മെയ് 28
വീർ സവർക്കർ
ജന്മദിനം
മഹർഷിയെന്നാൽ മന്ത്രത്തെ
ദർശിച്ചവൻ എന്നാണർത്ഥം.
അങ്ങനെയെങ്കിൽ ഹിന്ദുത്വമെന്ന മഹാമന്ത്രം ഉരുക്കഴിച്ച മഹർഷിയാണ് വിനായക് ദാമോദർ സാവർക്കർ.
റാമോഷി വിപ്ലത്തിന്റെ ഭൂമികയായിരുന്ന മഹാരാഷ്‌ട്രയായിരുന്നു വീര സാവർക്കറുടെ ജന്മദേശം.സാവരി വൃക്ഷങ്ങൾ നിറഞ്ഞ പാൽഷെട് പ്രദേശത്ത് നിന്നുള്ള കുടുംബക്കാർ ആദ്യം”സാവർവാഡിക്കാർ”എന്നത് കുടുംബപേരായി സ്വീകരിച്ചു,കാലത്തിന്റെ കുത്തൊഴുക്കിൽ അത് ലോഭിച്ച് “സാവർക്കർ” എന്നായി മാറി.നാസിക്കിനടുത്ത് ഭാഗൂരിൽ 1883 മെയ് മാസം 28 ന് ദാമോദർ സവർക്കറുടെയും രാധാഭായിയുടേയും പുത്രനായി വിനായക് ദാമോദർ സാവർക്കർ ഭൂജാതനായി.ദാമോദർ സാവർക്കർക് നാല് മക്കളായിരുന്നു,മൂത്തവൻ ഗണേഷ് ദാമോദർ സാവർക്കർ,രണ്ടാമൻ വിനായക്ക് ദാമോദർ സാവർക്കർ പിന്നെ ഒരു പെങ്ങൾ മൈന സാവർക്കർ,ഏറ്റവും ഇളയവൻ നാരായണ് സാവർക്കർ.സാവർക്കർ സഹോദരന്മാർ മൂവരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ബ്രിട്ടിഷ് ഉദ്യോഗസ്ഥൻ ഡബ്ലിയു സി റാണ്ഡിന്റെ കൊലപാതകതെ തുടർന്ന് ബാൽ ഗംഗാധർ തിലകന്റെ ശിഷ്യന്മാരായ ചാപ്പെക്കർ സഹോദരന്മാരെ തൂക്കിലേറ്റുന്നത് സാവർക്കർ സഹോദരന്മാരുടെ ബാല്യകാലത്താണ്.ഈ കൊലപാതകങ്ങൾ സാവർക്കർ സഹോദരന്മാരെ ദുഃഖത്തിലാഴ്‌ത്തി,ചാപ്പെക്കർ സഹോദരന്മാരുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് സാവർക്കർ സഹോദരന്മാർ കടുംബദേവതയായ അഷ്ടഭുജ ഭവാനിക്ക് മുന്നിൽ അഗ്നിസാക്ഷിയായി സത്യം ചെയ്തു.ഇതിനായി ചെറിയ പ്രായത്തിൽ തന്നെ അഭിനവ് ഭാരത്,മിത്രമേള, വാനരസേന എന്നീ വിപ്ലവപ്രസ്ഥാനങ്ങൾ അവർ ആരംഭിക്കുകയുണ്ടായി.കൗമാരത്തിൽ തന്നെ സാവർക്കർ അസാമാന്യ വാക്പ്രഭുത്വത്താൽ അനുഗ്രഹീതനായിരുന്നു.ഛത്രപതി ശിവാജി,താനാജി മാൽസുരേ,ബാജി പ്രഭു,ബാജി ബല്ലാഡ് എന്നിവരുടെയെല്ലാം വീര ചരിതങ്ങൾ അദ്ദേഹം നാടൻ പാട്ടുകളായി എഴുതി തുടങ്ങി.മാമൂൽ വിരോധിയായിരുന്ന വിനായക് 1904 ൽ വിവിധഗ്യാൻ വിസ്താർ എന്ന മാസികയിൽ,വിധവകളുടെ വിഷമതകളെ ഉയർത്തിക്കാട്ടി,”വിധവാന്ച്ചി ദുകെ”എന്നൊരു ലേഖനമെഴുതി.ലോകമാന്യതിലകന്റെ അനുഗ്രഹത്തോട് കൂടി ഫർഗുസൻ കോളജിൽ നിന്നും സ്കോളർഷിപ്പ് വാങ്ങി ഉപരിപഠനത്തിനായി വിനായക് ഇംഗ്ലണ്ടിലേക്ക് തിരിച്ചു.അന്ന് ലോകമാന്യതിലകൻ തന്റെ സുഹൃത്തായ ശ്യാംജി കൃഷ്ണവർമ്മക്ക് വിനായക് സാവർക്കർ എന്ന തന്റെ പ്രിയ ശിഷ്യൻ ലണ്ടനിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹത്തിന് വേണ്ട സഹായങ്ങൾ ചെയ്ത കൊടുക്കണമെന്നും ഒരു കത്തെഴുതി.
