശാബോധം നല്‍കുന്ന വിധത്തിലുള്ള സംഭാവനകള്‍ നല്‍കി. ഇവരെല്ലാം അന്വേഷിച്ചതും കണ്ടെത്തി പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും ലോകം മുഴുവന്‍ അറിവിന്റെ അനുഭൂതി പകരാന്‍ പറ്റുന്ന ഒരു ജ്ഞാനശാസ്ത്രം ഈ നാടിനുണ്ട് എന്നു മനസ്സിലാക്കിയിട്ടാണ്. ഈ ഗുരു പരമ്പരയുടെയും സാമൂഹ്യ ചിന്തകരുടെയും ദീര്‍ഘനിരയുടെ ഇങ്ങേയറ്റത്ത് നമ്മോട് സ്‌നേഹപൂര്‍വ്വം സംവദിച്ച് നമ്മുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉചിതമായ ഉത്തരം തന്ന്, നമ്മോടൊപ്പം ജീവിച്ച അതുല്യ പ്രതിഭാശാലിയായ ആചാര്യനായിരുന്നു തുറവൂര്‍ വിശ്വംഭരന്‍.
നമ്മുടെ ഇതിഹാസങ്ങളുടെയും മറ്റ് പ്രാമാണിക ഗ്രന്ഥങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ എന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. രചനയുടെ കര്‍ത്താവ്, രചിക്കപ്പെട്ട സമയവും സന്ദര്‍ഭവും, രചനയുടെ ഉദ്ദേശം, ഇവയെല്ലാം നിരന്തര തര്‍ക്കങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ പലപ്പോഴും പുതിയ തര്‍ക്കങ്ങളിലേക്കും ആഖ്യാനങ്ങളിലേക്കുമാണ് നയിക്കാറുള്ളത്. ഈ രാജ്യത്തിന്റെ ചരിത്രം പഠിക്കാനും, സംസ്‌കാരത്തിന്റെ ഗരിമ ഉള്‍ക്കൊള്ളാനും, ഭൂതകാല സാമൂഹ്യജീവിതത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാനും, എക്കാലവും വിസ്മയങ്ങളായി അവശേഷിക്കുന്ന കഥകളുടെ ആന്തരിക പൊരുള്‍ അറിഞ്ഞു ധര്‍മ്മ ചിന്ത വളര്‍ത്തുവാനും ശ്രമിക്കുമ്പോഴൊക്കെ പഠിതാക്കള്‍ വലിയ ആശയക്കുഴപ്പത്തില്‍ പെട്ടുപോകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ മനസ്സില്‍ വളരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായി തെളിയുന്ന പേരാണ് തുറവൂര്‍ വിശ്വംഭരന്‍.
മഹാഭാരതത്തിന്റെ വ്യാഖ്യാനത്തിലൂടെയും നിരന്തരം നടത്തിവന്നിരുന്ന പ്രഭാഷണങ്ങളിലൂടെയും നിരവധി സംഘടനകളുടെ ചുമതലക്കാരനായിരുന്നുകൊണ്ടും അദ്ദേഹം നടത്തിയ ജ്ഞാനയജ്ഞതുല്യമായ പ്രവര്‍ത്തനം സമാനതകളില്ലാത്തതാണ്. മൂവായിരത്തോളം ഭാഗങ്ങളായി അമൃത ടെലിവിഷന്‍ ചാനലില്‍ അവതരിപ്പിച്ച ‘ഭാരത ദര്‍ശനം’ ലോകമെമ്പാടും ആയിരക്കണക്കിന് പ്രേക്ഷകരെ ആകര്‍ഷിച്ച പരിപാടി ആയിരുന്നു. ടെലിവിഷന്‍ ചരിത്രത്തില്‍ ഇത്ര ദൈര്‍ഘ്യമേറിയ മാധ്യമ ചര്‍ച്ച അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്ന അപൂര്‍വത മാത്രമല്ല ഒരു അവലംബത്തിന്റെയും സഹായമില്ലാതെ നടത്തിയ വാങ്മയ വിസ്മയം എന്ന നിലയ്‌ക്കാണ് അത് ശ്രദ്ധിക്കപ്പെട്ടത്. ജഞാനപരമായ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്ന ഭാഷയും തര്‍ക്ക ചിന്തകളും ശ്രോതാക്കളുടെ മനസ്സില്‍ വലിയ സ്വാധീനം ചെലുത്തി.
