പത്തനംതിട്ട: കേരളത്തിലെ കാര്‍ഷിക മേഖല അപ്പാടെ തകര്‍ന്നുകിടക്കുമ്പോള്‍, നവംബര്‍ ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ നടത്താനിരിക്കുന്ന അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിനെതിരെ കര്‍ഷകമോര്‍ച്ച സംസ്ഥാന വ്യാപകമായി വായ്‌മൂടിക്കെട്ടി സമരം നടത്തും. കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമാണ്. കുത്തഴിഞ്ഞ ആരോഗ്യമേഖലയും നാഥനില്ലാത്ത പൊതുമരാമത്ത് വകുപ്പും ഉത്തരവാദിത്വമില്ലാത്ത വിദ്യാഭ്യാസ വകുപ്പും തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയും കേരളത്തിലെ സാധാരണക്കാരുടെ ജീവിതം വലിയ ദുരിതത്തിലും ദാരിദ്ര്യത്തിലും എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കര്‍ഷകമോര്‍ച്ച ചൂണ്ടിക്കാട്ടുന്നു.
വസ്തുത ഇതായിരിക്കേ കോടികള്‍ മുടക്കി പരസ്യം നല്‍കി സര്‍ക്കാര്‍ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതി കുറ്റപ്പെടുത്തി. 10 വര്‍ഷമായി കാര്‍ഷിക കടക്കെണിയില്‍പ്പെട്ട് നെല്ലറയായ പാലക്കാട്ടും കുട്ടനാട്ടിലും ഒട്ടേറെ കര്‍ഷകര്‍ ജീവനൊടുക്കി. ഇന്നും അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം കര്‍ഷകരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. തൊഴില്‍ ലഭിക്കാതെ യുവാക്കള്‍ നാടുവിടുന്നു. രൂക്ഷമായ വിലക്കയറ്റവും കുതിച്ചുയരുന്ന പൊതുകടവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നിത്യച്ചെലവുകള്‍ക്കുപോലും കേന്ദ്രത്തില്‍ നിന്ന് കടമെടുക്കുന്ന സര്‍ക്കാര്‍ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നത് വിരോധാഭാസമാണെന്നും ഇതിനെതിരെ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ 30 സംഘടന ജില്ലകളിലും എല്ലാ മണ്ഡലങ്ങളിലും വായ്‌മൂടിക്കെട്ടി പ്രതിഷേധിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ അറിയിച്ചു.














Discussion about this post