ചെന്നൈ: അവിശ്വസനീയം! 3-1ന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോളടിച്ച് രാജകീയമായി കിരീടത്തിലേക്ക്… ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം നാലാം കിരീടം ചൂടി. ചെന്നൈയില്‍ നടന്ന ഫൈനലില്‍ മലേഷ്യയെ 4-3 തോല്‍പിച്ചാണ് ഇന്ത്യന്‍ ടീമിന്‍റെ കിരീടധാരണം. ആദ്യ രണ്ട് ക്വാര്‍ട്ടറുകളില്‍ മലേഷ്യ ഇന്ത്യക്ക് കനത്ത ഭീഷണിയായപ്പോള്‍ മൂന്നാം ക്വാര്‍ട്ടറിലെ ഇരട്ട ഗോളിന്‍റെ കരുത്തിലായിരുന്നു ഇന്ത്യന്‍ തിരിച്ചുവരവ്. സെമിയില്‍ ഇന്ത്യ കരുത്തരായ ജപ്പാനെ 4-0ന് തോല്‍പിച്ച് ഫൈനലിലെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ദക്ഷിണ കൊറിയയെ 6-2 മറികടന്നാണ് ടീമിന്‍റെ ആദ്യ കലാശപ്പോരിന് മലേഷ്യ ഇറങ്ങിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ മലേഷ്യയെ 5-0ന് തോല്‍പിച്ചതിന്‍റെ ആത്മവിശ്വാസം ഇന്ത്യക്ക് ഫൈനലിന്‍റെ ആദ്യ മിനുറ്റുകളില്‍ തുണയായില്ല. കലാശപ്പോരിലെ ആദ്യ ക്വാർട്ടറിന്റെ ഒന്‍പതാം മിനുറ്റില്‍ ജുഗ്‌രാജ് സിംഗ് ഇന്ത്യക്ക് ലീഡ് നല്‍കിയിരുന്നു. എന്നാൽ 14-ാം മിനുറ്റിൽ അബു കമാൽ അസ്റായ് മലേഷ്യയെ ഒപ്പമെത്തിച്ചതോടെ(1-1) കളി വഴിതിരിഞ്ഞു. ഇന്ത്യൻ താരങ്ങളുടെ പിഴവ് മുതലാക്കിയായിരുന്നു അസ്റായുടെ ഗോൾ. 15-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കാനാവാതെ വന്നത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം ക്വാർട്ടർ തുടങ്ങി മൂന്ന് മിനുറ്റ് ആയപ്പോഴേക്ക് മലേഷ്യ ലീഡ്(2-1) പിടിച്ചു. പെനാൽറ്റി കോർണറിൽ നിന്ന് റാസീ റഹീമാണ് ലക്ഷ്യം കണ്ടത്. രണ്ടാം ക്വാർട്ടർ അവസാനിക്കും മുമ്പ് 28-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ അമിനുദ്ദീൻ മുഹമ്മദ് ഗോളാക്കിയതോടെ മലേഷ്യ 3-1ന് മുന്നിലെത്തി.
മൂന്നാം ക്വാർട്ടർ അവസാനിക്കാൻ ഒന്നര മിനുറ്റ് മാത്രം ശേഷിക്കേ ഇന്ത്യ നടത്തിയ മിന്നലാക്രമണം മലേഷ്യ ടാക്കിൾ ചെയ്തപ്പോൾ കളി കൈവിട്ടു എന്ന് തോന്നിച്ചതാണ്. പിന്നാലെ 45-ാം മിനുറ്റിൽ ഇരട്ട ഗോളുമായി ഇന്ത്യ മത്സരത്തിലേക്ക് തിരികെ ഇരച്ചെത്തി. പെനാൽറ്റി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ വലയിലാക്കിയതോടെ ഇന്ത്യ 3-2. സെക്കൻഡുകൾക്കുള്ളിൽ അടുത്ത പ്രത്യാക്രമണത്തിൽ ഗുർജന്ത് സിംഗിലൂടെ 3-3ന് ഇന്ത്യ സമനില പിടിച്ചു. ഇരു ടീമുകളും മൂന്ന് ഗോൾ വീതമടിച്ച് തുല്യതയിലായതോടെ ഇന്ത്യൻ ആരാധകരുടെ കണ്ണുകൾ അവസാന 15 മിനുറ്റിലേക്ക് നീണ്ടു. അവസാന ക്വാർട്ടറിൽ 10 മിനുറ്റ് ശേഷിക്കേ മലേഷ്യയുടെ പെനാൽറ്റി കോർണർ ഇന്ത്യ തടുത്തിട്ടു. ഇതിന് ശേഷം രണ്ട് ഇന്ത്യയുടെ പെനാൽറ്റി കോർണര്‍ വിജയിക്കാതെ പോയി. കളി തീരാന്‍ നാല് മിനുറ്റ് മാത്രം ശേഷിക്കേ ആകാശ്ദീപ് സിംഗ് 56-ാം മിനുറ്റിൽ ബുള്ളറ്റ് ഷോട്ടിലൂടെ 4-3ന് ഇന്ത്യക്ക് കപ്പുറപ്പിക്കുകയായിരുന്നു.
Discussion about this post