കോഴിക്കോട്: ശബരിമലയുടെ ചരിത്രം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി തയാറാക്കിയ വ്യാജ ചെമ്പോല ആധികാരികമെന്ന് സാക്ഷ്യപ്പെടുത്തിയ ഡോ. എം.ആര്‍. രാഘവവാര്യര്‍ക്ക് കേരള ജ്യോതി പുരസ്‌കാരം നല്‍കിയതും, മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് നല്‍കിയതും സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, ജനങ്ങളെ അപമാനിക്കുന്നതുമാണെന്ന് തപസ്യ കലാ സാഹിത്യവേദി കുറ്റപ്പെടുത്തി.
ശബരിമലയിലെ ആചാര നിര്‍വഹണ അവകാശം ഒരു കുടുംബത്തിനാണെന്ന് പറയുന്ന വ്യാജ ചെമ്പോല തയാറാക്കിയത് മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരനാണ്. നിരവധി കേസുകളില്‍ പ്രതിയായി ഇയാള്‍ ജയിലിലാണ്. ഇയാളോടൊപ്പം ചേര്‍ന്നാണ് ചരിത്രത്തെയും വിശ്വാസത്തെയും അട്ടിമറിക്കുന്ന പ്രവൃത്തി രാഘവവാര്യര്‍ ചെയ്തത്. ചരിത്രകാരന്മാരുടെ അന്തസ്സിനു നിരക്കാത്തതും, അക്കാദമിക് സ്വാതന്ത്ര്യത്തെ അവഹേളിക്കുന്നതുമായിരുന്നു ഈ നടപടി. ഇതിനെതിരെ ചരിത്രകാരന്മാരുടെ ഭാഗത്തുനിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും തെറ്റുതിരുത്താനോ മാപ്പു പറയാനോ തയാറാവാത്ത രാഘവവാര്യര്‍ക്ക് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതി നല്‍കിയ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി സംസ്‌കാരത്തില്‍ അഭിമാനിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവില്ല.
ചരിത്രകാരന് ഉണ്ടായിരിക്കേണ്ട സത്യസന്ധത സ്വാര്‍ത്ഥ ലക്ഷ്യത്തിനുവേണ്ടി കേരളം കണ്ട ഏറ്റവും വലിയ ഒരു തട്ടിപ്പുവീരനു മുന്നില്‍ അടിയറവയ്‌ക്കുകയാണ് രാഘവവാര്യര്‍ ചെയ്തത്. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജന. സെക്രട്ടറി കെ.ടി. രാമചന്ദ്രനും പ്രസ്താവനയില്‍ പറഞ്ഞു.
റാപ്പ് സംഗീതം എന്ന പേരില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയും, സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നയാളാണ് വേടന്‍. ഒന്നിലധികം സ്ത്രീ പീഡനക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് ചലച്ചിത്ര പുരസ്‌കാരം നല്‍കിയത് നിന്ദാര്‍ഹമായ നടപടിയും, ഇരകളെ കടന്നാക്രമിക്കുന്നതുമാണ്. അര്‍ത്ഥശൂന്യമായ വാചാടോപത്തിനാണ് അവാര്‍ഡ് നല്‍കിയത്. വയലാര്‍ രാമവര്‍മ, പി. ഭാസ്‌കരന്‍, ഒഎന്‍വി കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, റഫീക്ക് അഹമ്മദ് തുടങ്ങിയവരെപ്പോലെ പ്രതിഭാധനരായ ഗാന രചയിതാക്കളെ മുഴുവന്‍ ഈ അവാര്‍ഡ് പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ഇകഴ്‌ത്തി കാണിച്ചിരിക്കുകയാണ്.
രാഘവവാര്യര്‍ക്കും വേടനും പുരസ്‌കാരങ്ങള്‍ നല്‍കിയതിലൂടെ അറിവിനെ അനാദരിക്കുകയും സംസ്‌കാരത്തെ നിന്ദിക്കുകയുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. നിര്‍ദിഷ്ട മേഖലയില്‍ നിസ്തുല സംഭാവനകള്‍ നല്‍കുന്നവരെ നീതിപൂര്‍വമായി തെരഞ്ഞെടുത്തു വേണം അവാര്‍ഡുകള്‍ നല്‍കാന്‍. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്തു കൊടുക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇതിനു പകരം സാംസ്‌കാരിക കുതന്ത്രമാണ് സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. സാംസ്‌കാരിക രംഗത്തെ നയിക്കുന്നവര്‍ ഇതിനെതിരെ പ്രതികരിച്ചേ തീരൂ. ലൈംഗിക കടന്നാക്രമണങ്ങളുടെ ഇരകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ നിശബ്ദത ഭഞ്ജിക്കണം. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ സമൂഹമെന്ന നിലയ്‌ക്ക് നാം ഇരുണ്ട കാലത്തിലേക്ക് പോകുമെന്ന് തപസ്യ മുന്നറിയിപ്പ് നല്‍കുന്നു.

















Discussion about this post