ബീജിങ്: ചൈനയില്‍ ജനങ്ങളും പോലീസുമായി ഏറ്റുമുട്ടല്‍. വ്യാപക സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്ക്. കൊവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ ജനങ്ങളെ ബന്ദികളാക്കിയതില്‍ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭങ്ങള്‍ കാലങ്ങളായുള്ള അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ തിരിഞ്ഞതോടെ വ്യാപകമായ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇന്നലെ ഗാങ്ഷു നഗരത്തില്‍ വൈറ്റ്‌പേപ്പര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. തുടര്‍ന്നാണ് ഏറ്റുമുണ്ടാലുണ്ടായതെന്ന് സ്വകാര്യ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ചാനലുകള്‍ ചൂണ്ടിക്കാട്ടുന്നു. ഓറഞ്ചും നീലയും നിറത്തിലുള്ള ബാരിക്കേഡുകള്‍ നിലത്തു ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും പരിക്കേറ്റവരുടെ നിലവിളികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളിലുണ്ട്.
ആളുകള്‍ പോലീസിന് നേരെ കല്ലും വടിയും എറിഞ്ഞു. സമരം ചെയ്ത പന്ത്രണ്ടോളം പേരെ കേബിള്‍വയറുകൊണ്ട് കെട്ടിവരിഞ്ഞാണ് പോലീസ് നീക്കം ചെയ്തത്. അതേസമയം സമരത്തിനിറങ്ങി എന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ കയറി കസ്റ്റഡിയിലെടുക്കുന്ന നടപടിയിലേക്ക് പോലീസ് നീങ്ങിയിട്ടുണ്ടെന്ന് ഗാങ്ഷു നിവാസിയായ ചെന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹൈസു ജില്ലയിലെ ഹൂജിയാവോ ഗ്രാമത്തില്‍ നൂറോളം പോലീസുകാരാണ് റെയ്ഡിന് നിയോഗിക്കപ്പെട്ടത്.
1.8 ദശലക്ഷത്തിലധികം ആളുകളുള്ള ജില്ലയായ ഹൈസു, ഗ്വാങ്ഷൂവിലെ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള മേഖലയാണ്. മൂന്ന് മാസമായി ഇവിടുത്തെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. ഇതേത്തുടര്‍ന്നാണ് ഹൈസുവിലെ ജനങ്ങള്‍ സംഘടിച്ച് നിരത്തിലിറങ്ങിയത്. ഈ പ്രതിഷേധത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് വീട് കയറി ആളുകളെ കസ്റ്റഡിയിലെടുക്കുന്നത്.
അതേസമയം, ടിയാന്‍ഹെ ജില്ലയില്‍നിന്ന് ജനങ്ങള്‍ പലായനം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡും മരണവും ഭരണകൂട അക്രമവും മൂലം ജനങ്ങളില്‍ പലരും ജില്ല വിട്ടുപോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post