തൃശൂര്‍: തപസ്യ കലാസാഹിത്യ വേദിയുടെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ദേശീയ അമച്വര്‍ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും തൃശൂരില്‍ തുടക്കം. പ്രശസ്ത നാടകാചാര്യന്‍ സി.എല്‍. ജോസ്, കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
കഴിവും പ്രതിഭയും ഉള്ളവര്‍ ഏത് പ്രതിസന്ധിയിലും ഉയര്‍ന്ന് വരിക തന്നെ ചെയ്യുമെന്നും ഒരു പ്രതിബന്ധവും പരിശ്രമശാലികള്‍ക്ക് മുന്നില്‍ തടസമല്ലെന്നും ജോസ് പറഞ്ഞു. ജീവിതത്തില്‍ നിന്ന് താന്‍ പഠിച്ച പാഠം ഇതാണ്. സാധാരണക്കാരുടെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ആണ് നാടക രംഗത്ത് പ്രവര്‍ത്തിക്കാന്‍ തനിക്ക് പ്രചോദനമായത്. ഒരുപാട് ജീവിതങ്ങളെ അരങ്ങില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമാണ് എന്നും ജോസ് പറഞ്ഞു. കലയ്‌ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവരെ കല സംരക്ഷിക്കുമെന്ന് സദനം കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു.
തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായിരുന്നു. സി.എല്‍. ജോസ്, സദനം കൃഷ്ണന്‍കുട്ടി, അപര്‍ണ നങ്ങ്യാര്‍, രംഗചേതനക്ക് വേണ്ടി വി.എസ്. ഗിരീശന്‍ എന്നിവരെ ആദരിച്ചു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, സംഘടനാ സെക്രട്ടറി സി. രജിത് കുമാര്‍, സംസ്‌കാര ഭാരതി ദേശീയ സമിതി അംഗം കെ. ലക്ഷ്മി നാരായണന്‍, തപസ്യ സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരന്‍, ജോ. ജനറല്‍ സെക്രട്ടറി സി. സി. സുരേഷ്, കെ. കിട്ടുനായര്‍, ശശി നാരായണന്‍ എന്നിവരും സംസാരിച്ചു.
തൃശിവപുരം മോഹന ചന്ദ്രന്‍, കലാലയം രാധ അനുസ്മരണം നടത്തി. കൊടകര ഉണ്ണിയും സംഘവും അവതരിപ്പിച്ച കേളിയോടെയാണ് പരിപാടിക്ക് തുടക്കമായത്. സുധീന്ദ്രന്‍ ചൂണ്ടലും സംഘവും അഷ്ടനാഗക്കളം രചിച്ചു.
ഗിരീഷ് കര്‍ണാട് രചിച്ച് ബി.വി. കാരന്ത് സംവിധാനം ചെയ്ത ഹയവദന നാടകം അരങ്ങേറി. നാല് ദിവസത്തെ നാടകോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് വൈകിട്ട് നാലിന് വള്ളുവനാടന്‍ അനുഷ്ഠാന കലാരൂപമായ പൂതനും തിറയും അവതരിപ്പിക്കും. തുടര്‍ന്ന് കലാമണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍, നടനകൈരളി വേണുജി, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, കലാനിലയം രാഘവന്‍, കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം സംഗീത പ്രസാദ് എന്നിവരെ ആദരിക്കും. കലാമണ്ഡലം ഹരികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളി അരങ്ങേറും. ഗോവന്‍ നാടോടി ഗോത്ര നാടകം ആയ അജ്ഞാത കഥയും അരങ്ങേറും.













Discussion about this post