ലണ്ടന്‍: സ്വിറ്റ്സര്‍ലന്‍ഡിലെ ലുസാനില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ചോപ്ര കിരീടം ചൂടി. നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍കൂടിയായ നീരജ് ചോപ്ര 87.66 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഒന്നാമതെത്തിയത്. ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജ് ഒന്നാമതെത്തിയത്.
ഒമ്പത് പേര്‍ പങ്കെടുത്ത പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ അഞ്ചാം ശ്രമത്തിലാണ് നീരജ് 87.66 മീറ്റര്‍ കണ്ടെത്തിയത്. ആദ്യ ശ്രമം ഫൗളില്‍ കലാശിച്ചു. രണ്ടാം ശ്രമത്തില്‍ 83.52 മീറ്റര്‍ മാത്രം എറിയാനായ നീരജ് മൂന്നാം ശ്രമത്തില്‍ അത് 85.04 മീറ്ററായി ഉയര്‍ത്തി. നാലാം ശ്രമം വീണ്ടും ഫൗളില്‍ കലാശിച്ചു. അഞ്ചാം ശ്രമത്തില്‍ വിജയമുറപ്പിച്ചുകൊണ്ട് നീരജ് കുതിച്ചുയര്‍ന്നു. ആറാം ശ്രമത്തില്‍ 84.15 മീറ്റര്‍ ദൂരമാണ് താരം കണ്ടെത്തിയത്.
പരിക്കിന്റെ പിടിയിലായിരുന്ന നീരജ് കഴിഞ്ഞ ഒരു മാസമായി വിശ്രമത്തിലായിരുന്നു. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനായ ഉടനെതന്നെ താരത്തിന് കിരീടം നേടാനായി. 25 കാരനായ നീരജ് മേയ് അഞ്ചിന് നടന്ന ദോഹ ഡയമണ്ട് ലീഗിലും കിരീടം നേടിയിരുന്നു.
അതേസമയം ലോങ് ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ അഞ്ചാമതെത്താനേ സാധിച്ചൊള്ളൂ. ഒമ്പത് പേര്‍ പങ്കെടുത്ത മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലേക്ക് കയറാന്‍ താരത്തിന് സാധിച്ചില്ല. മൂന്നാം ശ്രമത്തില്‍ നേടിയ 7.88 മീറ്ററാണ് താരത്തിന് അഞ്ചാം സ്ഥാനം സമ്മാനിച്ചത്.
Discussion about this post