ഇൻഡ്യാ ഹൗസ് വിപ്ലവകാരികളുടെ പറുദീസയായിരുന്നു.മാഡം ഭിക്കായി ജി കാമ, വീരേന്ദ്രനാഥ് ചാറ്റർജി,വി വി എസ് അയ്യർ, ലാല ഹർദയാൽ, മദൻലാൽ ധീംഗ്ര എന്നവനായിരുന്നു അതിൽ പ്രമുഖർ.ലണ്ടനിൽ എത്തിയ സാവർക്കർ ആ സമയത്തു തന്നെ സമകാലീനമായി വിപ്ലവം നടന്നിരുന്ന രാജ്യങ്ങളായ റഷ്യ,ചൈന, അയർലൻഡ്,തുർക്കി,ഈജിപ്ത്,ഇറാൻ എന്നീ പ്രവിശ്യകളിലെ വിദ്യാർഥികളുമായി സഹവാസത്തിലേർപ്പെട്ടു.പിൽക്കാലത്ത് പ്രസിദ്ധ എഴുത്തുകാരനായി മാറിയ ഐറിഷ് വിപ്ലവകാരി ഡേവിഡ് ഗാർനെത് തന്റെ ഗോൾഡൻ എക്കോ എന്ന ആത്മകഥയിൽ ഇന്ധ്യാ ഹൗസിലെ സവർക്കറെ പറ്റി പറയുന്നുണ്ട്.
ഇത്തരത്തിലുള്ള പല വിപ്ലവകാരികളിൽ നിന്നായി സ്ഫോടക വസ്തുക്കളുടെ നിർമ്മാണം പഠിച്ച അദ്ദേഹം “Art Of Bomb Making ” എന്ന പുസ്തകം തീവ്ര ദേശീയ സ്വഭാവമുള്ള യുവാക്കൾക്കായി എഴുതുകയുണ്ടായി.
പാണ്ഡുരംഗ് മഹാദേവ ബപ്പത്ത് എന്ന ഇന്ത്യൻ വിദ്യാർത്ഥിയാണ് സാവർക്കർ എഴുതിയ പുസ്തകം ആദ്യമായി തീവ്രദേശീയ സ്വഭാവമുള്ള യുവാക്കൾക്ക് കൈമാറ്റം ചെയ്തിരുന്നത്. സേനാപതി എന്ന പേരിൽ പ്രസിദ്ധനായ
ഇദ്ദേഹം പിന്നീട് ഭാരതത്തിലേക്ക് വന്നു,ബ്രിട്ടിഷ് സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ അലിപ്പൂർ ബോംബ് സ്ഫോടനത്തിന് സ്ഫോടക വസ്തുക്കൾ എത്തിച്ചത് ഇദ്ദേഹമായിരുന്നു.
സ്റ്റുവർട്ട് ഗെറ്റിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യൽ സമ്മിറ്റിലേക്ക് വിപ്ലവവനിതയായിരുന്ന മാഡം ഭിഖായി ജി കാമയേയും വീരേന്ദ്ര ചറ്റർജിയെയുമയക്കാൻ ഇന്ത്യാ ഹൗസ് തീരുമാനിച്ചു.സവർക്കറും മാഡം കാമയും ചേർന്ന് ഡിസൈൻ ചെയ്ത ത്രിവർണ്ണ പതാക സ്റ്റുവർട്ട് ഗട്ടിലെ സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ഉയർത്തപ്പെടുമ്പോൾ കാണികൾക്കിടയിൽ നിന്ന് സല്യൂട്ട് അടിച്ചതിൽ റാമസേ മക്ക്ഡൊണാൾഡും റോസലക്സൻബർഗും,ലെനിനും ഉണ്ടായിരുന്നു.
ശ്യാംജി കൃഷ്ണവർമ്മയുടെ ഇന്ത്യാ ഹൗസിലെ സ്ഥിരം സന്ദർശകനായിരുന്നു,ഹെറാൾഡ് ഓഫ് റിവോട്ട് പത്രത്തിന്റെ എഡിറ്ററും പ്രസിദ്ധനായ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഗെയ് അൽഡ്രഡ്.ഒരിക്കൽ അദ്ദേഹത്തോടോപ്പം ഒരു റഷ്യൻ വിപ്ലവകാരി ഇൻഡ്യാ ഹൗസിലെത്തി. സവർക്കറുമായും മറ്റ് വിപ്ലവകാരികളുമായും ഏറെ നേരം സംസാരിച്ചു.സവർക്കർ അദ്ദേഹത്തോട് റഷ്യയിലെ സവിശേഷ രാഷ്‌ട്രീയ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ചു മനസ്സിലാക്കി, സൗഹൃദപരമായ കൂടിക്കാഴ്ചക്ക് ശേഷം അവർ പിരിഞ്ഞു.പിൽക്കാലത്ത് റഷ്യയുടെ അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ് നേതാവ് വ്ലാഡിമർ ലെനിനായിരുന്നു അത്.
1909 ൽ അഭിനവ് ഭാരത് പ്രവർത്തകനും സവർക്കറുടെ സുഹൃത്തുമായിരുന്ന മദൻലാൽ ദീൻഗ്ര ലണ്ടനിൽ വെച്ച് കെഴ്സൻ വാലി എന്ന ബ്രിട്ടീഷ്കാരനെ വധിച്ചു. മദൻലാൽദിൻഗ്ര വളരെ പ്രസിദ്ധമായ ഒരു സമ്പന്ന കുടുംബാംഗമായിരുന്നു. ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജർ മദൻലാലിന്റെ പ്രവർത്തിയെ വിമർശിച്ചു കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കാനായി കെഴ്സൻ വാലിക്ക് അനുസ്മരണം സംഘടപ്പിച്ചു,അതിൽ മദൻലാലിന്റെ സ്വന്തം സഹോദരനുമുണ്ടായിരുന്നു.
അവർ”ഐക്യകണ്ഠമായി ഈ യോഗം മദൻലാലിനെ തള്ളി പറയുന്നു”എന്ന പ്രസ്താവന നടത്തി.എന്നാൽ സഭയുടെ ഒരു തലക്കൽ നിന്നൊരു ഇടിനാദമുയർന്നു,
അതൊരിക്കലും ഐക്യകണ്ഠമാവില്ല,മദൻ ലാൽ ഭാരതത്തിനായാണ് ജീവൻ നൽകിയത്”
“ആരാണത് ?” സംഘാടകർ ഒന്നടങ്കം ചോദിച്ചു.
