കൽപ്പറ്റ: വയനാട് മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രി ചീഫ് ഫിസിഷ്യനും സാമൂഹിക പ്രവർത്തകനുമായ പദ്മശ്രീ ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവിന്റെ സപ്തതി ആഘോഷം 2026 കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇത്രയും മനസ്സ് തൊട്ടതും ജനപങ്കാളിത്തം നിറഞ്ഞതുമായ ഒരു സപ്തതി ആഘോഷം നടക്കുന്നത് ആദ്യമായാണെന്നും അത് ഡോ. ഡി.ഡി. സഗ്ദേവ് ജനങ്ങൾക്ക് നൽകിയ മാതൃകാപരമായ ആതുരസേവനത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ആതുരസേവനമെന്ന അടിസ്ഥാന തത്ത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് ഡോക്ടറുടെ ജീവിതമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ സെക്രട്ടറി അഡ്വ. പി. സുരേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ലിയോ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ടി.വി.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ്. സേതുമാധവൻ ഡോക്ടറെ ആദരിച്ചു. സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ പ്രസിഡന്റ് ടി.കെ. പത്മജൻ മംഗളപത്ര സമർപ്പണം നടത്തി.അഖില ഭാരതീയ സീമാജാഗരൺ മഞ്ച് രക്ഷാധികാരി എ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണവും സ്വാമി ഹംസാനന്ദപുരി അനുഗ്രഹഭാഷണവും നടത്തി.സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ സ്ഥാപക സെക്രട്ടറി സി. ചന്ദ്രശേഖരൻ, വനവാസി കല്യാണാശ്രമം രക്ഷാധികാരി പള്ളിയറ രാമൻ, മുൻസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ മുൻ പ്രസിഡന്റുമാരായ ഡോ. പി. നാരായണൻ നായർ, ഡോ. മോഹൻദാസ്, നഴ്സിംഗ് സൂപ്രണ്ട്, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ശ്രീദേവി ജയകുമാർ, ദിലീപ് ഗുർജർ എന്നിവർ വിവേകാനന്ദ മെഡിക്കൽ മിഷൻ ജനറൽ മാനേജർ കെ.കെ. പ്രസാദ് എന്നിവർ സംസാരിച്ചു. ഡോ. ഡി.ഡി. സഗ്ദേവ് മറുപടി പ്രസംഗവും നടത്തി. കൂടാതെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഡോക്ടറെ ആദരിക്കുകയും ചെയ്തു. പരിപാടിയിൽ എസ്വിഎംഎം ഡോക്യുമെന്ററി പ്രദർശനവും നടത്തുകയും ചെയ്തു.















