കാന്‍ബറ(ആസ്‌ട്രേലിയ): ആസ്‌ട്രേലിയയിലെ ഖാലിസ്ഥാന്‍ പ്രചാരണ പരിപാടി വിലക്ക് സിഡ്‌നി സിറ്റി കൗണ്‍സില്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. സിഡ്‌നിയിലെ ബ്ലാക്ക്ടൗണ്‍ സിറ്റിയിലാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന ഖാലിസ്ഥാന്‍ അനുകൂല സംഘടന പരിപാടി നടത്താന്‍ തീരുമാനിച്ചത്. ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി സിഡ്‌നിയിലെത്തുന്ന പരിഗണിച്ച് ഖാലിസ്ഥാന്‍ സംഘടനകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചതായി ദി ഓസ്ട്രേലിയ ടുഡേ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് നരേന്ദ്രമോദി എത്തുന്നത്.
നഗരത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ഖാലിസ്ഥാന്‍ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തു. വിക്ടോറിയ ആസ്ഥാനമായുള്ള സംഘടനയ്‌ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കണക്കില്‍പ്പെടാത്ത പണമിടപാടുമായുള്ള ബന്ധമാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞയാഴ്ച സിഡ്നിയിലെ പ്രമുഖ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിരത്തിനെതിരെ അക്രമം നടന്നിടുന്നു. ക്ഷേത്രച്ചുവരുകളില്‍ ഖാലിസ്ഥാന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിരുന്നു. മാര്‍ച്ചില്‍, അല്‍ബനീസിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി മോദി അദ്ദേഹത്തോട് ഇത്തരം വിഷയങ്ങളുന്നയിച്ചിരുന്നു.
Discussion about this post