“ഞാൻ വിനായക് ദാമോദർ സാവർക്കർ”
ആ പേര് കേട്ട മാത്രയിൽ പലരും യോഗം ബഹിഷ്‌കരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി, സാവർക്കർക്കൊപ്പം യോഗത്തിൽ പങ്കെടുത്തു കൊണ്ട് സർക്കാരിന്റെ കോപം ഏറ്റുവാങ്ങാതിരിക്കാൻ.ചിലരാവട്ടെ, അദ്ദേഹത്തെ കായികമായി ആക്രമിക്കാൻ മുൻപോട്ട് വന്നു.എന്നാൽ വി വി എസ് അയ്യർ അരയിൽ നിന്നും റിവോൾവർ എടുത്തു അവർക്ക് നേരെ ചൂണ്ടി.ഈ സംഭവങ്ങളെ തുടർന്ന് സാവർക്കർ ബ്രിട്ടീഷ് പോലീസിന്റെ നോട്ടപുള്ളിയായി മാറി.ആ കാലത്ത് വീര സാവർക്കർ സഹോദരൻ ഗണേഷ് സാവർക്കറുടെ ഉടമസ്ഥതയിലുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ വിലാസത്തിൽ ഇംഗ്ലണ്ടിൽ നിന്നും കൈ തോക്കുകൾ അയച്ചിരുന്നു.കട്ടിയുള്ള പുസ്തകങ്ങളുടെ ഉൾഭാഗം തുരന്ന് തോക്ക് വെച്ചാണ് അയച്ചിരുന്നത്.എന്നാൽ അഭിനവ് ഭാരത് പ്രവർത്തകൻ അനന്ത ലക്ഷമണ് കന്നാരെ,എ എം റ്റി ജാക്സൻ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ കാര്യങ്ങൾ എല്ലാം പുറത്തായി.ഗണേഷ് സാവർക്കറെ അറസ്റ്റ് ചെയ്ത് കാലാപാനിയിലേക്കയച്ചു.ഗൂഡാലോചന കുറ്റം ചുമത്തി വീര സാവർക്കറെ ബ്രിട്ടീഷ് ഗവണ്മെന്റ് അറസ്റ്റ് ചെയ്തു.ബ്രിട്ടീഷ് കപ്പലിൽ അറസ്റ്റ് ചെയ്ത് ആൻഡമാനിലേക്ക് കൊണ്ടുപോയിരുന്ന വഴിയിൽ സാവർക്കർ കടലിലേക്ക് എടുത്തു ചാടി ഫ്രഞ്ച് കോളനി ആയിരുന്ന മെർച്ചെല്ലയിൽ നീന്തിക്കയറി.അവിടെ നിന്നു അദ്ദേഹത്തെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.ആദ്യം ഫ്രഞ്ച് കോടതിയിലും അവിടെ നിന്ന് ഹേഗിലെ ഇന്റർനാഷണൽ കോർട്ട് ഓഫ് ആർബിറ്ററേഷനിലും സാവർക്കറെ ഹാജരാക്കുകയുണ്ടായി.ലോകചരിത്രത്തിൽ തന്നെ ആദ്യമായി ലോക കോടതിയിൽ ഹാജരാക്കപ്പെട്ട ഭാരത പൗരൻ വീരസാവർക്കറായിരുന്നു.
അന്ന് സാവർക്കർക്ക് വേണ്ടി കോടതിയിൽ ഹാജരായ വക്കീൽ ജീൻ ലിയോരന്റ് ഫ്രഡറിക് ലോങ്ക്റ്റ് അദ്ദേഹം കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് കാറൾ മാക്സിന്റെ കൊച്ചുമകനായിരുന്നു.മാത്രമല്ല ഫ്രാൻസിലെ ഏറ്റവും ഉന്നതാനായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു.അദ്ദേഹത്തിന്റെ ലെ ഹ്യൂമണിറ്റെ,ലെ പോപ്പുലറെ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ദിനപത്രങ്ങളിൽ സാവർക്കർക്ക് നേരെ നടന്ന മനുഷ്യത്വഹീനമായ വേട്ടയെ കുറിച്ചു അദ്ദേഹം വളരെ ഭംഗിയായി എഴുതി. അന്താരാഷ്‌ട്ര വിപ്ലവ മാധ്യമങ്ങൾ സവർക്കർക്കായി തൂലികയെടുത്തു.ഹെറാൾഡ് ഓഫ് റിവോൾട്ടിലൂടെ ഗെയ് അൽഡ്രഡും ഇന്ത്യൻ സോഷ്യോളജസ്റ്റിലൂടെ ഇൻഡ്യാ ഹൗസിലെ വിപ്ലവകാരികളും സവർക്കർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ചോദ്യം ചെയ്തു.
