ഭാരത ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ മഹാരാജാക്കന്മാരില്‍ ഒരാളായിരുന്നു വിജയനഗര സാമ്രാജ്യത്തിലെ ശ്രീകൃഷ്ണ ദേവരായര്‍. 1471 ജനുവരി മാസം 17 ന് നാരാസ നായകന്റേയും നാഗല ദേവിയുടേയും മകനായി ജനിച്ച കൃഷ്ണദേവരായർ തികഞ്ഞ പോരാളിയും, നിപുണനായ ഭരണകര്‍ത്താവും, കലകളുടെ സംരക്ഷകനുമായിരുന്നു. സമാധാനത്തിന്റെയും, അഭിവൃദ്ധിയുടെയും കാലഘട്ടം എന്നാണ് അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തുന്നത്. കീഴടക്കിയ ശത്രുവിനെ ബഹുമാനത്തോടുകൂടി മാത്രമേ അദ്ദേഹം പരിഗണിക്കുമായിരുന്നുള്ളൂ. 1520 മാര്‍ച്ച് 19 ന് ഇസ്മായില്‍ ആദില്‍ ഷായെ പരാജയപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ യുദ്ധവിജയം. ഇത് ദക്ഷിണേന്ത്യയിലെ മുഗള അധിനിവേശത്തിനു അന്ത്യം കുറിക്കുകയും, കൃഷ്ണദേവരായർ ദക്ഷിണേന്ത്യയൊട്ടാകെ സമുന്നതനായ ഭരണാധികാരിയായി അറിയപ്പെടുകയും ചെയ്തു.
വിജയനഗരം റോമിനേക്കാൾ മഹനീയമാണെന്നും കൃഷ്ണദേവരായരെ കുറ്റമറ്റ ചക്രവർത്തി എന്നും പോർത്തുഗീസ് സഞ്ചാരി ഡോമിങ്കോ പയസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. കൃഷ്ണദേവരായരുടെ സദസ്സിലെ മന്ത്രിമാർ അഷ്ടദിഗ്ഗജങ്ങൾ എന്നറിയപ്പെട്ടിരുന്നു. സാഹിത്യകാരന്മാരിലെ പ്രധാനികൾ അലസാനിപെദ്ദണ്ണനും നന്ദിതിമ്മണ്ണനുമായിരുന്നു. തെലുങ്കു കവിതയുടെ പിതാമഹൻ എന്നു കരുതപ്പെടുന്ന അലസാനിപെദ്ദണ്ണനാണ് സ്വരോചിഷമനുചരിതത്തിന്റെ കർത്താവ് . പാരിജാതാപഹരണം എന്ന കവിതയെഴുതിയത് നന്ദിതിമ്മണ്ണനാണ് . അഷ്ടദീഗ്ഗജങ്ങളിൽ ഒരാളായിരുന്നു ഫലിതവിദ്വാനായ തെനാലി രാമൻ.
കൃഷ്ണദേവരായരും, മുൻഗാമികളും കുറുബ ബണ്ടു വിഭാഗത്തില്‍ ഉള്‍പ്പെട്ടതാനെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാപ്പു വിഭാഗവുമായി ബന്ധപ്പെട്ട ബണ്ടുകള്‍ ഇന്നും കര്‍ണ്ണാടകയിലെ മുടിരാജ് വിഭാഗത്തിന്റെ ഭാഗമാണ്. ഇന്നത്തെ തുളുവ കുടുംബങ്ങളുടെ ഗോത്രമായ ശാലിന്ന്യ ഗോത്രമാണ് ശ്രീകൃഷ്ണ ദേവരായരുടെ ഗോത്രം.
1529 ഒക്ടോബർ 17 ന് അദ്ദേഹം സ്വർഗ്ഗസ്ഥനായി.
Discussion about this post