ഹരിദ്വാര്‍: ഭാരതത്തിന്റെ ഉയര്‍ച്ച ലോകത്തിന്റെയാകെ ഉന്നമനത്തിന് വേണ്ടിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമ്മുടെ പാരമ്പര്യം അവനവന് മാത്രം സുഖം ആഗ്രഹിക്കുന്നതല്ല. സര്‍വചരാചരങ്ങളുടെയും ക്ഷേമത്തിന് വേണ്ടി നില കൊള്ളുന്നതാണ്. വസുധൈവ കുടുംബകം എന്ന ആപ്തവാക്യം ഭാരതം മുന്നോട്ടുവച്ചതാണ്. ജി20 സമ്മേളനങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നതിലൂടെ ഈ ദര്‍ശനം ലോകമെമ്പാടുമുള്ള സാധാരണക്കാരിലക്കെത്തു. യുദ്ധത്തിന്റെയും മത്സരത്തിന്റെയും വിനാശകരമായ ഭാവനയില്‍ നിന്ന് അവര്‍ സര്‍വര്‍ക്കും സുഖം ഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലേക്ക് മുന്നേറും. നാനാത്വത്തില്‍ ഏകത്വം എന്നത് നമ്മുടെ പാരമ്പര്യമാണ്. അതിന്റെ സമ്പൂര്‍ണമായ അന്തസത്ത മനസിലാക്കി സ്വീകരിക്കാനും സങ്കുചിതമായ ചിന്താഗതികള്‍ ഉപേക്ഷിക്കാനും മനുഷ്യരാശി ഭാരതത്തിന്റെ ഉയര്‍ച്ചയിലൂടെ തയാറാകും, ഡോ.മോഹന്‍ ഭഗവത് പറഞ്ഞു. ഹരിദ്വാറിലെ ദേവ് സംസ്‌കൃതി വിശ്വവിദ്യാലയത്തില്‍ ജി-20 യുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ദ്വിദിന ‘വസുധൈവ കുടുംബകം’ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം ഗായത്രി പരിവാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഭാരതം സൂര്യനെ, പ്രകാശത്തെ ആരാധിക്കുന്ന നാടാണ്. ഇത് ഊര്‍ജ്ജത്തിന്റെ പ്രകാശനമാണ്. ആത്മതേജസ്സിന്റെ ആരാധനയാണ്. ഗായത്രി പരിവാര്‍ സൂര്യാരാധനയിലൂടെ മുന്നോട്ടുവയ്ക്കുന്നതും ഈ ഊര്‍ജ്ജാരാധനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊരു സാധനയാണ്. പ്രപഞ്ച നന്മയ്ക്കായുള്ള വഴികള്‍ തേടുകയാണ് ഭാരതീയ സാധകര്‍ ചെയ്തത്. ശാന്തി തേടിയുള്ള യാത്രയാണത്. ലോകമെമ്പാടും എല്ലാവരിലും സമാധാനം ഉണ്ടാകണം, ഈ ദിശയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. പുരാതന കാലത്ത്, ഋഷിമാര്‍ ആശ്രമവാടങ്ങളില്‍ ഈ സാധനയുടെ പരിശീലനം നല്കി. ആ സമൂഹം സഹജീവികളുമായി ഇണങ്ങി, എല്ലാവരും ഒരു കുടുംബം എന്നതു പോലെ ജീവിച്ചു. ഇതാണ് ദേവസംസ്‌കൃതി. ഭാരതം ഈ ദേവസംസ്‌കൃതിയുടെ അവകാശികളാണ്. ദയ, ത്യാഗം, ആത്മീയബന്ധുഭാവം എന്നിവയാണ് ഭാരതം വികസിത ഭാരതമാവുന്നതിന്റെ ആധാരമെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.ദേവ്‌സംസ്‌കൃതി സര്‍വകലാശാലാ വിസി ഡോ. ചിന്മയ് പാണ്ഡ്യ അദ്ധ്യക്ഷത വഹിച്ചു. മുന്‍ വിസി ശരദ് പര്‍ധി സംസാരിച്ചു. സര്‍വകലാശാല പുറത്തിറക്കിയ യജന്‍ മൊബൈല്‍ ആപ്പിന്റെ പ്രകാശനം ചടങ്ങില്‍ ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. പരിപാടിക്ക് മുന്നോടിയായി സര്‍വകലാശാലാ കാമ്പസില്‍ സ്ഥിതി ചെയ്യുന്ന പ്രജ്ഞേശ്വര്‍ മഹാദേവന് സര്‍സംഘചാലക് അഭിഷേകം നിര്‍വഹിച്ചു. കാമ്പസില്‍ ചന്ദനത്തൈ നട്ടു പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കി. ശൗര്യദീവാറില്‍ ഒരുക്കിയ ധീര സൈനികരുടെ ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. ഗായത്രി തീര്‍ത്ഥ ശാന്തികുഞ്ചിലെത്തി വിശ്വ ഗായത്രി പരിവാര്‍ പ്രമുഖ് ഡോ. പ്രണവ് പാണ്ഡ്യയെ സന്ദര്‍ശിച്ച സര്‍സംഘചാലക് അദ്ദേഹവുമായി സംഭാഷണം നടത്തിയാണ് മടങ്ങിയത്.
Discussion about this post