ഇതിഹാസത്തിന്റെയും പുരാണങ്ങളുടെയും ഇതിവൃത്തവും അതിലെ ഗുപ്തദര്‍ശനങ്ങളും സാധാരണക്കാര്‍ക്ക് പോലും പകര്‍ന്ന് കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു ഭാരതത്തിന്. അവയില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് അമാനുഷരെന്ന് നമുക്ക് ഇന്ന് തോന്നുന്ന മഹാപ്രതിഭാശാലികള്‍ ഏറെയുണ്ടായിരുന്നു നമ്മുടെ നാട്ടില്‍. പക്ഷേ ആ കാലത്തെപ്പോലെ കഥയുടെ കാതല്‍ പറഞ്ഞുകൊടുക്കാന്‍ ഇന്ന് നമുക്ക് ‘സൂത’ന്മാരോ ‘മാഗധ’ ന്മാരോ ഇല്ല. ഈ സാമൂഹ്യ പശ്ചാത്തലത്തില്‍ വേണം ‘മഹാഭാരതപര്യടനം: ഭാരത ദര്‍ശനം പുനര്‍വായന’ എന്ന വിശ്വംഭരന്‍ മാഷിന്റെ ഗ്രന്ഥത്തെ നാം സമീപിക്കേണ്ടത്. രാഷ്‌ട്രത്തിന്റെ സംസ്‌കൃതിയെ അന്വേഷിക്കുന്നവര്‍ക്കും ധര്‍മ്മ സങ്കല്‍പ്പത്തിന്റെ പ്രാധാന്യം അറിയുന്നവര്‍ക്കും വലിയ പ്രതീക്ഷയും സംതൃപ്തിയും നല്‍കിക്കൊണ്ടാണ് ഈ ഗ്രന്ഥം വായിക്കപ്പെട്ടത്. വളരെ ധീരമായ ഒരു കാല്‍വയ്‌പ്പായിരുന്നു അത്. ഉപനിഷത്ത് ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മഹാഭാരതത്തിന്റെ ധര്‍മ്മ ചിന്തയില്‍ ഊന്നിയ അന്തസത്ത ജനമനസ്സുകളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് വിശ്വംഭരന്‍ മാഷ് നടത്തിയത്.
ഈ നാടിന്റെ സംസ്‌കാരത്തെ സ്‌നേഹിക്കുന്നവരുടെ തെറ്റിദ്ധാരണകളെ തിരുത്തി കൊണ്ടാണ് ഈ പുനര്‍വായന നമ്മുടെ നാട്ടില്‍ എങ്ങും ചര്‍ച്ച ചെയ്യപ്പെട്ടത്. നമ്മളെ അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ് അതില്‍ ഉടനീളം ഉള്ളത്. യഥാര്‍ത്ഥത്തില്‍ മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള ഒരു മഹാ നാടകം ആയിട്ടാണ് ഈ ഇതിഹാസത്തെ കാണേണ്ടത്. ഇത് കലയുടെയും ദര്‍ശനത്തിന്റെയും കാവ്യത്തിന്റെയും അഭൗമമായ സൗന്ദര്യം വിശദീകരിക്കുകയും, മനസിലേക്ക് അത്ഭുതകരമായ അനുഭൂതി നിറയ്‌ക്കുകയും ചെയ്യുന്ന ഗ്രന്ഥമായി തിരിച്ചറിയണം എന്നതാണ് ഈ പുനര്‍വായനക്കാരന്റെ ലക്ഷ്യം. സാധാരണ മനുഷ്യര്‍ നിത്യജീവിതത്തില്‍ സത്യ ധര്‍മ്മങ്ങള്‍ പാലിക്കുവാനും, അത് ജീവിതത്തെ പുഷ്‌കലമാക്കുവാനും ഈ ഗ്രന്ഥത്തിലെ കഥാസന്ദര്‍ഭങ്ങള്‍ ഉചിതമായി ഉപയോഗിക്കപ്പെടണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.
