പാലക്കാട്: ഭാരതത്തിന്റെ അടിത്തറ സാംസ്‌കാരിക പൈതൃകമാണെന്ന് കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. വടക്കന്തറയില്‍ തപസ്യ സുവര്‍ണജൂബിലി രാജ്യാന്തര സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൈതൃകത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങളുടെയും നാടാണ് ഭാരതം. അത് വരും തലമുറയ്‌ക്ക് കൂടി പകര്‍ന്നു നല്‍കണം. സംഗീതത്തിന് അതിര്‍വരമ്പുകളില്ല. അത് ഏവരെയും കൂട്ടിയിണക്കും. കല സാമൂഹിക വ്യത്യാസമില്ലാതാക്കുന്നു.
കേരളത്തിന്റെ സംഗീതം ഭക്തിയുടെ പാരമ്പര്യവുമായി ഒന്നിച്ചൊഴുകുന്നു. ഗുരുവായൂര്‍ മുതല്‍ ചോറ്റാനിക്കര വരെയുള്ള കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളും സംഗീതം എന്നത് വെറുമൊരു പ്രദര്‍ശനം അല്ല എന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്‌കാര്‍ ഭാരതി ദേശീയ അധ്യക്ഷന്‍ ഡോ. മൈസൂര്‍ മഞ്ജുനാഥ്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, പാലക്കാട് നഗരസഭ ചെയര്‍മാന്‍ പി. സ്മിതേഷ്, പാലക്കാട് ചെമ്പൈ സംഗീത കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്‌കാര്‍ ഭാരതി ദേശീയ സമിതി അംഗം കെ. ലക്ഷ്മിനാരായണന്‍ സ്വാഗതവും തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹിന്ദുസ്ഥാനി-കര്‍ണാടിക് ജുഗല്‍ബന്ദിയും അരങ്ങേറി.
ഇന്ന് രാവിലെ 10ന് ഭാരതീയ സംഗീതത്തിന് മുത്തുസ്വാമി ദീക്ഷിതരുടെ സംഭാവനകളെക്കുറിച്ചും രണ്ടിന് ദീക്ഷിതര്‍ കൃതികളിലെ ആലങ്കാരിക ഘടകങ്ങളെക്കുറിച്ചും സെമിനാര്‍, നവഗ്രഹകൃതികള്‍- അവലോകനം, വയലിന്‍ദ്വയം, 6.15ന് സംഗീതക്കച്ചേരി. നാളെ രാവിലെ 10ന് രാഗസുധാരസം സിമ്പോസിയം, ചെമ്പൈ ഭാഗവതര്‍ക്ക് സ്മരണാഞ്ജലി, തുടര്‍ന്ന് മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതക്കച്ചേരി, രണ്ടുമണിക്ക് ഭാവയാമി രഘുരാമം ശില്പശാല, കദകളിപ്പദ കച്ചേരി, ഏഴിന് നാദസാധന എന്നിവയുണ്ടായിരിക്കും. 20ന് രാവിലെ 10ന് അന്താരാഷ്‌ട്ര സെമിനാറില്‍ വിദേശ സംഗീതജ്ഞര്‍ പങ്കെടുക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സുവര്‍ണജയന്തി സന്ദേശം നല്‍കും. സംസ്‌കാര്‍ ഭാരതി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി അഭിജിത്ത് ഗോഖലെ, ദേശീയ അധ്യക്ഷന്‍ മൈസൂര്‍ മഞ്ജുനാഥ്, ദേശീയ ജനറല്‍ സെക്രട്ടറി പണ്ഡിറ്റ് ഡോ. അശ്വിന്‍ മഹേഷ് ഡാല്‍വി എന്നിവര്‍ പങ്കെടുക്കും.

















Discussion about this post