സംഘപ്രവര്‍ത്തനം തപസ്യയാക്കി: എസ്. സേതുമാധവന്‍
കൊച്ചി: സംഘ പ്രവര്‍ത്തനം സംഘടനാ പ്രവര്‍ത്തനമല്ല, നാടിനുചെയ്യുന്ന തപസായിട്ടാണ് പി.ഇ.ബി. മേനോന്‍ കണ്ടതെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ പറഞ്ഞു. നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്റെ ശ്രദ്ധാഞ്ജലി സമ്മേളനത്തില്‍ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓരോ പ്രവര്‍ത്തനവും അനുഷ്ഠാനമായിട്ടാണ് കണ്ടിരുന്നത്. പ്രൗഢാവസ്ഥയിലായിരുന്നു അദ്ദേഹം സംഘവുമായി ബന്ധപ്പെട്ടത്. സംഘത്തിന്റെ മൂന്നാം വര്‍ഷ സംഘശിക്ഷാവര്‍ഗുകള്‍ ഉള്‍പ്പെടെയുള്ളവ അദ്ദേഹം വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കിയിരുന്നു. സ്വയം സംഘശിക്ഷാവര്‍ഗുകള്‍ പൂര്‍ത്തിയാക്കാതെ സ്വയം സേവകരോട് പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സംഘജീവിതത്തിലും കുടുംബജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും നീതി പുലര്‍ത്തുവാന്‍ അദ്ദേഹത്തിനായി. അസാധ്യം എന്ന വാക്ക് ജീവിതത്തിലുണ്ടായിരുന്നില്ല. ജന്മഭൂമി കത്തിനശിച്ചപ്പോള്‍ ഒരു ദിവസം പോലും മുടങ്ങരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഉത്സാഹത്തോടെ എല്ലാവര്‍ക്കും ആത്മധൈര്യം പകരുവാനുള്ള കഴിവ് പ്രത്യേകതയായിരുന്നു. ഏറ്റെടുത്തതെല്ലാം പൂര്‍ണവിജയത്തിലെത്തിക്കാനുള്ള കര്‍മ്മകുശലത അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എല്ലാവര്‍ക്കും പ്രേരണാസ്രോതസായി അദ്ദേഹം നിലകൊണ്ടിരുന്നു. സ്വന്തം ജീവിതത്തിലും അദ്ദേഹമത് പ്രാവര്‍ത്തികമാക്കി. നാം ഏറ്റെടുത്ത സംഘദൗത്യം പൂര്‍ത്തിയാക്കാന്‍ പ്രതിജ്ഞയെടുക്കലാണ് ശ്രദ്ധാഞ്ജലിയെന്നും അദ്ദേഹം പറഞ്ഞു.

പൊതുസമൂഹവും മാര്‍ഗദര്‍ശിയായി കണ്ടു: ഡോ. ജഗദംബിക
കൊച്ചി: സംഘത്തില്‍ ഇല്ലാത്തവര്‍ പോലും പി.ഇ.ബി. മേനോനെ മാര്‍ഗദര്‍ശിയായി കണ്ടിരുന്നുവെന്ന് ഡോ. ജഗദംബിക. വലിയ ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ചുമതല ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള കഴിവ് അപാരമായിരുന്നു. തന്റെ കുടുംബവുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സംഘനിഷ്ഠയിലായിരുന്നു എന്നും അദ്ദേഹം ജീവിച്ചിരുന്നതെന്നും ശ്രദ്ധാഞ്ജലി ചടങ്ങില്‍ അവര്‍ പറഞ്ഞു.
വിഷമഘട്ടങ്ങളില്‍ താങ്ങും തണലുമായി: കുമ്മനം

