ഡമാസ്‌കസ്: സിറിയയില്‍ സൈനിക കോളജിലെ ബിരുദദാനച്ചടങ്ങിനിടെ ഡ്രോണ്‍ ആക്രമണം. എണ്‍പത് പേര്‍ കൊല്ലപ്പെട്ടു. 240 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറ് കുട്ടികളും നിരവധി സാധാരണക്കാരും സൈനികോദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഹോംസ് പ്രവിശ്യയിലെ ഒരു സൈനിക കോളജിനിടയിലാണ് ആക്രമണം നടന്നതെന്ന് സിറിയന്‍ ആരോഗ്യ മന്ത്രി ഹസന്‍ അല്‍ ഗബാഷ് സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ഹസന്‍ അല്‍ ഗബാഷ് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.സിറിയന്‍ പ്രതിരോധ മന്ത്രി അലി മുഹമ്മദ് അബ്ബാസ് ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹം വേദിയില്‍ നിന്ന് പോയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. ബിരുദദാനച്ചടങ്ങ് സമാപനത്തോട് അടുക്കുന്ന സമയത്താണ് സ്‌ഫോടകവസ്തുക്കളുമായി ഡ്രോണുകള്‍ ആക്രമണം നടത്തിയതെന്ന് സിറിയന്‍ സൈനിക വക്താവ് ചൂണ്ടിക്കാട്ടി. ‘അറിയപ്പെടുന്ന അന്താരാഷ്ട്ര ശക്തികളുടെ പിന്തുണയുള്ള’ ഭീകരരാണ്് ആക്രമണത്തിന് പിന്നിലെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.ഹോംസിലെ ഡ്രോണ്‍ ആക്രമണത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉത്കണ്ഠ രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു, സങ്കീര്‍ണവും അസ്ഥിരവുമായ സാഹചര്യമാണ് സിറിയയിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post