ലോകരാഷ്‌ട്രീയത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് സ്വാധീനത്തെ തുടർന്ന് 50 വർഷത്തെ കഠിന തടവിന് വീർ സാവർക്കർക് ശിക്ഷ ലഭിച്ചു. സാവർക്കറുടെ നേരെ ഉണ്ടായ ഈ വിധിയിൽ റഷ്യയിലെ കമ്മ്യൂണിസ്റ്റ്കാരും ഫ്രാൻസിലെ കമ്മ്യൂണിസ്റ്റ്കാരും പ്രതിഷേധിക്കുകയുണ്ടായി. ഡോക്ടർ കുട്ടീഞ്യോ എന്ന ഗോവൻ ആംഗ്ലോ ഇന്ത്യൻ വഴി സാവർക്കറുടെ “1857ലെ സ്വാതന്ത്ര്യ സമരത്തിന്റെ” ഒരു കയ്യെഴുത്ത് പതിപ്പ് റഷ്യയിലേക്ക് കടത്തുകയുണ്ടായി.അവിടെ വെച്ചു കമ്മ്യൂണിസ്റ്റ് നോവലിസ്റ്റ് ആയിരുന്ന മാക്സിം ഗോർക്കി ഈ പുസ്തകം വായിക്കുകയും , സാവർക്കറെ പ്രകീർത്തിച്ചു കൊണ്ടെഴുത്തുകയും ചെയ്തു .
ആൻഡമാൻ നിക്കോബാറിലെ റോസാ ഐലാൻഡിൽ ആയിരുന്നു കുപ്രസിദ്ധമായ സെല്ലുലാർ ജയിൽ സ്ഥിതി ചെയ്തിരുന്നത്. കടലിന് നടുവിലെ ഈ നരകത്തിന്റെ കാവൽക്കാരൻ ബാരി എന്ന ഐറിഷ് ഉദ്യോഗസ്ഥനായിരുന്നു അയാൾക്ക് മിർസാ ഖാൻ എന്നൊരു പ്രധാന സഹായിയുമുണ്ടായിരുന്നു. ജയിലിൽ വരുന്നവരോട് ബാരി പറയുമായിരുന്നു,
“സെല്ലുലാർ ജയിലാണ് ഇനി നിങ്ങളുടെ ലോകം, ഞാൻ ഇവിടുത്തെ ദൈവവുമെന്ന് “, അവിടേക്കാണ് ഇരട്ടജീവപര്യന്തമെന്ന ശിക്ഷാഫലകം ഇരുമ്പ് തകിടിൽ കഴുത്തിൽ കെട്ടി തൂക്കി കുറ്റവാളി നമ്പർ :32778 വിനായക് ദാമോദർ സാവർക്കർ വരുന്നത്. അപകടകാരികളായ കുറ്റവാളികൾക്ക് നൽകുന്ന D(Dangerous) പട്ടികയിലായിരുന്നു സാവർക്കറെ ഉൾപ്പെടുത്തിയിരുന്നത്.സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ക്രൂരതകളായിരുന്നു അവിടെ വിപ്ലവകാരികൾക്ക് നേരിടേണ്ടി വന്നത്.ആർക്കും ശരിയായ ഭക്ഷണം ലഭിച്ചിരുന്നില്ല,ഉറങ്ങാതിരിക്കാൻ പലരെയും കൈയ്യുകൾ രണ്ടും ചുമരിൽ കെട്ടി നിർത്തിയിരുന്നു.ബാബു പ്രിത്വിസിംഹ് ആസാദ്, സച്ചിന്ദ്രനാഥ് സന്യാൽ(ഭഗത് സിംഗിന്റെ ഗുരു ), ഉല്ലാസ്ക്കർ ദത്ത് ,ഹോട്ടിലാൽ വർമ്മ , ഭായി പരമാനന്ദ്,ഇന്ദുഭൂഷൻ റോയ് എന്നിവരോക്കെയായിരുന്നു കാലാപാനിയിലെ പ്രസിദ്ധരായ തടവുകാർ.വീര സാവർക്കറുടെ ജ്യേഷ്ഠൻ ഗണേഷ് സാവർക്കറും സെല്ലുലാർ ജയിലിൽ തടവ്പുള്ളിയായിരുന്നു.എന്നാൽ മാസങ്ങൾക്ക് ശേഷമാണ് വിനായക് സാവർക്കർക് സഹോദരനെ കാണാൻ അവസരം ലഭിച്ചിരുന്നത്.പലർക്കും ക്രൂര പീഡനങ്ങൾ മൂലം സമനില തെറ്റിയിരുന്നു,ചിലർ വിഷാദരോഗം മൂർച്ഛിച്ച് ആത്മഹത്യ ചെയ്തു,ചിലർക്ക് പകർച്ചവ്യാധികൾ വന്നു മരണപ്പെട്ടു,കുറെപേർ മുഴുഭ്രാന്തന്മാരായി മാറി.അതിനൊരു ഉദാഹരണമായിരുന്നു ഉല്ലാസ്‌ക്കർ ദത്ത്, രോഗം മൂർച്ഛിച്ച് ഭ്രാന്തനായി അദ്ദേഹം ജയിലിലഞ്ഞു തിരിഞ്ഞു,എന്നാൽ അയാൾ ഭ്രാന്ത് അഭിനയിക്കുകയായിരുന്നു എന്നാണ് ബാരി പറഞ്ഞിരുന്നത്.വിപ്ലവകാരിയായ ഇന്ദുഭൂഷൻ റോയ് വിഷാദരോഗം മൂർച്ഛിച്ച് ആത്മഹത്യ ചെയ്തു.പതിനെട്ട് വയസ്സ് തികയാത്ത ഒരു കൗമാരക്കാരൻ പയ്യനുണ്ടായിരുന്നു,നാനി ഗോപാൽ,അയാൾ സമനില തെറ്റി ഉടുവസ്ത്രം ഉരിഞ്ഞു കൊണ്ട് നഗ്നനായാണ് പലപ്പോഴും നടന്നിരുന്നത്