നെടുമ്പാശേരി:വിഷമഘട്ടങ്ങളില്‍ എന്നും താങ്ങും തണലുമായിനിന്ന വ്യക്തിത്വമായിരുന്നുപി.ഇ.ബി. മേനോന്റേതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം കുമ്മനം രാജശേഖരന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അദ്ദേഹത്തിന് പ്രൊഫഷണലിസമുണ്ട്. ആദര്‍ശാത്മക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നിലയ്‌ക്കല്‍ പ്രക്ഷോഭകാലത്ത് പരമേശ്വര്‍ജിക്കൊപ്പം ചര്‍ച്ച നടത്തിയിരുന്നു. പ്രക്ഷോഭം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞുതന്നു. പാലിയം വിളംബരത്തിനായി വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട സാമുദായിക, വൈദിക പണ്ഡിതര്‍ക്കിടയില്‍ സമന്വയം ഉണ്ടാക്കുവാന്‍ അദ്ദേഹം കാണിച്ച സാമര്‍ത്ഥ്യം വിലപ്പെട്ടതായിരുന്നു. എപ്പോഴും ഓര്‍ക്കാന്‍ കഴിയുന്ന പ്രചോദനമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും കുമ്മനം പറഞ്ഞു.
പൊതുസമൂഹത്തില്‍ സംഘത്തെക്കുറിച്ച് ആദരവുണ്ടാക്കി: സജി നാരായണന്‍
നെടുമ്പാശേരി: പൊതുപ്രവര്‍ത്തകന്‍ എങ്ങനെ പ്രവര്‍ത്തിക്ക ണമെന്നതിന്റെ ജീവിതമാതൃകയാണ് പി.ഇ.ബി. മേനോനെന്ന് ബിഎംഎസ് അഖില ഭാരതീയ കാര്യകാരി അംഗം അഡ്വ. സജി നാരായണന്‍.

സംഘത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ ആദരവുണ്ടാക്കുവാന്‍ അദ്ദേഹത്തിനായി. എല്ലാ മേഖലകളിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിരുന്നു. നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും മുന്നോട്ടു നയിക്കുവാനും അദ്ദേഹത്തിനായി. എപ്പോഴും അദ്ദേഹത്തിന്റെ മനസില്‍ ഒരു രൂപരേഖയുണ്ടായിരുന്നു. ജന്മഭൂമി ദിനപത്രത്തെക്കുറിച്ച് ഈ മേഖലയിലെ പ്രമുഖരായ ആളുകള്‍ പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എത്രയും വേഗം അടച്ചുപൂട്ടുന്നതാണ് നല്ലതെന്നതായിരുന്നു. എന്നാല്‍ ജന്മഭൂമിയെ സധൈര്യം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിനായി. എത് വെല്ലുവിളികളെയും നേരിട്ട് മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നതായി പി.ഇ.ബി. മേനോന്‍ ശ്രദ്ധാഞ്ജലി ചടങ്ങില്‍ സജി നാരായണന്‍ പറഞ്ഞു.
അനുകരണീയ വ്യക്തിത്വം: ജസ്റ്റിസ് നഗരേഷ്
കൊച്ചി: അനുകരണീയമായ രാജകീയ പ്രൗഢിയുള്ള വ്യക്തിത്വമായിരുന്നു പി.ഇ.ബി. മേനോന്റേതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ്.

പി.ഇ.ബി. മേനോന്റെ ശ്രദ്ധാഞ്ജലി ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആത്മവിശ്വാസത്തിന്റെ ഉത്തുംഗ ശൃംഗമായിരുന്നു അദ്ദേഹം. തന്റെ പ്രവൃത്തി മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് എങ്ങനെ സാമൂഹ്യ പരിവര്‍ത്തനം നടപ്പിലാക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രൊഫഷന്‍ സമൂഹനന്മയ്‌ക്കായിരിക്കണമെന്നും ധനസമാഹരണത്തിനായിരിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ രാജ്യത്തിന്റെ സമ്പദ്ഘടന സംരക്ഷിക്കുന്ന ഭടന്മാരായിരിക്കണമെന്ന് അദ്ദേഹം കാണിച്ചുതന്നു. അതിര്‍ത്തിയില്‍ രാജ്യത്തെ കാക്കുന്ന ഭടന്മാരെ പോലെയായിരിക്കണം സിഎക്കാര്‍. ഈ മേഖല സമൂഹത്തിന്റെ മാറ്റത്തിനായി ഉപയോഗിച്ചു. കെപിഎഫും ലാഭത്തിനല്ല സമൂഹത്തിന്റെ നന്മയ്‌ക്കായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും ജസ്റ്റിസ് പറഞ്ഞു.

സ്മരണാഞ്ജലി അര്‍പ്പിച്ച് സ്വാമി അക്ഷയാത്മാനന്ദ
നെടുമ്പാശേരി: കാലടി ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിക്കാന്‍ സ്ഥലം നല്കിയത് പി.ഇ.ബി. മേനോന്റെ കുടുംബക്കാരായിരുന്നുവെന്ന് മൂവാറ്റുപുഴ ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി അക്ഷയാത്മാനന്ദ പറഞ്ഞു.
കാലടി ആശ്രമത്തിന്റെ ഉപശാഖയാണ് മൂവാറ്റുപുഴ കേന്ദ്രം. പാരമ്പര്യത്തിന്റെ കരുത്തില്‍ ഉയര്‍ന്നുവന്ന അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതായും സ്വാമി പറഞ്ഞു.
Discussion about this post