കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച മന്നത്ത് പത്മനാഭന്‍ 1878 ജനുവരി 2ന് ചങ്ങനാശ്ശേരില്‍ ജനിച്ചു. വിദ്യാഭ്യാസത്തിന് ശേഷം വളരെ ചെറിയ പ്രായത്തില്‍ തന്നെ കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ദേഹം അധ്യാപകനായി ജോലിക്ക് ചേര്‍ന്നു. തുടര്‍ന്ന് സ്വപ്രയത്‌നത്താല്‍ 1905ല്‍ അഭിഭാഷകനായി.
മന്നത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍.എസ്.എസ്). നായർസമുദായത്തിന്റെ സർവസ്വവുമായ അദ്ദേഹം സ്വസമുദായത്തോടൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കുവേണ്ടി തന്റെ ജീവിതാവസാനം വരെ നിസ്വാർഥമായി പ്രവർത്തിച്ച കർമയോഗിയാണ്.
സാമൂഹികപ്രശ്നങ്ങളെ ആഴത്തിൽ വിശകലനംചെയ്ത്, യുക്തിപൂർവം പരിഹാരങ്ങൾ കണ്ടെടുത്ത്, കൃത്യവും വ്യക്തവുമായ പ്രായോഗികമാർഗങ്ങൾ അവലംബിച്ച്, ഉറച്ച ചുവടുകൾവെച്ച് ലക്ഷ്യത്തിലേക്ക് കയറിപ്പോകുന്ന തികഞ്ഞ ആസൂത്രണബുദ്ധിയായിരുന്നു മന്നത്തിന്റേത്.
പതിറ്റാണ്ടുകൾ നിലനിന്ന സാമൂഹികപ്രശ്നങ്ങളെ വിധിയെന്നുപഴിച്ച് പരിതപിച്ചവർക്കും പ്രതിസന്ധിയെന്നെണ്ണി പകച്ചുനിന്നവർക്കും അവരുടെ മനോഭാവമാണ് മാറ്റേണ്ടതെന്ന ബോധ്യം പകർന്നുകൊടുത്തു, മന്നത്ത് പദ്മനാഭൻ. മുമ്പേനടന്ന് അദ്ദേഹം വഴിവെട്ടി. ആ വഴിയേ ധൈര്യമായി നടന്ന് മുന്നേറാൻ ദുർബലരെന്ന് സ്വയം ധരിച്ചവരെ പ്രാപ്തരാക്കി. സാമൂഹികയാഥാർഥ്യങ്ങൾ നീതിക്കും ധർമത്തിനും നിരക്കാത്തതെങ്കിൽ അതിന്റെ മുന്നിൽ പതറാതെ നേരിട്ട് എതിർത്തുതോൽപ്പിക്കേണ്ടതാണെന്ന ഉറച്ച നിലപാടായിരുന്നു മന്നത്തിന്. അരുതായ്മകൾക്കെതിരേ ഗർജിക്കുന്ന സിംഹമായിരുന്നു ഭാരതകേസരി.
ക്ലേശപൂർണമായാലും കർമമാർഗത്തിൽ തളരാതെ മുന്നോട്ടുതന്നെ നടന്ന മന്നം, തനിക്കുപറ്റാത്ത എന്തെങ്കിലും കാര്യമുള്ളതായി കരുതിയില്ല. താൻ ചെയ്യാനുദ്ദേശിക്കാത്തതെന്തെങ്കിലും ചെയ്യാൻ മറ്റാരെയും ഉപദേശിച്ചതുമില്ല. താഴ്ന്നജാതിക്കാരെന്ന് സമൂഹം കല്പിച്ചവരെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ഭക്ഷണം വിളമ്പിക്കൊടുത്തതുപോലെ വിപ്ലവകരവും പേരിലെ ജാതിവാൽ മുറിച്ചതുപോലെ മാതൃകാപരവുമായ പ്രവർത്തനങ്ങൾ അദ്ദേഹത്തിൽനിന്നുണ്ടായി. ഒന്നുമില്ലായ്മയിൽനിന്ന് തുടങ്ങി, ചുരുങ്ങിയ കാലംകൊണ്ട് വിദ്യാഭ്യാസരംഗത്ത് മന്നം പടുത്തുയർത്തിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ ജാതി-മത ഭേദമില്ലാതെ കേരളീയ സമൂഹത്തിന്റെ വൈജ്ഞാനികപുരോഗതിക്ക് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.
1924ലെ ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്നും കാൽനടയായി രാജധാനിയിലേക്കു പുറപ്പെട്ട ‘സവർണജാഥ’, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയവ ആ സംഘടനാചാതുരിയും നേതൃപാടവവും പ്രക്ഷോഭണവൈദഗ്ധ്യവും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്.
1959ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിനിടയാക്കിയ വിമോചനസമരം എന്ന പേരിലറിയപ്പെടുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു. 1966ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. 1970 ഫെബ്രുവരി 25ന് അന്തരിച്ചു..
Discussion about this post