കൊച്ചി: 28-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. എറണാകുളത്തപ്പന്‍ മൈതാനിയിലൊരുക്കിയ വേദിയില്‍ രാവിലെ 11ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവസമിതി ചെയര്‍മാന്‍ പ്രൊഫ. കെ.വി. തോമസ് അധ്യക്ഷനാകും. മലയാളരത്‌ന പുരസ്‌കാരം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിന് ആനന്ദിബെന്‍ പട്ടേല്‍ സമ്മാനിക്കും. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനവും ഡോ. സി.വി. ആനന്ദബോസിന്റെ 14 പുസ്തകങ്ങളുടെ പ്രകാശനവും മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. കെ.എല്‍. മോഹനവര്‍മ്മ പുസ്തകോത്സവ സന്ദേശം നല്‍കും. ഫ്രഞ്ച് സാഹിത്യകാരി ക്ലാരെ ലെ മൈക്കള്‍ പ്രഭാഷണം നടത്തും. ഇ.എം. ഹരിദാസ്, പി. സോമനാഥന്‍ എന്നിവര്‍ പങ്കെടുക്കും.
മഹാകവി അക്കിത്തത്തിന്റെ നൂറാം വര്‍ഷം പരിപാടിയുടെ ഉദ്ഘാടനം വൈകിട്ട് നാലിന് ഡോ. സി.വി. ആനന്ദബോസ് നിര്‍വഹിക്കും. ജസ്റ്റിസ് എം. രാമചന്ദ്രന്‍ അധ്യക്ഷനാകും. പ്രൊഫ. എ. ഗീത, ഡോ. ലക്ഷ്മി ശങ്കര്‍, അക്കിത്തത്തിന്റെ മകള്‍ ഇന്ദിര അക്കിത്തം എന്നിവര്‍ സംസാരിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന മലയാളഭാഷാ സെമിനാറില്‍ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. വി.എം. മാത്യു ഇലഞ്ഞി, ഡോ. അംബിക എ. നായര്‍ എന്നിവര്‍ സംസാരിക്കും. ഏഴിന് മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രം 75-ാം വാര്‍ഷികം പരിപാടിയില്‍ ഡോ. ടി.എസ്. ജോയ്, സിസ്റ്റര്‍ ഡോ. തെരേസ ആലഞ്ചേരി, രാജേഷ് ജയരാമന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 7.45ന് ഡോ. മണക്കാല ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പ്രേമസംഗീത സദസ് നടക്കും.
എല്ലാ ദിവസവും വിവിധ പരിപാടികളും സംഗമങ്ങളും സെമിനാറുകളും പുസ്തകോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ആര്‍എസ്എസിന്റെ നൂറാം വര്‍ഷം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വര്‍ഷം, വൈക്കം സത്യാഗ്രഹം ആഖ്യാനങ്ങള്‍ക്കപ്പുറം എന്നീ വിഷയങ്ങളിലും സെമിനാറുകള്‍ നടക്കും. നോവല്‍, ബാലസാഹിത്യം, ഹാസ്യ സാഹിത്യം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
നവംബര്‍ എട്ടിന് വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്, കോഴിക്കോട് മുന്‍ കളക്ടര്‍ (കളക്ടര്‍ ബ്രോ) പ്രശാന്ത് നായര്‍, ശ്രീജിത്ത് പണിക്കര്‍, ഡോ. കെ. ജയപ്രസാദ്, ശ്രീമൂലനഗരം മോഹന്‍, ഇ.പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ഈ വര്‍ഷത്തെ കെ. രാധാകൃഷ്ണന്‍ പുരസ്‌കാരം അനില്‍ കാവാലത്തിന് നവംബര്‍ 9 ന് വൈകിട്ട് നാലിന് പായിപ്ര രാധാകൃഷ്ണന്‍ സമര്‍പ്പിക്കും. അമ്പതില്‍പരം പുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. എറണാകുളം പ്രസ്സ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി ഭാരവാഹികളായ പ്രൊഫ. കെ.വി. തോമസ്, ഇ.എന്‍. നന്ദകുമാര്‍, അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍, ഇ.എം. ഹരിദാസ്, കെ. ആനന്ദ ബാബു എന്നിവര്‍ പങ്കെടുത്തു.















Discussion about this post