മുംബൈ: കാല്‍ മുട്ടിന് ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമികക്കുന്ന ഇന്ത്യന്‍ ആള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലാവുന്നു. ഒരു നേരം ഒരു ചുവട് എന്ന അടിക്കുറിപ്പോടെയാണ് ക്രച്ചസിലൂന്നി മുറിയില്‍ നടക്കുന്ന ചിത്രം ജഡേജ പോസ്റ്റ് ചെയ്തത്. അടുത്തമാസം നടക്കുന്ന ടി20 ലോകക്കപ്പിനുള്ള ഇന്ത്യന്‍ടീമില്‍ പരിക്ക് മൂലം ജഡേജയ്ക്ക് ഇടം ലഭിച്ചിട്ടില്ല. അതിനുശേഷമാണ് വണ്‍ ടൈം വണ്‍ സ്റ്റെപ് എന്ന ക്യാച്ച് വേഡുമായി ജഡേജ രംഗത്തുവന്നത്.
ഏഷ്യാ കപ്പിനിടെ ദുബായ് ബീച്ചില്‍ സ്‌കീ ബോര്‍ഡില്‍ തെന്നിവീണാണ് ജഡേജയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. ”ശസ്ത്രക്രിയ വിജയകരമായിരുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും പങ്കാളിത്തത്തിനും നന്ദി. ബിസിസിഐ, എന്റെ ടീമംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ഫിസിയോകള്‍, ഡോക്ടര്‍മാര്‍, ആരാധകര്‍… നന്ദി പറയാന്‍ ഏറെപ്പേരുണ്ട്. .കഴിയുന്നതും വേഗം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കും. .ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും എല്ലാവര്‍ക്കും നന്ദി, ജഡേജ കുറിച്ചു.
അതേസമയം പ്ലെയിംഗ് ഇലവനില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം ആര് കളിക്കും എന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. ജഡേജയുടെ അഭാവത്തില്‍ ഇടംകൈയ്യന്‍ ബാറ്റര്‍ ഇല്ലാതിരുന്നതിനാലാണ് ഏഷ്യാകപ്പില്‍ ശേഷിച്ച കളികളില്‍ പന്തിനെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ നിര്‍ബന്ധിതരായത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകളില്‍ ജഡേജയ്ക്ക് പകരം ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയോ അക്സര്‍ പട്ടേലോ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post