ലോകത്തിലെ ഏതു ഭാഷയിലും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വാക്കാണ് മാതൃഭാഷ. സ്വന്തം ഭാഷയ്ക്കു വേണ്ടി അമ്മയ്‌ക്കെന്നപോലെ ആരും പോരാടും. അത്തരമൊരു തീവ്ര പോരാട്ടത്തിന്റെ രക്തമിറ്റു വീണ വീര കഥ ഓര്‍മിപ്പിക്കുന്നതും കൂടിയാണ് ഇന്ന് ആചരിക്കപ്പെടുന്ന ലോക മാതൃഭാഷാ ദിനം. 1952ല്‍ ഫെബ്രുവരി 21ന് ഇന്നത്തെ ബംഗ്‌ളാദേശ് കിഴക്കന്‍ പാക്കിസ്ഥാനായിരുന്നപ്പോൾ വിദ്യാര്‍ത്ഥികളുടെ മാതൃഭാഷാ പ്രക്ഷോഭത്തിനു നേരെ ധാക്കയിലുണ്ടായ വെടിവെപ്പില്‍ പിടഞ്ഞു വീണു മരിച്ചവരെ സ്മരിക്കുന്നതു കൂടിയാണ് മാതൃഭാഷാ ദിനം. അന്നു പതിനായിരക്കണക്കിനു വിദ്യാര്‍ഥികളാണ് ബംഗ്‌ളാ ഭാഷയ്ക്കും സംസ്‌ക്കാരത്തിനുമായി മുറവിളി കൂട്ടിയത്. വെടിവെപ്പില്‍ എത്രപേര്‍ മരിച്ചെന്ന് ഇന്നും അറിയില്ല. 1999 നവംബറിലാണ് യുനസ്‌കോ ഫെബ്രുവരി 21ന് ലോക മാതൃഭാഷാ ദിനമായി കൊണ്ടാടാന്‍ തീരുമാനിച്ചത്. സ്വന്തം ഭാഷയെ പരിപോഷിപ്പിക്കാനും സംരക്ഷിക്കാനും അതു വഴി സാംസ്‌ക്കാരികോന്നമനം നേടാനുമാണ് ഈ ദിനംകൊണ്ടുദ്ദേശിക്കുന്നത്. ആശയത്തിന്റെയും സംസ്‌ക്കാരത്തിന്റെയും വിനിമയവും പടര്‍ച്ചയും കൂടുതല്‍ നടന്നിട്ടുള്ളത് ഭാഷയിലൂടെയാണ്. ഇന്നു ലോകത്തില്‍ പ്രധാനമായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട 20 ഭാഷകളും സജീവമായ ഏഴായിരം ഭാഷകളും ഇതേപടി എക്കാലവും നിലനില്‍ക്കുമെന്നു പറയാനാവില്ല. കാരണം ഈ ഭാഷകളുടെ പല ഇരട്ടി നശിച്ചു പോയിട്ടുണ്ട്. ഭാഷയുടെ ദുരുപയോഗം തന്നെയാണ് ഇത്തരം നാശത്തിന്റെ പ്രധാന കാരണം. ഇത്തരം നാശത്തില്‍ നിന്നും സ്വന്തം ഭാഷയെ രക്ഷിക്കാനുള്ള ജാഗ്രതയും കൂടിയാണ് ഈ ദിനത്തിന്റെ പ്രത്യേകത. മാതൃഭാഷാ സ്‌നേഹം പറഞ്ഞറിയിക്കാനാവില്ല. ജീവന്‍ നിലനിര്‍ത്താന്‍ ശ്വസിക്കുംപോലെ ജീവിതം നിലനിര്‍ത്താന്‍ ഭാഷ കൈകാര്യം ചെയ്യുന്നു. ഭാഷയാണ് ചരിത്രവും സംസ്‌ക്കാരവും സൃഷ്ടിക്കുന്നത്. ഭാഷ തന്നെയാണ് മനുഷ്യന്‍. ഇന്നു ലോക മാതൃഭാഷാ ദിനമായി ആചരിക്കുമ്പോള്‍ മാത്രം മലയാളി ഓര്‍ക്കുന്നതല്ല മലയാളം. പക്ഷേ സ്വന്തം ഭാഷയുടെ പ്രസക്തിയും അതിനോടുള്ള സ്‌നേഹവും പേര്‍ത്തും പേര്‍ത്തും ഊട്ടി ഉറപ്പിക്കാന്‍ ഒരവസരം. എന്നാല്‍ മൃതമായിക്കൊണ്ടാരിക്കുന്ന ചില ഭാഷകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇത്തരം ഭാഷാ ദിനങ്ങള്‍ക്കും ആചരണങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ടെന്നു കാണാം. മാതൃഭാഷ അമ്മയാണെന്നും തറവാടാണെന്നുമൊക്കെ ആദരവാര്‍ന്ന വിധം മലയാളത്തെക്കുറിച്ചു നമ്മുടെ കവികള്‍ പാടിയിട്ടുണ്ട്. ഇതില്‍ വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിത മാതൃഭാഷയായ മലയാളത്തിന്റെ മഹത്വം വലിയ ശബ്ദത്തില്‍ വിളിച്ചു പറയുന്നുണ്ട്. അമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്ന രണ്ടക്ഷരം, മറ്റുള്ള ഭാഷകള്‍ വെറും ധാത്രിമാര്‍, മാതാവിന്‍ വാത്സല്യ ദുഗ്ധം തുടങ്ങിയ മാതൃഭാഷയെക്കുറിച്ചുള്ള മഹത്തായ ഭാവനകള്‍ വള്ളത്തോളിന്റെയാണ്. മലയാളം എഴുത്തിലൂടെയും വായനയിലൂടെയും സാഹിത്യത്തിലൂടെയും മഹത്തായി വളര്‍ന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ എത്ര അക്ഷരം ഉണ്ടെന്നും മലയാളം എന്ന വാക്ക് എങ്ങനെ ഉണ്ടായെന്നും ചോദിച്ചാല്‍ പ്രശ്‌നമാണ് മലയാളിക്ക്. 51 എന്നു പറഞ്ഞാലും അഞ്ചോ ആറോ കൂട്ടാനും കിഴിക്കാനുമൊക്കെ അവന്‍ ശ്രമിക്കും. അതു മലയാളിയുടെ മാത്രം കുഴപ്പമല്ല. ആളാകാന്‍ വേണ്ടി അന്നും ചില പണ്ഡിതന്മാര്‍ അറിഞ്ഞുകൊണ്ട് ചില അവ്യക്തതകള്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. മലയ്ക്കും ആഴിക്കും ഇടയില്‍ കിടക്കുന്നതാണ് മലയാളം . മാതൃഭാഷയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും സര്‍ഗാത്മകമായി കൂടുതല്‍ പ്രവര്‍ത്തിക്കാനും ഈ ദിനം ഇടയാക്കട്ടെ .
എന്റെ ഭാഷ
മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം–
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ.
അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ
നമ്മള്‍ക്കമൃതുമമൃതായ്‌ത്തോന്നൂ!
ഏതൊരു വേദവുമേതൊരു ശാസ്ത്രവു–
മേതൊരു കാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം
ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു–
മുള്‍ത്തേനായ്‌ച്ചേരുന്നു ചിത്തതാരില്‍;
അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ
മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍.
-വള്ളത്തോള്‍
Discussion about this post