പാലക്കാട്: സിപിഎം കൊലക്കത്തിക്കിരയായ യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാറിന്റെ ഭൗതികദേഹം സംസ്‌കരിച്ചു. മാര്‍ച്ച് രണ്ടിനാണ് ഏഴംഗ സിപിഎം അക്രമിസംഘം അരുണ്‍കുമാറിന്റെ ഇടതുനെഞ്ചില്‍ കുത്തിയത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ഹൃദയത്തിനേറ്റ കുത്താണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണ കുമാര്‍, സെക്രട്ടറി എ. നാഗേഷ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജനറല്‍സെക്രട്ടറി പി. വേണുഗോപാല്‍, വൈസ് പ്രസിഡന്റ് എ.കെ. ഓമനക്കുട്ടന്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍, ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ജില്ലാതിര്‍ത്തിയായ പഴയന്നൂര്‍ പ്ലാഴിയില്‍ നിന്ന് കേന്ദ്രവിദേശകാര്യ മന്ത്രി വി. മുരളീധരന്‍ വിലാപയാത്രയ്‌ക്കൊപ്പം ചേര്‍ന്നു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ വിലാപയാത്ര പഴമ്പാലക്കോട് വടക്കേപാവടി കിഴക്കുമുറിയിലെ വീട്ടിലെത്തി. വീട്ടില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ബിജെപി ദേശീയസമിതി അംഗം എന്‍. ശിവരാജന്‍, സംസ്ഥാന ട്രഷറര്‍ അഡ്വ.ഇ. കൃഷ്ണദാസ്, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ. ഗണേശ്, ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, മുന്‍ദേശീയ വൈസ് പ്രസിഡന്റ് എ.പി. മുരുകാനന്ദം, ആര്‍എസ്എസ് പ്രാന്തീയ സഹസേവാ പ്രമുഖ് യു.എന്‍. ഹരിദാസ്, സഹശാരീരിക് പ്രമുഖ് സജീവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. സംഭവത്തില്‍ ആറ് സിപിഎമ്മുകാരെ അറസ്റ്റു ചെയ്തു. ഒരാള്‍ ഒളിവിലാണ്.
Discussion about this post