തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ പൂർണമായി ആലപിച്ചതിനെതിരെ ആശങ്ക പ്രകടിപ്പിച്ച മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിലപാട് വിഘടനവാദ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആവേശവും ദേശസ്നേഹികൾക്ക് ഊർജ്ജവും നൽകിയ ഗാനമാണ് വന്ദേമാതരം. രാജ്യത്തിന്റെ ഐക്യത്തിന്റെയും ദേശീയ സ്വാഭിമാനത്തിന്റെയും പ്രതീകമായ ഈ ഗാനത്തെപ്പോലും സംശയത്തോടെയും അസ്വസ്ഥതയോടെയും കാണുന്ന കമ്മ്യൂണിസ്റ്റ് ശൈലി ചരിത്രത്തോടും രാഷ്ട്രത്തോടുമുള്ള കടുത്ത അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വികാരങ്ങളെയും രാജ്യത്തിന്റെ പൈതൃകത്തെയും ആദരിക്കാൻ ബാധ്യതയുള്ള ഒരു ജനപ്രതിനിധിയിൽ നിന്ന് ഇത്തരം ദൗർഭാഗ്യകരമായ പരാമർശങ്ങൾ ഉണ്ടാകുന്നത് പ്രതിഷേധാർഹമാണ്. ‘വന്ദേമാതരം’ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ മതവിഭാഗത്തിന്റെയോ സ്വത്തല്ല. ഭാരതത്തിന്റെ ഭരണഘടന അംഗീകരിച്ച ദേശീയ ഗീതത്തെ ചോദ്യം ചെയ്യുന്നതിലൂടെ റിയാസ് ആരെയാണ് തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
“വന്ദേമാതരം ഈ രാജ്യത്തിന്റെ സ്വത്വമാണ്. അതിനെ ഭയപ്പെടുന്നവർക്ക് ഭാരതത്തിന്റെ ആത്മാവിനെ മനസ്സിലാക്കാൻ സാധിക്കില്ല. ദേശസ്നേഹത്തിന്റെ പ്രതീകങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ച് സമൂഹത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് മുഹമ്മദ് റിയാസ് പിന്മാറണം. രാജ്യത്തെ ഒന്നിപ്പിച്ച ഗാനത്തോട് അസ്വസ്ഥത കാണിക്കുന്നതിന് പകരം ദേശീയ വികാരങ്ങളെ മാനിക്കാനുള്ള പക്വതയാണ് പൊതുപ്രവർത്തകർ കാണിക്കേണ്ടത്.”
- യദുകൃഷ്ണൻ (എബിവിപി സംസ്ഥാന സെക്രട്ടറി)
ദേശീയ പ്രതീകങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നീക്കങ്ങളെ പൊതുസമൂഹം തിരിച്ചറിയുമെന്നും എബിവിപി പ്രസ്താവനയിലൂടെ വ്യക്തമാക്കി.














Discussion about this post