കോഴിക്കോട്: രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാ സങ്ങള്ക്കിടയിലും തന്നില്‍ വലിയ സ്വാധീനം ചെലു ത്തിയ പത്രാധിപരും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു എം.എ. സാര്‍ എന്ന എം.എ. കൃഷ്ണനെന്ന് എഴുത്തു കാരന് യു.കെ. കുമാരന്. കോഴിക്കോട് കേസരി ഹാളില്‍ നടന്ന എം.എ. കൃഷ്ണന് ശ്രദ്ധാഞ്ജലി സഭയില്‍ അദ്ധ്യക്ഷഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തന്റെ മനസിലേക്ക് ആദരവോടെ കടന്നുകയറിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഭക്തിപൂര്‍വമായ ആദരം ഉണ്ടാക്കാന്‍ കഴിയുന്ന ചുരുക്കംചില വ്യക്തികളില്‍ ഒരാളായിരുന്നു എം.എ. സാര്‍. നിഷ്കാമകര്മ്മയോഗിയായ അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എ. സാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരുടെ അക്ഷീണപ്രയത്നത്തിന്റെയും സമൂഹത്തിനുവേണ്ടി സമര്‍പ്പിത ജീവിതം നയിച്ചതിന്റെയും അനന്തരഫലമാണ് ഇന്ന് നമ്മള് അനുഭവിക്കുന്ന അനുകൂല സാഹചര്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് ഉത്തരകേരളം പ്രാന്തസംഘചാലക് അഡ്വ.കെ.കെ. ബാലറാം അഭി പ്രായപ്പെട്ടു. എം.എ. സാര്‍ സംഘപ്രചാരകനായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. സമൂഹത്തെ കുടുംബമായി കണ്ട് രാഷ്ട്രത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോവലിസ്റ്റ് പി.ആര്. നാഥന്, ബാലഗോകുലം സ്ഥാപക അദ്ധ്യക്ഷന്‍ സി. ശ്രീധരന്, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, മയില്‍പ്പീലി പത്രാധിപര്‍ സി.കെ. ബാലകൃഷ്ണന് എന്നിവര്‍ അനുസ്മരണ ഭാഷണം നടത്തി. തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് ശ്രദ്ധാഞ്ജലി പ്രമേയം അവതരിപ്പിച്ചു. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ശ്രീഹര്ഷന് സ്വാഗതം പറഞ്ഞു.




















