കലയും കലിമയും തമ്മിൽ എന്ത് ബന്ധം; ധനുവച്ചപുരം ഗവ. ഐടിഐ യൂണിയൻ ആർട്സ് ഫെസ്റ്റിന് ‘കലിമ’ എന്ന പേര് നൽകിയതിലൂടെ എസ്എഫ്ഐയുടെ കപട മതേതരത്വവും ഭീകരവാദ പ്രീണനവുമാണ് പുറത്തുവരുന്നതെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ. എസ്. യദുകൃഷ്ണ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്ക് ഇടയായ “കലിമ” എന്ന പദം ബോധപൂർവ്വം തിരഞ്ഞെടുക്കപ്പെട്ടത് യാദൃശ്ചികമല്ല. വിദ്യാർത്ഥി കലോത്സവം പോലെയുള്ള സാംസ്കാരിക വേദിയെ പോലും രാഷ്ട്രീയ-സാമുദായിക അജണ്ടകൾക്ക് ഉപയോഗിക്കാൻ ശ്രമിക്കുന്ന അപകടകരമായ പ്രവണതയാണ് ഇതിലൂടെ പ്രകടമാകുന്നത്. “അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല” എന്ന് പ്രഖ്യാപിക്കുന്ന മതപരമായ പദം പൊതുവിദ്യാഭ്യാസ സ്ഥാപനത്തിലെ കലോത്സവത്തിന് നൽകുന്നത് ഇതര മതവിശ്വാസികളായ വിദ്യാർത്ഥികളോടുള്ള വെല്ലുവിളി കൂടിയാണ്. മുൻപ് കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന ഭീകരവാദ സൂചനയുള്ള പേര് നൽകിയതിന്റെ തുടർച്ചയാണിത്.
രാജ്യത്തെ വേദനിപ്പിക്കുന്ന ചിഹ്നങ്ങൾക്ക് ക്യാമ്പസുകളിൽ സ്ഥാനമില്ല. കോളേജ് യൂണിയൻ വിദ്യാർത്ഥി സമൂഹത്തിന്റെ ഐക്യവും ദേശീയ ബോധവും തകർക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നത് പ്രതിഷേധാർഹമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ ഒരു പദം കലോത്സവത്തിന് നൽകിയത് രാജ്യത്തിന്റെ സുരക്ഷാസേനകൾ നടത്തിയ ത്യാഗങ്ങളെ പോലും അവഹേളിക്കുന്ന നടപടിയായി മാത്രമെ കാണാൻ സാധിക്കു.
വിദ്യാർത്ഥികളുടെ ചിന്തയെ സ്വതന്ത്രമായി വളർത്തേണ്ട കോളേജ് വേദികളിൽ, മതപരമായ ആശയങ്ങൾ കുത്തിനിറച്ച് അത് സ്വാഭാവികമാണെന്ന് കാണിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണ്. ഒരു സംഘടന സ്വന്തം നിലപാട് നഷ്ടപ്പെടുത്തി മറ്റൊരു ചിന്താധാരയ്ക്ക് അടിമപ്പെടുമ്പോൾ, അതിന്റെ പ്രതിഫലം വിദ്യാർത്ഥി സമൂഹത്തിനാണ് അനുഭവിക്കേണ്ടി വരുന്നത്.
വരാനിരിക്കുന്ന ഇലക്ഷനെ മുന്നിൽ കണ്ടുകൊണ്ട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയം കോളേജിലെ ആർട്സ് വേദികളിലേക്കും എത്തിച്ചേരുന്നത് വിദ്യാഭ്യാസത്തിന്റെ ആത്മാവിനോടുള്ള വെല്ലുവിളി കൂടിയാണ്. കല സ്വാതന്ത്ര്യത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമായിരിക്കണം; രാഷ്ട്രീയ ലാഭത്തിനോ മതപരമായ സ്വാധീനത്തിനോ ഉപകരണമാകുന്ന നിമിഷം അതിന്റെ യഥാർത്ഥ മഹത്വം നഷ്ടപ്പെടുന്നു.
പഹൽഗാമിൽ ഭീകരവാദികൾ തോക്കിൻമുനയിൽ സാധാരണക്കാരെക്കൊണ്ട് ‘കലിമ’ ചൊല്ലിക്കാൻ നിർബന്ധിച്ച ചരിത്രം നിലനിൽക്കെ, അതേ പദം തന്നെ ക്യാമ്പസുകളിൽ കൊണ്ടുവരുന്നത് തീവ്രവാദ ചിന്താഗതികൾക്ക് ഒത്താശ ചെയ്യുന്നതിന് തുല്യമാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഇത്തരം വർഗീയ പ്രീണന രാഷ്ട്രീയത്തിലൂടെ ക്യാമ്പസിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൽ നിന്ന് എസ്എഫ്ഐ പിന്മാറണമെന്നും, മതനിരപേക്ഷത പ്രസംഗിക്കുന്നവർ കലാലയങ്ങളെ വർഗീയതയുടെ കേന്ദ്രങ്ങളാക്കി മാറ്റുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


















Discussion about this post