ന്യൂയോര്‍ക്ക്: ഇരുപതോവര്‍ ക്രിക്കറ്റില്‍ ഇരുന്നൂറടിച്ച് ചരിത്രം കുറിച്ച ഇന്ത്യക്കാരന്‍ സുബോധ് ഭാട്ടിക്ക് വിന്‍ഡീസില്‍ നിന്ന് പിന്‍ഗാമി. 22 സിക്‌സും പതിനേഴ് ബൗണ്ടറിയുമടിച്ച് കൊടുങ്കാറ്റിന്‍റെ വേഗത്തില്‍ 205 റണ്‍സ് നേടിയ വെസ്റ്റിന്ത്യന്‍ താരം റഹ്കിം കോണ്‍വാളാണ് ക്രിക്കറ്റിലെ ‘അതിശയന്‍’ആയത്. അമേരിക്കയില്‍ നടന്ന അത്ലാന്‍റെ ഓപ്പണ്‍ ട്വന്റി 20 ടൂര്‍ണമെന്റിനിടെയാണ് വെറും 77 പന്തില്‍ 205 റണ്‍സ് കുറിച്ച് കോണ്‍വാള്‍ കോളിളക്കം തീര്‍ത്തത്. സ്‌ട്രൈക്ക് റേറ്റ് 266.23. അറ്റ്ലാന്റ ഫയര്‍-സ്‌ക്വയര്‍ ഡ്രൈവ് മത്സരത്തിനിടെയാണ് കോണ്‍വാളിന്‍റെ ബാറ്റിങ് വിസ്‌ഫോടനം.
കോണ്‍വാളിന്‍റെ ഇരട്ട സെഞ്ച്വറി മികവില്‍ ആദ്യം ബാറ്റുചെയ്ത അറ്റ്ലാന്റ ഫയര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെടുത്തു. 205 റണ്‍സ് നേടിയ കോണ്‍വാള്‍ പുറത്താവാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌ക്വയര്‍ ഡ്രൈവിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 172 റണ്‍സിന്‍റെ വമ്പന്‍ വിജയം അറ്റ്ലാന്റ ഫയര്‍ സ്വന്തമാക്കി.
ട്വന്റി 20യില്‍ ആദ്യമായി ഇരട്ടസെഞ്ചുറി കുറിച്ചത് ദല്‍ഹി ക്രിക്കറ്റ് ബാറ്ററായ സുബോധ് ഭാട്ടിയാണ്. 2021-ല്‍ നടന്ന ഒരു ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിലൂടെയാണ് ഭാട്ടി റിക്കാര്‍ഡ് നേടിയത്. 79 പന്തില്‍ നിന്ന് 17 ഫോറും 17 സിക്‌സറുമടക്കം 205 റണ്‍സായിരുന്നു ദല്‍ഹി ഇലവന് വേണ്ടി ബാറ്റെടുത്ത ഭാട്ടിയുടെ നേട്ടം. സിംബ എന്ന ക്ലബ്ബിനെതിരെയായിരുന്നു ഭാട്ടിയുടെ പ്രകടനം.
Discussion about this post