ഒന്നാം ലോക മഹായുദ്ധത്തിന്റെ പ്രാരംഭകാലത്ത് മദ്രാസ് തീരത്തെ ജർമനിയുടെ എസ് എം എസ് എംഡൻ മുങ്ങിക്കപ്പൽ ആക്രമിച്ചു.ഉടനെ തന്നെ കാലാപാനിയിലെ വിപ്ലവകാരികളെ മോചിപ്പിക്കാൻ ബംഗാൾ ഉൾക്കടലിൽ എംഡൻ ഉയരും എന്ന കിംവദന്തികൾ ദ്വീപിൽ പരന്നു.ഗദ്ദാർ പാർട്ടിക്കാർ സാവർക്കറുടെ മോജനത്തിനായി യുദ്ധകാലത്ത് സെല്ലുലാർ ജയിൽ അക്രമിക്കുമോ എന്ന ഭയം 1918 ജനുവരി 9 ന് ദ്വീപിലെ ഉദ്യോഗസ്ഥർ ബ്രിട്ടനയച്ച സന്ദേശങ്ങളിൽ പ്രകടമാവുന്നുണ്ട്. പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് യുദ്ധത്തിൽ ബ്രിട്ടൻ വിജയിച്ചുവെങ്കിലും ഒരുവിധം തടവുകാരെയെല്ലാം മോചിപ്പിക്കാൻ ബ്രിട്ടൻ നിർബന്ധിതരായി.എന്നാൽ സാവർക്കർ സഹോദരന്മാരെ മോചിപ്പിക്കാൻ സാധ്യമല്ല എന്ന് ബ്രിട്ടൻ പറഞ്ഞു.സർദാർ പട്ടേലിന്റെ ജ്യേഷ്ഠൻ വിട്ടൽ ഭായ് പട്ടേലും മഹാത്മാ ഗാന്ധിജിയും ഇരുവരുടെയും മോചനത്തിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തി,ഗാന്ധിജി 1920 മെയ് 20 ന് യംഗ് ഇൻഡ്യയിൽ സാവർക്കർ സഹോദരന്മാരുടെ മോചനത്തിനായി ലേഖനമെഴുത്തി.ഒടുവിൽ 1921 ൽ വീര സാവർക്കറെ കാലാപാനിയിൽ നിന്നും രത്‌നഗിരി ജയിലിലേക്ക് മാറ്റി.
ഈ കാലത്ത് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഭാവിയിൽ വരാൻ പോവുന്ന വിപത്ത് വീര സാവർക്കർ മുൻകൂട്ടി കണ്ടു.അത് കോണ്ഗ്രെസ്സിന്റെ പ്രീണന രാഷ്‌ട്രീയമായിരുന്നു.ഖിലാഫത്തിനെ അംഗീകരിക്കാൻ സാവർകർക്ക് സാധിച്ചില്ല. ജാലിയൻവാലബാഗിൽ ആയിരകണക്കിന് ഭാരതീയർ ജീവൻ ബലിയർപ്പിച്ചപ്പോൾ ഇല്ലാതിരുന്ന പ്രതിഷേധം,തുർക്കിയിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ ഭാരതത്തിൽ ഉടനീളമുണ്ടായെങ്കിൽ അതിന് കാരണം മതവികാരമാണ് എന്നും അതിലേക്ക് എണ്ണയൊഴിക്കുന്നത് നാളെ ഈ രാഷ്‌ട്രത്തിന് അപകടമായി മാറുമെന്നും സാവർക്കർ പ്രവചിച്ചു.1924 ൽ സവർക്കറെ ജയിലിൽ നിന്നും വീട്ടു തടങ്കിലേക്ക് മാറ്റി.രത്നഗിരി താലൂക്ക് വിട്ടുപോവാൻ പാടില്ല എന്ന കരാർ പ്രകാരമായിരുന്നു ഇത്.വെറും മുപ്പത് ലക്ഷം വെള്ളക്കാരൻ എങ്ങനെ മുപ്പത് കോടി ഭാരതീയനെ ഭരിക്കുന്നു എന്ന ചോദ്യം സാവർക്കറെ വേട്ടയാടി.ഒടുവിൽ അതിനുള്ള ഉത്തരം അദ്ദേഹം കണ്ടെത്തി.ഭാരതീയൻ ചരിത്രത്തിന്റെ അടിമയാണ്,ഇത് മാറിയാൽ മാത്രമേ ഭാരതത്തിന് ദേശീയ ജീവിതം സാധ്യമാകൂ.സാവർക്കർ തന്റെ സമാജിക ജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങി.
