തിരുവനന്തപുരം: ഭാരതം വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയ മുസ്ലീം ലീഗ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ മുന്‍കാല നിലപാടുകളാണ് രാജ്യവിഭജനത്തിന് കാരണമായത്. ആരാണോ വന്ദേമാതരത്തെ എതിര്‍ത്തത്, അവരാണ് ഭാരത വിഭജനത്തിന് കൂട്ടുനിന്നതെന്നും ഇനിയും വന്ദേമാതരത്തെ നിഷേധിക്കുന്നവര്‍ വീണ്ടും രാജ്യത്തെ വിഭജിക്കില്ല എന്ന് എന്താണുറപ്പെന്നും കുരുക്ഷേത്ര പ്രകാശന്‍ എം.ഡി കാ.ഭാ. സുരേന്ദ്രന്‍. ആര്‍എസ്എസ് മഹാനഗരം സംഘടിപ്പിച്ച യുവ ഭാരത് യുവ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1947ന് മുമ്പുള്ള വിശാല ഭാരതം പുനരാവിഷ്‌കരിക്കാന്‍ വിഭജനത്തിന്റെ വക്താക്കളല്ല, മറിച്ച് ദേശീയതയുടെ വക്താക്കളായ യുവജനങ്ങളാണ് രാജ്യത്തെ നയിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.സി.ഇ. 326ല്‍ ഗ്രീക്ക് സൈന്യത്തെ ചെറുത്ത വനവാസികളാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരത്തിന് തുടക്കമിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. പൃഥ്വിരാജ് ചൗഹാന്‍, റാണാ പ്രതാപ് സിംഹന്‍, ഗുരു ഗോവിന്ദ സിംഹന്‍, ഛത്രപതി ശിവജി തുടങ്ങിയ ചരിത്രപുരുഷന്മാരുടെ പോരാട്ടങ്ങളുടെ കൂടി ഫലമായാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ വിപുലമായ തിരംഗ യാത്രയും സംഘടിപ്പിച്ചു. പാളയം, ശാസ്തമംഗലം, കവടിയാര്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച യാത്ര വെള്ളയമ്പലത്ത് സംഗമിക്കുകയും, തുടര്‍ന്ന് സമ്മേളന വേദിയായ മാനവീയം വീഥിയില്‍ എത്തിച്ചേരുകയും ചെയ്തു. യാത്രയില്‍ പങ്കെടുത്ത കുട്ടികള്‍ വേദിയില്‍ വന്ദേമാതരം ആലപിച്ചു.
റിട്ട. ലഫ്. ജനറല്‍ ഡോ. അജിത് നീലകണ്ഠന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് എം. മുരളി, ജില്ലാ കാര്യവാഹ് വി.എസ്. അഭിലാഷ്, യുവ ഫുട്‌ബോള്‍ താരം എം.എസ്. ശ്രീക്കുട്ടന്‍, കലാലയ വിദ്യാര്‍ത്ഥി പ്രമുഖ് അമല്‍ വാസുദേവ്, മാധ്യമ പ്രവര്‍ത്തകന്‍ ശ്യാം ബാബു കോറോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി വയലിന്‍ ഫ്യൂഷന്‍, നൃത്തശില്‍പം, സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം പുനരാവിഷ്‌കരിക്കുന്ന പരിപാടികള്‍ എന്നിവയും അരങ്ങേറി.













Discussion about this post