കൊച്ചി: എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായ മേതിൽ രാധാകൃഷ്ണനെ അഭിനന്ദിച്ച് തപസ്യ കലാസാഹിത്യ വേദി പ്രമേയം. ഭാഷയിൽ തൻ്റേതായ വാങ്മയം തീർക്കുക വഴി ഒരേ സമയം കവിയും കഥാകൃത്തും ചിന്തകനും പരിഷ്കർത്താവുമായ ആളാണ് മേതിൽ രാധാകൃഷ്ണനെന്ന് എറണാകുളത്ത് ചേർന്ന തപസ്യ കേന്ദ്രഭരണസമിതി യോഗം അഭിപ്രായപ്പെട്ടു.
മലയാളത്തെ രാമായണത്തിലൂടെ രാഷ്ട്രത്തനിമയിലേക്ക് ഉണർത്തി പുതുക്കിപ്പണിയുകയാണ് എഴുത്തച്ഛൻ ചെയ്തത്. അതിന് ശേഷം ഭാഷയെ പുന:സൃഷ്ടിച്ചത് ഒ.വി.വിജയനായിരുന്നു.
വിജയനെ തുടർന്ന് ആ ദൗത്യം സഫലമാക്കിയത് മേതിൽ രാധാകൃഷ്ണനാണ്. സാങ്കേതികവിദ്യയുടെ കാലത്ത് ഭാഷയെ സർഗാത്മകമായി നവീകരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ എക്കാലവും നവീകരണക്ഷമമാണെന്ന് തൻ്റെ രചനകളിലൂടെ ഓർമ്മിപ്പിക്കുകയാണ് മേതിൽ ചെയ്തത്. എഴുത്തച്ഛനോടുള്ള ആദരവാണ് പുരസ്കാര ലബ്ധിയിലെ ആനന്ദമെന്ന അദ്ദേഹത്തിൻ്റെ പ്രതികരണത്തിൽ ആർഷമായ തുടർച്ച പ്രകടമാണെന്ന് തപസ്യ പ്രമേയം ചൂണ്ടിക്കാട്ടി.














