പനാജി: ഭീകരതയെ പൂര്‍ണമായി തുടച്ചുനീക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനോട് (എസ്സിഒ) ഇന്ത്യയുടെ ആഹ്വാനം. ബെനാലിമിലെ എസ്‌സിഒ ഉച്ചകോടിയില്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ, ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ്, റഷ്യയുടെ സെര്‍ജി ലാവ്റോവ് എന്നിവരുടെ സാന്നിധ്യത്തിലാണ് അതിര്‍ത്തി കടന്നുള്ളതടക്കം എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ അടിമുടി നശിപ്പിക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കര്‍ പറഞ്ഞത്.
തീവ്രവാദത്തെ നേരിടുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് എസ്സിഒയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയെ വളര്‍ത്താനുപയോഗിക്കുന്ന എല്ലാ സാമ്പത്തിക മാര്‍ഗങ്ങളും പിടിച്ചെടുക്കണം. അതിന് എന്തെങ്കിലും തരത്തിലുള്ള വേര്‍തിരിവുകള്‍ക്ക് അടിസ്ഥാനമില്ല.
”ലോകം കൊവിഡ് മഹാമാരിയെയും അതിന്റെ അനന്തരഫലങ്ങളെയും നേരിടുന്നതിന് കഠിനമായി പരിശ്രമിക്കുമ്പോഴും തീവ്രവാദ ശക്തികള്‍ക്ക് പണം ലഭിച്ചു. ഭീകരഭീഷണി അനിയന്ത്രിതമായി തുടര്‍ന്നുവെന്ന് പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ഭീകരതയെ ചെറുക്കുക എന്നത് എസ്സിഒയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എസ്സിഒയില്‍ ബഹുമുഖ സഹകരണം വികസിപ്പിക്കുന്നതിനും അംഗരാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ സമാധാനം, സ്ഥിരത, ആശയവിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നണ്ട്. കോവിഡും യുദ്ധങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങളുമെല്ലാമടക്കം ലോകം നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് അഫ്ഗാനിസ്ഥാനില്‍ സാഹചര്യം എസ് സിഒയുടെ ശ്രദ്ധാവിഷയമാകണം. ഭീകരതയ്‌ക്കെതിരായ നിലപാട് തുടരുമ്പോള്‍ തന്നെ അഫ്ഗാന്‍ ജനതയുടെ ക്ഷേമത്തിനായിരിക്കണം ഊന്നല്‍. അടിയന്തര മുന്‍ഗണനകളില്‍ മാനുഷിക സഹായം നല്‍കല്‍, സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കല്‍ എന്നിവയും എസ് സിഒയുടെ കടമയാണെന്ന് ജയശങ്കര്‍ പറഞ്ഞു.
Discussion about this post