ജാതീയമായ വേർതിരിവിൽ ആണ്ടുകിടന്നിരുന്ന സമാജത്തെ ഉണർത്താൻ തുടങ്ങി. ഭൂതകാലത്തെ കുറിച്ചഭിമാനമുള്ള രാജ്യത്തിനെ ഭാവിയുള്ളു എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.അന്ന് ഹിന്ദു സമാജത്തിൽ നിലനിന്നിരുന്ന ഏഴ് അയിത്തങ്ങളായിരുന്നു വേദോക്തബന്ദി(വേദം പഠിക്കാൻ വിലക്ക്),വ്യാവസായ ബന്ദി(കുലത്തൊഴിൽ ഒഴിച്ചുള്ള മറ്റ് തൊഴിലുകൾ ചെയ്യാൻ ഉള്ള വിലക്ക്),സ്പർശ ബന്ദി(അസ്പൃശ്യത),സമുദ്ര ബന്ദി (സമുദ്രം തരണം ചെയ്യാൻ ഉള്ള വിലക്ക്),ശുദ്ധി ബന്ദി(സനാതന ധർമ്മത്തിലേക്കുള്ള പരാവർത്തനം),റൊട്ടി ബന്ദി (ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനുള്ള വിലക്), ബേട്ടി ബന്ദി(അന്യജാതിക്കാർ ആയിട്ടുള്ള വിവാഹം),ഇത്തരത്തിലുള്ള ഏഴ് അയിത്തങ്ങളും ശുദ്ധ അസംബന്ധമാണ് എന്ന് പറഞ്ഞു കൊണ്ട് അവ നിരോധിക്കാൻ അദ്ദേഹം ഹിന്ദു സമാജത്തൊട് ആഹ്വാനം ചെയ്തു.1937 ൽ കോൺഗ്രസ് പ്രവിശ്യ ഭരണകൂടങ്ങൾ രൂപീകരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം പൂർണ്ണമായും തടവിൽ നിന്നും മോചിതനായി. ശേഷം പൂനെയിലേക് വന്ന വീര സാവർക്കർക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ജാതിമതരാഷ്‌ട്രീയഭേദമെന്യേ വലിയ പൗരാവലി അദ്ദേഹത്തെ സ്വീകരിച്ചു.സ്വരാജ് പാർട്ടിയുടെ ജംനാദാസ് മേഹത,സേനാപതി ബപ്പത്ത്, നഗരത്തിന്റെ മേയറും കോണ്ഗ്രെസ് നേതാവുമായിരുന്ന ഖുർഷിദ് എഫ് നരിമാൻ , മാർക്സിസ്റ്റ് ട്രേഡ് യൂണിയൻ നേതാവ് ലാൽജി പൻഡ്സെ,കമ്മ്യൂണിസ്റ്റ് നേതാവ് എം എൻ റോയിയും മിസിസ് റോയിയും സാവർക്കറെ സ്വീകരിച്ചു.കോണ്ഗ്രെസ്
നേതാക്കളായ എസ് എം ജോഷിയും അച്യുത് പട്വർദ്ധനും അദ്ദേഹത്തെ കോംഗ്ർസിലേക്ക് ക്ഷണിച്ചു.എന്നാൽ അദ്ദേഹം സമാജോദ്ധാരണത്തിനായി അഖില ഭാരത ഹിന്ദു മഹാസഭയിൽ ചേർന്നു.യൗവനകാലത്തെ അമിതമായ ജയിൽവാസവും അതേത്തുടർന്നുണ്ടായ രോഗപീഡകളും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം തൃണവലക്കരിച്ചുകൊണ്ട് സമാജത്തിനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
അവർണ്ണർ എന്നു മുദ്രകുത്തി സമാജം മാറ്റിനിർത്തിയവർക്കായുള്ള ക്ഷേത്ര പ്രവേശനത്തിനായി അദ്ദേഹം സംഘർഷം നടത്തി. തന്റെ ഗ്രാമത്തിലെ വിട്ടൽ ക്ഷേത്രത്തിലായിരുന്നു ആദ്യമായി അദ്ദേഹം അവർണ്ണ പ്രവേശനത്തിനായി സമരം നടത്തിയത്.
പിൽക്കാലത്ത് അവർണ്ണർക്ക് പൂണൂലും ബ്രാഹ്മണ്യവും നൽകിക്കൊണ്ട് അവർക്കും പൂജാധികാരമുണ്ടെന്ന് അദ്ദേഹം സമൂഹത്തോട് വിളിച്ചുപറഞ്ഞു.നിലവിലെ ക്ഷേത്രങ്ങളിൽ അബ്രാഹ്മണരെ പൂജാരിമാരായി സ്വീകരിക്കാൻ മടി കാണിച്ചപ്പോൾ അദ്ദേഹം അവർക്ക് പൂജിക്കാനായി പതീതപാവന മന്ദിർ എന്ന പുതിയ ക്ഷേത്രം നിർമ്മിച്ചു നൽകി.
ഞാൻ ഹിന്ദുവായി ജനിച്ചു,എന്നാൽ എന്നാൽ ഹിന്ദുവായി മരിക്കുകയില്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഹിന്ദുമതത്തിൽ നിന്ന് അന്യ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സമൂഹത്തോട് ഉദ്ഘോഷിച്ച ഡോക്ടർ ബി ആർ അംബേദ്കറിനോട്,ഭാരതത്തിൽ ഉൽഭവിച്ച ഏതെങ്കിലും ധർമ്മത്തിലേക്ക് പരിവർത്തനം ചെയ്യാൻ അപേക്ഷിച്ചത് ഹിന്ദുമഹാസഭ നേതാവായിരുന്ന ഡോക്ടർ ബി ആർ ശിവറാം മൂഞ്ചെ വഴി സവർക്കറായിരുന്നു.
ഡോക്ടർ മൂഞ്ചെ,ഡോക്ടർ അംബേദ്കറുടെ ചരിത്രപ്രസിദ്ധമായ രാജഗിർ എന്ന വസതിയിൽ ചെന്ന് കണ്ട് ഈ അഭിപ്രായം അദ്ദേഹത്തിനു മുന്നിൽ വച്ചു.20 വർഷങ്ങൾക്കു ശേഷം അദ്ദേഹം ബൗദ്ധധർമ്മം സ്വീകരിക്കാൻ കാരണമായത് 1938 സവർക്കറുടെ അപേക്ഷയായിരുന്നു അതിനർത്ഥം അദ്ദേഹം രാഷ്‌ട്രീയത്തിൽ നിന്നും പിൻവലിഞ്ഞുവെന്നായിരുന്നില്ല.ഭാരതീയർക്ക് ആയുധം കൈവശം വയ്‌ക്കാൻ നിരോധനം കൊണ്ടുവന്ന ബ്രിട്ടീഷ് സർക്കാരിനെതിരെ യുവാക്കൾ നടത്തിയ സമരത്തിലെ മുഖ്യപ്രഭാഷകൻ സവർക്കറായിരുന്നു. അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ ശസ്ത്ര ഗീതമെന്ന കവിത പിറവിയെടുത്തത് ആ വേദിയിൽ വച്ചായിരുന്നു.