സത്യവതിയോടുള്ള പ്രണയാവേശ കൂടുതല്‍ കൊണ്ട് ശന്തനു മഹാരാജാവ് ഗംഗാദത്തനോട് ദുഃഖഹേതുവിന്റെ കാരണം വിശദീകരിച്ചപ്പോള്‍ സാമ്രാജ്യത്തിന്റെ ഭാവിയോര്‍ത്ത് വ്യസനിക്കുന്നു എന്നു ‘കള്ളം’ പറയുമ്പോഴും, സാമ്രാജ്യം വേണ്ടെന്നു വച്ചിട്ടും ‘എന്റെ രാജ്യം’ എന്ന് ആവര്‍ത്തിച്ചു പറയുന്ന യശ്ശകാമനായ ഭീഷ്മരുടെ ത്യാഗത്തിന്റെ അപൂര്‍ണ്ണതയെ കുറിച്ച് വിവരിക്കുമ്പോഴും, ശകുനിയുടെ മനസിലെ വിപരീത ദര്‍ശനം വര്‍ദ്ധിച്ച് വരുന്നത് തുറന്നുകാട്ടുമ്പോഴും, ആരാണോ രാഷ്‌ട്രത്തെ സ്ഥിരമായി ധരിച്ചു കൊണ്ടിരിക്കുന്നത് അയാള്‍ ധൃതരാഷ്‌ട്രര്‍ എന്നു പറഞ്ഞ് ധൃതരാഷ്‌ട്രരുടെ അധികാര ആസക്തിയെ വിമര്‍ശിക്കുമ്പോഴും, ത്യാഗം, കാമം, വിരക്തി, സ്‌നേഹം എന്നിവയ്‌ക്ക് അനേകം ഉദാഹരണങ്ങള്‍ നിരത്തുമ്പോഴും, വായനക്കാരായ നമ്മുടെയെല്ലാം ഉള്ളില്‍ ധര്‍മ്മ സങ്കല്പത്തിന്റെ നൂതനമായ നൂറു നൂറു പാഠങ്ങള്‍ അനാവരണം ചെയ്യപ്പെടുകയാണ്. തന്റെ മഹാഭാരതത്തിന്റെ വ്യാഖ്യാനത്തിന് ഭാഷയുടെയും വ്യാകരണത്തിന്റെയും ന്യായത്തിന്റെയും സത്യധര്‍മ്മാദികളുടെയും പൂര്‍ണ പിന്തുണയുണ്ട് എന്ന് അഭിമാനത്തോടെ തുറന്നു പറയുകയാണ് ഗ്രന്ഥകാരന്‍. ഒരു ഗ്രന്ഥത്തിന്റെ വ്യാഖ്യാനം ആ ഗ്രന്ഥത്തിന്റെ അടിസ്ഥാന ഉദ്ദേശങ്ങള്‍ക്കും അതിന്റെ അടിസ്ഥാന സത്തയ്‌ക്കും എതിരാവാന്‍ പാടില്ല എന്ന് വിശ്വസിക്കുകയും അത് സമര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനത്തെക്കുറിച്ച് തുറന്നു പറയാനും വിശ്വംഭരന്‍ മാഷ് മടിച്ചില്ല. മാരാര്‍ക്ക് ദാര്‍ശനിക ജ്ഞാനത്തിന്റെ അഭാവം ഉണ്ടായിരുന്നു എന്നതാണ് കുറവായിട്ട് ചൂണ്ടിക്കാട്ടിയത്. മാരാരുടെ കൃതി, അതിന് ഉപയോഗിച്ച ഭാഷയുടെ വശ്യത കൊണ്ട് നമ്മെ അതിയായി ആകര്‍ഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുമെങ്കിലും നമ്മുടെ ചിന്തയെ പ്രതിരോധിക്കും എന്ന സത്യം പലരും മനസ്സിലാക്കിയിരുന്നില്ല എന്നു തുറന്നു പറയുന്നു അദ്ദേഹം. മാരാരുടെ ഭാരതപര്യടനം എന്ന ഗ്രന്ഥത്തെ വിമര്‍ശിക്കുമ്പോഴും അദ്ദേഹത്തിന്റെ പിന്നീടുള്ള ഗ്രന്ഥങ്ങളില്‍ വലിയ ചിന്താപരമായ മാറ്റം പ്രകടമാണ് എന്ന് വിശ്വംഭരന്‍ മാഷ് വീക്ഷിക്കുന്നുണ്ട്. ‘ഋഷിപ്രസാദം’, ‘ശരണാഗതി’ തുടങ്ങിയ പില്‍ക്കാല ഗ്രന്ഥങ്ങളില്‍ ദാര്‍ശനികമായി കൂടുതല്‍ അറിവും കരുത്തും നേടിയ എഴുത്തുകാരനായി കുട്ടികൃഷ്ണമാരാര്‍ മാറുന്നത് കാണാം. മാരാര്‍ക്ക് പറ്റിയ വിലോപങ്ങള്‍ അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും, തിരുത്തപ്പെടേണ്ടതായി ചിലതുണ്ട് എന്നു സമ്മതിച്ചിരുന്നതായും, താനല്ല തിരുത്തേണ്ടത് അത് കാലം ചെയ്തുകൊള്ളും എന്ന് അഭിപ്രായപ്പെട്ടതും മാരാര്‍ എന്ന ശ്രേഷ്ഠ വിമര്‍ശകന്റെ മനസ്സിന്റെ വലിപ്പം തുറന്നുകാട്ടുന്നു.
