ശ്രീനഗര്‍: ”സങ്കല്പപൂര്‍ത്തീകരണത്തിന്‍റെ നാളുകള്‍ അകലെയല്ല. സധൈര്യം മുന്നോട്ടുപോകൂ. മുഴുവന്‍ ഭാരതവും ഒപ്പമുണ്ട്. തിടുക്കമരുത്. ലക്ഷ്യപൂര്‍ത്തിയെത്തുന്നത് വരെയും പരിശ്രമിക്കേണ്ടതുണ്ട്. രാജ്യവിസ്തൃതിയുടെ സമാനതകളില്ലാത്ത ഇതിഹാസം എഴുതിയ രാജാ ലളിതാദിത്യന്‍റെ മണ്ണാണിത്. അടുത്തനാള്‍ സ്വന്തം മണ്ണിലെന്ന് ഓരോ ദിവസവും പ്രതിജ്ഞ ചെയ്യണം. പിറന്ന മണ്ണില്‍ നിന്ന് ചിതറിയകന്ന് ലോകമെമ്പാടും അഭയാര്‍ത്ഥികളായി അലഞ്ഞ ഇസ്രയേലി ജനതയുടെ വിശ്വാസവും ധീരതയും മാതൃകയാണ്. ‘അടുത്ത വര്‍ഷം ജറുസലേമില്‍’ എന്ന് അവരെടുത്ത പ്രതിജ്ഞ പാഴായില്ല. നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനും പരിശ്രമത്തിനുമൊടുവില്‍ അവര്‍ക്ക് സ്വതന്ത്രവും സശക്തവുമായ ഇസ്രയേല്‍ വീണ്ടുകിട്ടി. നമുക്കും അത് അപ്രാപ്യമല്ല. ആ ദിവസം തൊട്ടടുത്തുണ്ട്…” മൂന്ന് പതിറ്റാണ്ടിന് ശേഷം കശ്മീരിന്റെ മണ്ണില്‍ നവരേഹ് ആഘോഷത്തിന്റെ സമാപനത്തില്‍ ഒത്തുകൂടിയ കശ്മീരി പണ്ഡിറ്റുകളോട് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് പറഞ്ഞു. സഞ്ജീവനി ശാരദാകേന്ദ്രമാണ് മൂന്ന് ദിവസത്തെ ആഘോഷം സംഘടിപ്പിച്ചത്. സമാപനാഘോഷത്തിന് ശൗര്യദിവസ് എന്ന് പേര് നല്കിയത് ഉചിതമായെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ഉദ്യമവും സാഹസവും ശൗര്യവും ബുദ്ധിയും ശക്തിയും ഒത്തുചേരുന്നിടത്താണ് ഈശ്വരനണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം ലോകം ഏറ്റെടുത്തു. അതേച്ചൊല്ലി പക്ഷം തിരിഞ്ഞ് ചര്‍ച്ചകള്‍ നടന്നു. ഭാരതത്തിലെ സാമാന്യജനതയ്ക്ക് ഭയാനകമായ ആ യാഥാര്‍ത്ഥ്യങ്ങള്‍ ഇന്ന് ഏറെപ്പറയാതെ ബോധ്യമാണ്. മൂന്ന്, നാല് പതിറ്റാണ്ടായി പിറന്ന നാട്ടില്‍ നിന്ന് ചിതറിപ്പോയ ഒരു ജനതയാണ് നമ്മള്‍. ഇനിയൊരിക്കല്‍ അത്തരമൊരു അവസ്ഥയിലേക്ക് മടങ്ങിപ്പോകരുതാത്ത വിധമുള്ള തിരിച്ചുവരവിനായി നിരന്തരം പരിശ്രമിക്കണം.
പരിസ്ഥിതിയെ പലരും പഴിപറഞ്ഞ് കേള്‍ക്കാറുണ്ട്. പരിസ്ഥിതി വരും പോകും. നമുക്ക് അതിനെ അനുകൂലമാക്കാനും മറികടക്കാനുമുള്ള ഇച്ഛാശക്തി വേണം. താത്കാലിക വിജയങ്ങളില്‍ മതിമറക്കരുത്. ഇടയ്‌ക്കേല്‍ക്കുന്ന തിരിച്ചടിയില്‍ മനം പതറരുത്. സമുദ്രമഥനം വെറും കഥയല്ല. അമൃതിനായാണ് അവര്‍ കടല്‍ കടഞ്ഞത്. അത്യപൂര്‍വങ്ങളായ രത്‌നങ്ങള്‍ വന്നു. മഥനം നിര്‍ത്തിയില്ല. സര്‍വവിനാശകാരിയായ കാളകൂടം വന്നു. അവര്‍ ഭയന്നു പിന്മാറിയില്ല.
ധര്‍മ്മത്തെ മുറുകെപ്പിടിക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച പൂര്‍വികരുടെ സ്മരണകള്‍ പ്രചോദനാത്മകമാണ്. രാജാ ദാഹിറിന്‍റെയും ഗുരു ഗോവിന്ദസിംഹന്‍റെയും മക്കള്‍ എന്തിന് വേണ്ടിയാണ് ബലിയായതെന്ന് ഓര്‍ക്കണം. സമകാലീനരായ രാജാക്കന്മാരെ കൂട്ടുചേര്‍ത്ത്, എതിര്‍ത്തവരെ കീഴടക്കി, വിവിധതകളെ മാനിച്ച്, എല്ലാ സമ്പ്രദായങ്ങളെയും അംഗീകരിച്ച് ഇന്നത്തെ അഫ്ഗാന്‍ മുതല്‍ ഭാരതത്തിന്‍റെ ഉത്തരദേശത്തെയാകെ ഒറ്റ രാജ്യമാക്കി ഭരിച്ച രാജാ ലളിതാദിത്യന്റെ ഉജ്ജ്വലമായ മാതൃക നമുക്ക് മുന്നിലുണ്ട്. ലക്ഷ്യ പൂര്‍ത്തീകരണത്തിന് തിടുക്കം പാടില്ല. ഗുണവാന്മാരായ രണ്ട് പുത്രര്‍ക്കായി കൊതിച്ചതാണ് കശ്യപ മഹര്‍ഷിയുടെ ഭാര്യ വിനത. സഹപത്‌നി കദ്രു മണ്ണിലിഴയുന്ന, കൊടിയ വിഷമുള്ള, ഉയരം കൊതിക്കാത്ത ആയിരം സര്‍പ്പങ്ങള്‍ക്ക് ജന്മം കൊടുത്തപ്പോള്‍ ക്ഷമ നശിച്ചാണ് വിനത ഒരു മുട്ട പൊട്ടിച്ചത്. ജനിച്ചത് തേജസ്വിയായ മകനായിരുന്നെങ്കിലും ഇരുകാലുകളുമില്ലായിരുന്നു. തപസ് പോലെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്നവനാണ് ഗരുഡന്‍. അവനാണ് അമ്മയുടെ ദാസ്യമകറ്റിയത്. ഈ കഥകള്‍ വിജയത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോള്‍ നമുക്കോര്‍മ്മ വേണം, സര്‍സംഘചാലക് പറഞ്ഞു.
Discussion about this post