ലണ്ടന്‍: ബലൂച് വിമോചന പോരാട്ടം തകര്‍ക്കാന്‍ ചൈന പാക് ഭരണകൂടത്തെ സഹായിക്കുകയാണെന്ന് ബലൂച് നാഷണല്‍ മൂവ്‌മെന്റ് നേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹക്കിം ബലോച്ച്. ലണ്ടനില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുടെ സഹായമില്ലാതെ പാകിസ്ഥാന് നിലനില്‍ക്കാന്‍ സാധ്യമല്ലെന്ന് ഹക്കിം പറഞ്ഞു.
ചൈന അവരുടെ സാമ്പത്തിക, സൈനിക താത്പര്യങ്ങള്‍ക്കായി ബലൂചിന്റെ പൈതൃകവും ജീവിതവും തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബലൂചിസ്ഥാനില്‍ ചൈനീസ് എന്‍ജിനീയര്‍മാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഹക്കീം.
ചൈന പണമിറക്കുന്നത് ബലൂച് ജനതയ്ക്കുവേണ്ടിയോ പഞ്ചാബിനോ വേണ്ടിയല്ല. ഗാദ്വര്‍ തുറമുഖമാണ് അവര്‍ ലക്ഷ്യമിടുന്നത്. അതുവഴി മധ്യേഷ്യയെ സൈനികമായി നിയന്ത്രിക്കാമെന്നാണ് അവര്‍ കരുതുന്നത്. ഞങ്ങളാരും വികസനത്തിന് എതിരല്ല. പക്ഷേ, ഇത് ബലൂചികള്‍ക്ക് ഒരു ഗുണവും ചെയ്യില്ല. ഇവിടെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാണ്. എയര്‍ കണ്ടീഷന്‍ ജിവിതമല്ല കുടിവെള്ളമാണ് ഞങ്ങള്‍ക്കാവശ്യം. ചൈനയുടെ മിടുക്കില്‍ ബലൂചില്‍ പാകിസ്ഥാന്‍ കടന്നുകയറുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഹക്കിം സ്വാതന്ത്ര്യത്തിനായി ജനങ്ങള്‍ അവിടെ യുദ്ധം ചെയ്യുകയാണെന്ന് പറഞ്ഞു.
ചൈനയുടെയും പാകിസ്ഥാന്റെയും അധിനിവേശത്തെ രാഷ്ട്രീയമായോ സായുധമായോ ചെറുക്കാതെ ബലൂച് ജനതയ്ക്ക് വേറെ വഴിയില്ല. ഇസ്ലാമിന്റെ പേരിലാണ് പാകിസ്ഥാന്‍ ബലൂചിസ്ഥാനെ കീഴടക്കിയത്. മയക്കുമരുന്നും മതതീവ്രവാദവുമാണ് അവര്‍ നല്കിയത്. വിദ്യാഭ്യാസമില്ല, ജോലിയില്ല, വ്യവസായമില്ല. ഈ രീതിയില്‍ തുടരാന്‍ സാധ്യമല്ല, ഹക്കിം ബലോച് പറഞ്ഞു.
Discussion about this post