തൃശൂര്‍: അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് സാങ്കേതിക സര്‍വകലാശാല യൂണിറ്റ് ഭാരവാഹികള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ കണ്ട് സാങ്കേതിക സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ അദ്ധ്യാപകരും മറ്റു ജീവനക്കാരും നേരിടുന്ന പ്രതിസന്ധിയെ സംബന്ധിച്ച് ചര്‍ച്ച നടത്തി.
തുടര്‍ന്ന് ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ഹരി ശിവന്‍ കോഴിശ്ശേരി, ഉപാധ്യക്ഷന്‍ ഡോ. പി.പി. ബിനു, ട്രഷറര്‍ ഡോ. ശ്യാം ശങ്കര്‍ എനിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
കരിയര്‍ അഡ്വാന്‍സ്മെന്റ് സ്‌കീമില്‍ പ്രമോഷന് അര്‍ഹരായ നിരവധി അദ്ധ്യാപകരുടെ ഫയലുകള്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിന്റെ കെടുകാര്യസ്ഥത മൂലം വര്‍ഷങ്ങളായി തടഞ്ഞുവച്ചിരിക്കുകയാണ്. ഇത് എത്രയും പെട്ടെന്ന് തീര്‍പ്പാക്കുന്നതിന് വേണ്ട നിര്‍ദേശം നല്കണമെന്ന് സംഘം ചാന്‍സലറോട് അഭ്യര്‍ത്ഥിച്ചു.
ഫ്‌ലക്സിബിള്‍ കേഡര്‍ സിസ്റ്റത്തില്‍ എഐസിടിഇയുടെ ഉത്തരവുകള്‍ അവഗണിച്ച് പ്രമോഷന്‍ തടഞ്ഞുവച്ചിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റയും വിദ്യാഭ്യാസ വകുപ്പിന്റേയും നിലപാടുകള്‍ തിരുത്തുന്നതിന് നടപടി കൈക്കൊള്ളണമെന്നും അഭ്യര്‍ത്ഥിച്ചു.
സ്വകാര്യ, സ്വാശ്രയ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ അദ്ധ്യാപകര്‍ക്ക് അടിസ്ഥാന ശമ്പളവും അതില്‍ കാലോചിത വര്‍ദ്ധനവും, നിയമനത്തിലും പ്രമോഷനിലും സുതാര്യത ഉറപ്പുവരുത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സംഘം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. നിര്‍ദേശങ്ങളെ അനുഭാവപൂര്‍വം പരിഗണിച്ച് വേണ്ട നടപടിക്രമങ്ങള്‍ കൈക്കൊള്ളുമെന്ന് ഗവര്‍ണര്‍ പ്രതിനിധി സംഘത്തിന് ഉറപ്പ് നല്കി.














Discussion about this post