ധാക്ക: നാനൂറ് വര്‍ഷം പഴക്കമുള്ള ശിവ, ശ്യാമ മന്ദിരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ പ്രക്ഷോഭം. ജെസ്സോര്‍ ജില്ലയിലെ അഭയനഗര്‍ ശ്രീധര്‍പൂര്‍ ഗ്രാമത്തിലെ പുരാതന ജമീന്ദര്‍ബാരി പരിസരത്താണ് പുരാതന നിര്‍മ്മിതികളായ ശിവമന്ദിറും ശ്യാമ മന്ദിറും നിലനില്‍ക്കുന്നത്. നാശത്തിലേക്ക് നീങ്ങുന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കണമെന്ന് ആവശ്യമുയര്‍ത്തിയാണ് ഗ്രാമവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
1759ല്‍ പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ നിന്നെത്തിയ ജമീന്ദര്‍ ബന്‍മാലി ബോസ് 50 ഏക്കര്‍ സ്ഥലം വാങ്ങിയാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. ഇഷ്ടികയും ചുണ്ണാമ്പും കൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രങ്ങള്‍ അക്കാലത്തെ ഏറ്റവും മികച്ച വാസ്തുവിദ്യയായാണ് കണക്കാക്കപ്പെടുന്നത്. ജമീന്ദാരി കാലത്ത്, രണ്ട് ക്ഷേത്രങ്ങളിലെയും ദൈനംദിന പൂജകളും വാര്‍ഷിക പൂജകളും വലിയ ഉത്സവങ്ങളായിരുന്നു. ജമീന്ദര്‍ബാരി അംഗങ്ങളെ കൂടാതെ പ്രദേശത്തെയും ദൂരെയുമുള്ള സ്ത്രീകളും പുരുഷന്മാരും ഭക്തരും ആ പൂജകളില്‍ പങ്കെടുത്തു.
ജമീന്ദാരി സമ്പ്രദായം നിര്‍ത്തലാക്കിയ ശേഷവും വര്‍ഷങ്ങളോളം ഇവിടെ ആരാധന നടന്നു. എന്നാല്‍ കാലക്രമേണ, ക്ഷേത്രങ്ങള്‍ നാശത്തിലേക്ക് നീങ്ങുകയാണ്. ജമീന്ദാര്‍ വീടുകളുടെ ഭൂരിഭാഗം സ്ഥലങ്ങളും ഇതിനകം വിറ്റുകഴിഞ്ഞു. ഇപ്പോഴും പ്രദേശത്തെ വിശ്വാസികളുടെ പങ്കാളിത്തത്തോടെ വാര്‍ഷിക ശ്യാമപൂജയും ശിവപൂജയും ഇവിടെ നടക്കുന്നുണ്ട്.
പ്രാദേശിക ഭരണകൂടത്തിന്റെയോ സര്‍ക്കാര്‍ പുരാവസ്തു വകുപ്പിന്റെയോ സഹായത്തോടെ ക്ഷേത്രങ്ങള്‍ പുരാതന സ്മാരകങ്ങളായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രാമീണര്‍ സമരത്തിന് തയാറെടുക്കുന്നത്.
Discussion about this post