പിന്നീട് സവർക്കർ,ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്, അയിത്തനിർമൂലനത്തെ പറ്റിയും,സ്വരാജ്യത്തെ പറ്റിയും പ്രസംഗിച്ചു കൊണ്ടേയിരുന്നു.ഈ കാലഘട്ടങ്ങളിൽ ദക്ഷിണഭാരതത്തിലെ തിരുനൽവേലിയിൽ അദ്ദേഹം നടത്തിയ പ്രസംഗം സർക്കാരിനെതിരെയാണെന്ന് കാണിച്ചു കൊണ്ട് സർക്കാർ,പരിപാടിയുടെ സംഘാടകർക്കെതിരെ കേസ് ഫയൽ ചെയ്തു.ഇതുകേട്ട് ഭയന്ന് അടുത്ത യോഗം തീരുമാനിച്ചിരുന്ന മധുരയിലെ സംഘാടകർ പരിപാടി റദ്ദ് ചെയ്യാൻ തീരുമാനിച്ചു.
അന്ന് പൊതുയോഗത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് വീരസവർക്കറെ മധുരയിൽ കൊണ്ടുവന്നത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വലംകയ്യായി അറിയപ്പെട്ടിരുന്ന മുത്തുരാമലിംഗ തേവർ ആയിരുന്നു.വേദിയിൽ വെച്ചുകൊണ്ട് തേവരെ സവർക്കർ വിശേഷിപ്പിച്ചത് “തെൻനാട്ട് തിലകൻ” എന്നാണ്.ഈ കാലയളവിൽ എൻഎസ്എസ് ആചാര്യൻ മന്നത്ത് പദ്മനാഭന്റെ ക്ഷണപ്രകാരം അദ്ദേഹം ചങ്ങനാശേരി എൻഎസ്എസ് കോളേജ് യോഗത്തിൽ സംബന്ധിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് പ്രാരംഭകാലത്ത് രാജ്യം വിടുന്നതിനു മുൻപ് നേതാജി സുഭാഷ് ചന്ദ്രബോസ് അവസാനമായി കണ്ട പ്രമുഖ നേതാവ് സവർക്കറായിരുന്നു. മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ബ്രിട്ടീഷുകാരെ ആക്രമിക്കണമെന്ന് നേതാജിയോട് സർക്കാർ പറഞ്ഞിരുന്നു .ഇതിൻപ്രകാരം ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകനായിരുന്ന തന്റെ പഴയ ശിഷ്യൻ റാഷ് ബിഹാരി ബോസിനോട് ഐഎൻഎയുടെ നേതൃത്വം നേതാജിക്ക് ഏൽപ്പിക്കുവാൻ അദ്ദേഹം ഉപദേശിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലുള്ളവർ ബ്രിട്ടീഷ് സൈന്യത്തിൽ ചെയ്യണമെന്നായിരുന്നു സവർക്കറുടെ അഭിപ്രായം.ഒരിക്കൽ നമ്മൾക്ക് ആയുധം നിഷേധിച്ച ബ്രിട്ടീഷ് ഇന്നവ നൽകുവാൻ തയ്യാറായിരിക്കുന്നു,ആയുധം കയ്യിൽ ലഭിക്കുന്ന പക്ഷം അത് ആർക്കെതിരെ ഉപയോഗിക്കണമെന്ന് നമ്മുടെ യുവാക്കൾ തീരുമാനിക്കുമെന്നും അദ്ദേഹം രഹസ്യ യോഗങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.
രണ്ടാം ലോകയുദ്ധത്തിന് അവസാനം അദ്ദേഹം പ്രവചിച്ചിരുന്ന പോലെ പാളയത്തിൽ പട ഉയർന്നുവന്നു.നേതാജി സുഭാഷ് ചന്ദ്രബോസ് ഏൽപ്പിച്ച കനത്ത പ്രഹരവും,നാവിക കലാപവും,ഐ എൻ എൽ എ ട്രയലും,ഭാരതം വിടാൻ ബ്രിട്ടനെ നിർബന്ധിതരാക്കി. സവർക്കറുടെ ഭാഷയിൽ പറഞ്ഞാൽ, “ഇന്നലെവരെ ഏതൊരു ഭാരതീയന്റെയും ഭാഗധേയം നിശ്ചയിച്ചിരുന്ന ബ്രിട്ടീഷുകാരനെ സിംഹാസനത്തിൽ നിന്നും നിഷ്കാസിതനാക്കി ചെങ്കോൽ സഹിതം അവനെ അവൻ വന്ന അറബിക്കടലിക്ക് പുറംതള്ളി”.
