ദുബായ്: ഇന്ത്യാ-യുഎഇ ബന്ധം മുമ്പത്തേക്കാൾ ശക്തമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക കരാർ, പരസ്പര സഹകരണത്തിന്റെ മികച്ച മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു..ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞത് ആഗോള തലത്തിൽ രാജ്യത്തിന് ലഭിക്കുന്ന അംഗീകാരത്തിന്റെ തെളിവാണെന്നും വി മുരളീധരൻ ദുബായിൽ പറഞ്ഞു.
ഐഐഎം റൊഹ്താകും ഗ്ലോബൽ ബിസിനസ് അഡ്വാൻസ്‌മെന്റ് അക്കാദമിയും സംയുക്തമായി ദുബായിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. യുഎഇ-യും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച സെപാ കരാറിലൂടെ ഇരു രാജ്യങ്ങൾക്കും അതുല്യമായ അവസരങ്ങളാണ് ലഭിച്ചത് .പരസ്പര സഹകരണത്തിലൂടെ വ്യാപാര ബന്ധം ശക്തിപെടുത്താനും അവസരങ്ങൾ പരമാവധി പ്രയോജപ്പെടുത്താനും സെപാ കരാർ സഹായിച്ചെന്ന് വി മുരളീധരൻ കൂട്ടിച്ചേർത്തു. സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം സുസ്ഥിര ആവാസ വ്യവസ്ഥകൂടി ലക്ഷ്യം വച്ചാണ് ഇന്ത്യ പ്രവർത്തിക്കുന്നത്.
ഇന്ത്യാ-യുഎഇ-ഇസ്രയേൽ-അമേരിക്ക സഹകരണ ഗ്രൂപ്പ് സാമ്പത്തിക വികസനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി അടക്കമുള്ളവർ പരിപാടിയിൽ സംബന്ധിച്ചിരുന്നു.
Discussion about this post