ഭാരതത്തിന്റെ മഹത്തായ സ്വാതന്ത്ര്യസമരത്തിന് വനവാസികളായ സ്വാതന്ത്ര്യ സമര സേനാനികളുടെയും യോദ്ധാക്കളുടെയും അവിസ്മരണീയ പാരമ്പര്യമുണ്ട്. സ്വാതന്ത്ര്യസമരത്തിലെ വീര യോദ്ധാക്കളില്‍ ഭഗവാന്‍ ബിര്‍സ മുണ്ടയ്ക്ക് സവിശേഷ സ്ഥാനമുണ്ട്. 1875 നവംബര്‍ 15 ന് ഝാര്‍ഖണ്ഡിലെ ഉലിഹാതുവില്‍ ജനിച്ച ഭഗവാന്‍ ബിര്‍സയുടെ 150-ാം ജന്മവാര്‍ഷികമാണിത്.
ബ്രിട്ടീഷുകാരും അവരുടെ ഭരണകൂടവും ജനജാതി ജനതയ്ക്കെതിരെ നടത്തിയ അതിക്രമങ്ങളില്‍ ദുഃഖിതനായ ബിര്‍സയുടെ അച്ഛന്‍ ഉലിഹാതുവില്‍ നിന്ന് ബംബയിലേക്ക് താമസം മാറി. ഏകദേശം 10 വയസ്സുള്ളപ്പോള്‍, ബിര്‍സയെ ചൈബാസ മിഷനറി സ്‌കൂളില്‍ ചേര്‍ത്തു. ജനജാതി വിദ്യാര്‍ത്ഥികളെ അവരുടെ ധാര്‍മ്മിക പാരമ്പര്യങ്ങളില്‍ നിന്ന് അകറ്റി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് മിഷനറി സ്‌കൂളുകളില്‍ നടക്കുന്ന ഗൂഢാലോചന അദ്ദേഹം മനസിലാക്കി. മതപരിവര്‍ത്തനം ഒരു വ്യക്തിയുടെ വിശ്വാസത്തെയും സാംസ്‌കാരിക അവബോധത്തെയും അടിച്ചമര്‍ത്തുക മാത്രമല്ല, ക്രമേണ സമൂഹത്തിന്റെ തനിമയെ നശിപ്പിക്കുകയും ചെയ്യുന്നു.ക്രിസ്ത്യന്‍ മിഷനറിമാരുടെ കുതന്ത്രങ്ങള്‍ മനസ്സിലാക്കി, പതിനഞ്ചാമത്തെ വയസ്സില്‍, സമൂഹത്തെ ഉണര്‍ത്തി ധാര്‍മികമായ തനിമയും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം ബിര്‍സ ആരംഭിച്ചു.
ഇരുപത്തഞ്ച് വര്‍ഷത്തെ മാത്രം ആയുസിനുള്ളില്‍ ഭഗവാന്‍ ബിര്‍സ പൊതുവെ ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍ വലഞ്ഞിരുന്ന സ്വന്തം സമൂഹത്തില്‍ ഒരു സാംസ്‌കാരിക നവോത്ഥാന തരംഗത്തിന് തുടക്കമിട്ടു. ഭരണപരിഷ്‌കാരങ്ങളുടെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വനം ഏറ്റെടുത്തതിനും ജനജാതി സമൂഹങ്ങളുടെ ഭൂവുടമസ്ഥത ഇല്ലാതാക്കുന്നതിനും നിര്‍ബന്ധിത തൊഴില്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിനുമെതിരെ ഭഗവാന്‍ ബിര്‍സ ഒരു വലിയ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കി. ‘അബുആ ദിശും-അബുആ രാജ്’ (നമ്മുടെ രാജ്യം-നമ്മുടെ ഭരണം) എന്ന മുദ്രാവാക്യം യുവാക്കള്‍ക്ക് ഒരു പ്രചോദന മന്ത്രമായി മാറി, ആയിരക്കണക്കിന് ആളുകളെ അവരുടെ ധര്‍മ്മത്തിനും അസ്മിതയ്ക്കും വേണ്ടി ത്യാഗം ചെയ്യാന്‍ പ്രേരിപ്പിച്ചു. ഭഗവാന്‍ ബിര്‍സ വനവാസികളുടെ അവകാശങ്ങള്‍, വിശ്വാസങ്ങള്‍, പാരമ്പര്യങ്ങള്‍, ധര്‍മ്മം എന്നിവ സംരക്ഷിക്കുന്നതിനായി നിരവധി പ്രസ്ഥാനങ്ങള്‍ക്കും സായുധ പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കി. തന്റെ പവിത്രമായ ജീവിത ലക്ഷ്യത്തിനായി പോരാടുന്നതിനിടയില്‍ അദ്ദേഹം പിടിക്കപ്പെട്ടു. ഇരുപത്തഞ്ചാം വയസില്‍ ദൗര്‍ഭാഗ്യകരവും സംശയാസ്പദവുമായ സാഹചര്യങ്ങളില്‍ ജയിലില്‍ വച്ച് ജീവന്‍ ബലിയര്‍പ്പിച്ചു.
സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും ത്യാഗവും കാരണം, മുഴുവന്‍ ഗോത്രജനതയും അദ്ദേഹത്തെ ഒരു ദൈവിക പുരുഷനായി ആദരിച്ചു. അവര്‍ അദ്ദേഹത്തെ ധര്‍ത്തി ആബ ഭഗവാന്‍ ബിര്‍സ മുണ്ട എന്ന് വിളിച്ചു. പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ ബിര്‍സയുടെ പ്രതിമ സ്ഥാപിച്ചുകൊണ്ട് ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. എല്ലാ വര്‍ഷവും നവംബര്‍ 15 ന് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം ജനജാതി ഗൗരവ് ദിനം ആയി ആഘോഷിക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ ഗോത്ര ജനത നല്‍കിയ ഗണ്യമായ സംഭാവനയുടെ തെളിവാണ് അദ്ദേഹത്തിന്റെ ത്യാഗം. ഇത് മുഴുവന്‍ രാജ്യത്തിനും പ്രചോദനമാണ്.
ഗോത്ര സമൂഹത്തിന്റെ വിശ്വാസം, സാംസ്‌കാരിക പാരമ്പര്യങ്ങള്‍, ആത്മാഭിമാനം, തനിമ എന്നിവ സംരക്ഷിക്കുന്നതിന് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജീവിതത്തിന്റെ സന്ദേശം ഇന്നും പ്രസക്തമാണ്.രാജ്യത്ത് ഭിന്നതകള്‍ സൃഷ്ടിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഗോത്ര സമൂഹത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകവും തെറ്റായതുമായ ഒരു വിവരണം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ധാര്‍മ്മികവും വീരോചിതവുമായ ജീവിത കഥകള്‍ ജനങ്ങളില്‍ വ്യാപകമാകണം. തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുന്നതിനും സമൂഹത്തില്‍ അവബോധവും ആത്മവിശ്വാസവും ഐക്യവും ശക്തിപ്പെടുത്തുന്നതിനും അത് എപ്പോഴും സഹായകമാകും.ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, മുഴുവന്‍ സമൂഹത്തോടും അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളും സ്വീകരിക്കാനും ‘സ്വ’ അവബോധത്തോടെ സംഘടിതവും ആത്മാഭിമാനമുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കാനും രാഷ്ട്രീയ സ്വയംസേവക സംഘം അഭ്യര്‍ത്ഥിക്കുന്നു.
 
			















Discussion about this post