കോഴിക്കോട്: കോഴിക്കോട് കേസരി ഭവനില്‍ നടന്ന സ്‌നേഹബോധി അനാച്ഛാദന ചടങ്ങില്‍ സംബന്ധിച്ചതിന്‍റെ പേരില്‍ മുന്‍ എംഎല്‍എ കെ.എന്‍.എ. ഖാദറിനോട് മുസ്ലിംലീഗ് വിശദീകരണം ആവശ്യപ്പെട്ടത് മുസ്ലിം തീവ്രവാദശക്തികളുടെ സമ്മര്‍ദ്ദം മൂലം. കെ.എന്‍.എ. ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന് ഒരു സ്വകാര്യ ചാനല്‍ വാര്‍ത്ത നല്‍കിയതും അതില്‍ സംഘടനാ നേതാക്കള്‍ പ്രതികരിച്ചതും അടക്കം കുപ്രചാരണത്തിന് പിന്നിലെ ആസൂത്രണത്തിന് തെളിവാണ്.
ഒരു ടിവി ചാനലാണ് ആദ്യം വാര്‍ത്ത നല്‍കി വിവാദമാക്കിയത്. തുടര്‍ന്ന് മതനേതാവിന്റെ സോഷ്യല്‍ മീഡിയ പ്രസ്താവന വരുകയായിരുന്നു. ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഇസ്ലാംവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രസംഗത്തില്‍ നടത്തിയത് ‘ശിര്‍ക്ക്’ (ബഹുദൈവ വിശ്വാസത്തെ അംഗീകരിക്കല്‍) ആണെന്ന പ്രഖ്യാപനം ബുധനാഴ്ച രാത്രി തന്നെ തീവ്ര ഇസ്ലാം നേതാവ് സോഷ്യല്‍ മീഡിയയിലൂടെ നടത്തി. മറ്റ് മാധ്യമങ്ങളിലും കെ.എന്‍.എ. ഖാദറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതാവായ ഖാദറിനെതിരെ നടപടിയുണ്ടാകുമെന്ന സൂചന ലീഗ് നേതാവ് എം.കെ. മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
പാര്‍ട്ടി നയത്തിനെതിരായ നടപടിയാണ് അദ്ദേഹത്തിന്റേതെന്നും ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് പരിപാടിയില്‍ പങ്കടുത്തതെന്നും എം.കെ. മുനീര്‍ വ്യക്തമാക്കി.
‘ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു’ എന്നതിന്‍റെ പേരിലാണ് വിശദീകരണം ആവശ്യപ്പെടുന്നതെന്ന് മുനീര്‍ പറഞ്ഞു. എന്നാല്‍, ഇത് സാംസ്‌കാരിക പരിപാടിയാണെന്ന് മനസിലാക്കിയാണ് താന്‍ പങ്കെടുത്തതെന്നാണ് കെ.എന്‍.എ. ഖാദര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സാംസ്‌കാരിക പരിപാടികള്‍ക്ക് മുന്‍പും പോയിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാനത്തെമ്പാടും എല്ലാ മതങ്ങളെയും വിളിച്ചുകൂട്ടി പരിപാടി നടത്തിയിട്ടുണ്ട്. എല്ലാ മതസ്ഥരെയും കുറിച്ച് പറയാറുണ്ട്. ഇത് ഭ്രഷ്ടിന്‍റെ കാര്യമല്ല. ഇവിടെ പരിസ്ഥിതിയാണ് ചര്‍ച്ച ചെയ്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്‍റെ മതവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. രാഷ്ട്രീയമായി മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തകനാണ്, ഇസ്ലാം മതവിശ്വാസിയാണ്, എന്നാല്‍, മറ്റ് മതങ്ങളെ വെറുക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു.
മുസ്ലിംലീഗിന്‍റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് കെ.എന്‍.എ. ഖാദര്‍
Discussion about this post