അശ്വമേധത്തെക്കുറിച്ച് മാഷിന്റെ വളരെ ശ്രദ്ധേയമായ ഒരു വ്യാഖ്യാനം ഉണ്ട്. അശ്വമേധം എന്നത് സത്യാന്വേഷണമാണ് എന്നാണ് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത്. പ്രപഞ്ച രഹസ്യത്തെ അറിയാന്‍ മസ്തിഷ്‌കത്തെ മധിക്കുന്നതിന്റെ പ്രതീകമാണ് അശ്വമേധം എന്ന വാക്ക്. തുറവൂര്‍ വിശ്വംഭരനില്‍ നാം കാണുന്നത് ധര്‍മ്മത്തിന്റെ ബലം ആവേശിച്ച ഒരു വ്യക്തിത്വമായിട്ടാണ്. ആ ബലത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ആര്‍ജ്ജിച്ച ഊര്‍ജ്ജവും ആത്മവിശ്വാസവും സംഭരിച്ച ജ്ഞാന സമ്പത്തും ഒരു സമൂഹത്തിന്റെ ധര്‍മ്മ ചിന്തകളെ കുറിച്ചുള്ള തിരിച്ചറിവിന് വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. ഭാരത ദര്‍ശനത്തിന്റെ ഉള്‍ക്കരുത്ത് ഉള്‍ക്കൊണ്ട് ഷഡ് ദര്‍ശനങ്ങളെക്കുറിച്ചും രാമായണത്തെക്കുറിച്ചും ഭാഗവത സംബന്ധമായ വിഷയങ്ങളെക്കുറിച്ചും വിശ്വംഭരന്‍ മാഷ് സംസാരിക്കുമ്പോള്‍ അത് അറിവിന്റെ മഹോത്സവമായി ആഘോഷിക്കുന്ന അനേകം സഹൃദയരെ കണ്ടിട്ടുണ്ട്.
അമ്പരപ്പിക്കുന്ന വേഗതയിലാണ് അദ്ദേഹം ചോദ്യങ്ങള്‍ക്കുള്ള മറുപടി കൊടുത്തിരുന്നത്. ജാക്വിസ് ദെരീദയുടെ ‘അപനിര്‍മ്മാണ’ത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പടിഞ്ഞാറ് പ്രയോഗിച്ച് ഉപേക്ഷിക്കപ്പെട്ട ഇത്തരം ഭാഷാ ശാസ്ത്രസംബന്ധമായ ആശയങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക്മുമ്പ് ഭാരതത്തിലെ ഭര്‍തൃഹരിയെ പോലെയുള്ള പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ കാണാം എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഗ്രീക്ക് തത്വചിന്തയുടെയും പ്ലേറ്റോയെ പോലെയുള്ള രാഷ്‌ട്ര സൈദ്ധാന്തികന്മാരുടെയും കൃതികള്‍ ആഴത്തില്‍ മനസ്സിലാക്കിയിരുന്ന അദ്ദേഹം പില്‍ക്കാലത്ത് പടിഞ്ഞാറുണ്ടായ ആധുനിക ഉത്തരാധുനിക ചിന്തകളെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.
തപസ്യയോടൊപ്പം നിരവധി വര്‍ഷക്കാലം അദ്ദേഹം സഞ്ചരിച്ചു. മുന്നില്‍നിന്നു നയിച്ചു. തെളിഞ്ഞ ചിന്തയുടെയും തികഞ്ഞ ബോധ്യത്തിന്റെയും ഫലമായ ശക്തമായ നിലപാടുകള്‍ അന്നെല്ലാം സംഘടനയ്‌ക്ക് വലിയ ആശ്രയമായിരുന്നു. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും. ജ്ഞാനത്തിന്റെ ബലവും ധര്‍മ്മത്തിന്റെ ധീരതയും ആയിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ആ സ്‌നേഹവും സൗഹൃദവും അറിയാനും ആസ്വദിക്കുവാനും സാധിച്ചവര്‍ വലിയ ഭാഗ്യവാന്മാര്‍.
വ്യാസന്‍, കാളിദാസന്‍ തുടങ്ങിയവരുടെ ദര്‍ശനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു ധര്‍മ്മ വ്യവസ്ഥക്ക് വഴങ്ങിക്കൊടുക്കുക എന്നത് ഏറ്റവും ശ്രേഷ്ഠമായ കാര്യമാണ് എന്ന് ഉറച്ചു വിശ്വസിക്കുകയും, അതിനനുസരിച്ച് തന്റെ ജീവിതത്തെയും ചിന്തകളെയും ക്രമപ്പെടുത്തുകയും ചെയ്ത, അറിവിന്റെ ഉപാസകനായിരുന്നു തുറവൂര്‍ വിശ്വംഭരന്‍. അദ്ദേഹത്തെ കുറിച്ചുള്ള ദീപ്തമായ ഓര്‍മ്മകള്‍ ഈ സംസ്‌കൃതിയെ സ്‌നേഹിക്കുന്ന എല്ലാവരുടെയും മനസ്സിന് ഊര്‍ജ്ജം പകരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
Discussion about this post