അബുജ(നൈജീരിയ): അമേരിക്ക മൂന്ന് മാസം കൊണ്ടുചെയ്യുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ഭാരതം ഒരു മാസം കൊണ്ട് ചെയ്യുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. നൈജീരിയയിലെ അബുജയില്‍ ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം പണരഹിത ഇടപാടുകളിലെ രാജ്യത്തിന്റെ മുന്നേറ്റത്തെക്കുറിച്ച് വിവരിച്ചത്.
സാങ്കേതികവിദ്യയെ ശരിയാം വിധം ഉപയോഗിച്ച് ഓരോ ഭാരതീയന്റെയും ജീവിതം കേന്ദ്രസര്‍ക്കാര്‍ എളുപ്പത്തിലാക്കി. വളരെ കുറച്ചുപേര്‍ മാത്രമാണ് പണം പണമായി വിനിമയം ചെയ്യുന്നത്. ഒരു പതിറ്റാണ്ടിനിടയില്‍ വലിയ മാറ്റമാണ് ദേശീയ ജനജീവിതത്തില്‍ ഉണ്ടായതെന്ന് ജയശങ്കര്‍ പറഞ്ഞു.
കൊവിഡിനെ നേരിടുന്നതില്‍ പല രാജ്യങ്ങളും പകച്ചുനിന്നപ്പോള്‍ നമ്മള്‍ പോരാടി. എഴുപത് ലക്ഷം ഭാരതീയരെയാണ് വിദേശരാജ്യങ്ങളില്‍ നിന്ന് അക്കാലത്ത് രാജ്യം സുരക്ഷിതരായി ജന്മനാട്ടിലെത്തിച്ചത്. നമ്മള്‍ ജനങ്ങളെ സംരക്ഷിക്കുക മാത്രമല്ല, കൊവിഡിന് വാക്‌സിന്‍ കണ്ടെത്തി. അത് റിക്കാര്‍ഡ് വേഗത്തില്‍ എല്ലാവരിലും എത്തിച്ചു. ഭയന്നുപോയ പല രാജ്യങ്ങള്‍ക്കും നമ്മള്‍ വാക്‌സിന്‍ കൈമാറി.
ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഭാരതം മാറി. രാജ്യത്തേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. രാജ്യത്തെവിടെ യാത്ര ചെയ്താലും എന്തെങ്കിലുമൊക്കെ പണി നടക്കുന്നത് നിങ്ങള്‍ക്ക് കാണാം. അത് മെട്രോയാകാം, റോഡാകും, വിമാനത്താവളങ്ങളാകാം…. പുതിയ ട്രെയിനുകള്‍ വരുന്നു, റെയില്‍വേ സ്റ്റേഷനുകള്‍ വരുന്നു, എല്ലാവരുടെയും ഗ്രാമത്തില്‍ പൈപ്പ് വെള്ളം എത്തുന്നു, വൈദ്യുതിയെത്തുന്നു, ജയശങ്കര്‍ പറഞ്ഞു.
അതിശയിപ്പിക്കുന്ന വേഗതയിലാണ് പുതിയ ഭാരതും ഉയരുന്നത്. വളര്‍ച്ചാനിരക്ക് എന്നത് വികസനത്തിലും നിക്ഷേപത്തിലും മാത്രമല്ല പ്രകടമാകുന്നത്. ഭാരതീയരുടെ മനോഭാവത്തിലും ആ വളര്‍ച്ച പ്രതിഫലിക്കുന്നു. എല്ലാവരും രാഷ്ട്രം എന്ന ഭാവത്തില്‍ ഒരുമിക്കുന്നു. ഹര്‍ ഘര്‍ തിരംഗ മുതല്‍ ശ്രീരാമക്ഷേത്രം വരെ രാഷ്ട്രം മുന്നോട്ടുവയ്ക്കുന്ന എല്ലാ മുന്നേറ്റങ്ങളും ജനം ഏറ്റെടുക്കുന്നത് അതിന്റെ അടയാളമാണെന്ന് ജയശങ്കര്‍ പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജയശങ്കര്‍ 21നാണ് നൈജീരിയയിലെത്തിയത്. ആറാമത് ഭാരത-നൈജീരിയ ജോയിന്റ് കമ്മിഷന്‍ മീറ്റിങ്ങില്‍ സഹ അധ്യക്ഷനായി അദ്ദേഹം പങ്കെടുക്കും. ബിസിനസ് കൗണ്‍സില്‍ മീറ്റിങ്ങിന്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്യും, നൈജീരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ സംസാരിക്കുന്ന കേന്ദ്രമന്ത്രി മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും.
Discussion about this post