ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഉദ്ധരിച്ച് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിൻ്റെ പ്രസംഗം. ഉക്രൈനിലെ റഷ്യന്‍ അധിനിവേശം ലോകത്തെ വിഭജിക്കുകയാണെന്നും ‘കൊളോണിയലിസത്തിൻ്റെ യുഗം’ പുനഃസ്ഥാപിക്കുകയാണെന്നും ലോക നേതാക്കളോട് നടത്തിയ പ്രസംഗത്തില്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി.
ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണ്. പ്രതികാരത്തിനോ പരസ്പരം പോരടിക്കുന്നതിനോ ഉള്ള സമയമല്ല. പരമാധികാര രാഷ്ട്രങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് വെല്ലുവിളികളെ നേരിടേണ്ട കാലമാണിതെന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ യുഎന്‍ ആസ്ഥാനത്ത് ജനറല്‍ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് മാക്രോണ്‍ പറഞ്ഞു.
ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോട് ഉക്രൈന്‍ അധിനിവേശം അവസാനിപ്പിച്ച് സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് മടങ്ങാന്‍ ഉപദേശിച്ചു. ആ ഉപദേശം ചെവിക്കൊള്ളണം. വേലിക്ക് പുറത്തുനിന്ന് കാഴ്ചകള്‍ കാണുന്ന സമീപനം ലോകരാഷ്ട്രങ്ങള്‍ അവസാനിപ്പിക്കണം.
വിഷയത്തില്‍ റഷ്യക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യം നിഷ്പക്ഷ രാജ്യങ്ങളെ ബോധ്യപ്പെടുത്തണം. യുദ്ധത്തിന്റെ കാര്യത്തില്‍ നിശ്ശബ്ദത പാലിക്കരുതെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ചതെന്നും മാക്രോണ്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മോദിയുടെ സന്ദേശം ലോകരാഷ്ട്രങ്ങള്‍ക്കെല്ലാം വേണ്ടിയാണെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ വൈറ്റ്ഹൗസില്‍ നടത്തിയ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് നല്‍കിയ സന്ദേശം അമേരിക്ക സ്വാഗതം ചെയ്യുന്നുവെന്ന് സള്ളിവന്‍ പറഞ്ഞു. റഷ്യ യുഎന്‍ ചാര്‍ട്ടറിന്റെ അടിസ്ഥാന നിബന്ധനകള്‍ പാലിക്കുകയും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരികെ നല്‍കുകയും ചെയ്യണമെന്ന് സള്ളിവന്‍ ആവശ്യപ്പെട്ടു.
Discussion about this post