ഹിന്ദുമഹാസഭയിലെ ചില മതമൗലികവാദികൾ വിഭജനത്തിനെ തുടർന്ന് സ്വാതന്ത്ര്യ ദിനത്തിൽ കോൺഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് പറഞ്ഞ് ബഹളംവച്ചപ്പോൾ , അവരെ എതിർത്തുകൊണ്ട് സവർക്കർ സ്വന്തം ഗൃഹത്തിൽ ത്രിവർണ്ണ പതാക ഉയർത്തുകയും,സർക്കാരിൽ പങ്കാളികളാവാമെന്ന് കോൺഗ്രസിന് ഉറപ്പുനൽകുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തരം ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സവർക്കറെ അറസ്റ്റ് ചെയ്തു , കരുതൽ തടങ്കലാണ് എന്നാണാദ്യം പറഞ്ഞത് , എന്നാൽ പ്രതി ചേർക്കപ്പെട്ടു എന്ന് പിന്നീടാണദ്ദേഹം അറിഞ്ഞത് . രാഷ്‌ട്രീയമായി വിരുദ്ധ അഭിപ്രായമുണ്ടായിരുന്നെങ്കിലും 42 വർഷം നീണ്ട ഊഷ്മളമായ സൗഹൃദമവർ തമ്മിലുണ്ടായിരുന്നു .സാവർക്കർക് ഗോപാലകൃഷ്ണ ഗോകലെയുമായി ഇതുപോലെ കടുത്ത അഭിപ്രായവ്യത്യാസം അദ്ദേഹത്തിമുണ്ടായിരുന്നു എന്നാൽ സെല്ലുലാർ ജയിലിൽ വെച്ച് ഗോഖലെയുടെ മരണവാർത്ത കേട്ട അദ്ദേഹം ദുഃഖമടക്കാൻ കഴിയാതെ വിതുമ്പുന്നുണ്ട് .
ഗാന്ധിഘാതകരുടെ തലവൻ ” എന്ന മായ്‌ക്കാൻ കഴിയാത്ത ദുഷ്‌പേര് അദ്ദേഹത്തിന്റെ നെറ്റിയിലെഴുതണം എന്ന് ചിലർക്ക് നിർബന്ധബുദ്ധിയുണ്ടായിരുന്നു .കുറ്റം തെളിയിക്കാൻ തെളിവുകൾ ഒന്നും ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല.അത് കൊണ്ട് സാവർക്കറെ കോടതി വെറുതെ വിട്ടു . തുടർന്ന് അദ്ദേഹം സജീവ രാഷ്‌ട്രീയത്തിൽ നിന്നും പൂർണമായും വിരമിച്ചു.താൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി രൂപീകരിച്ച” അഭിനവ് ഭാരത് ” സ്വാതന്ത്യം ലഭിച്ചതിനെ തുടർന്ന് അദ്ദേഹം പിരിച്ചുവിട്ടു.
1959 ജൂലൈ മാസത്തിൽ വിമോചനസമരത്തെ തുടർന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ പിരിച്ചു വിട്ടു.ഏറെ കൗതുകം ഉയർത്തുന്ന വസ്തുത എന്തെന്നാൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായി ചിത്രീകരിക്കുന്ന ചെഗുവേര ഈ സമയം ഇൻഡ്യ സന്ദർശനുമായി ബന്ധപെട്ട് പ്രധാനമന്ത്രി നെഹ്രുവിന്റെ കൂടെ ഉണ്ടായിരുന്നു. അദ്ദേഹം ഈ നടപടിയെ കുറിച്ചു,അതായത് ഏഷ്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാറിനെ പുറത്താക്കിയ നടപടിയെ കുറിച്ചു ഒരക്ഷരം പറഞ്ഞില്ല.എന്നാൽ വീര സവർക്കർ അന്നത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്, ഹിന്ദുത്വവാതികളുടെ പിന്തുണ അറിയിച്ചു കത്തെഴുതി . ഇതിന് അദ്ദേഹത്തിന് നന്ദി അറിയിച്ചു കൊണ്ട്,തങ്ങളുടെ വിദ്യാഭ്യാസ പദ്ധതിയിൽ മാറ്റം വരുതില്ല എന്ന് ഉറപ്പ് നൽകി കൊണ്ട് കേരളത്തിലെ അന്നത്തെ നിയമമന്ത്രി ശ്രീ വി ആർ കൃഷ്ണയ്യർ മറുപടി എഴുതി
വീര സവർക്കറെ അവസമാനമായി പോലീസ് അറസ്റ്റ് ചെയ്യുന്നത് 1950 ലാണ്,വിഭജനത്തെ തുടർന്ന് അഭയാർത്ഥികളായവരെ സംബന്ധിച്ച് നെഹ്റു ലികായത് പാക്റ്റ് ഒപ്പിടാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ലികായത് അലി ഭാരതം സന്ദർശിക്കാൻ വരുമ്പോൾ വീര സാവർക്കർ ഒരു തലവേദനയാവും എന്ന് ചിന്തിച്ചുകൊണ്ട് സർക്കാർ അദ്ദേഹത്തെ കരുതൽ തടങ്കലിലാക്കി.സാവർക്കറെ മഹാരാഷ്‌ട്രയിൽ പാർപ്പിച്ചാൽ ജനരോഷമുണ്ടാവും എന്ന് ഭയന്ന് കർണാടകയിലെ ബെൽഗാവിലെ ഹിന്ദൾജാ ജയിലിലേക്ക് മാറ്റി . ഒടുവിൽ 100 ദിവസത്തെ തടവിന് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് പ്രകാരമാണ് 1950 ജൂലൈ മാസം അദ്ദേഹം ജയിൽ മോചിതനാവുന്നത്.
അദ്ദേഹത്തിന്റെ ഓർമ്മകളെ ഭയന്നിരുന്ന നെഹ്റു സർക്കാർ സെല്ലുലാർ ജയിലിൽ സാവർക്കറെ തടവിൽ പാർപ്പിച്ചിരുന്ന ബ്ലോക്ക് പൊളിച്ചു മാറ്റാൻ പദ്ധതി തയ്യാറാക്കിയിരുന്നു.പിന്നീട് ശാസ്ത്രി സർക്കാർ ആണ് ആ തീരുമാനം പിൻവലിച്ചത്. 1966 ഫെബ്രുവരി 26 ന് നീണ്ട ഇരുപതിലധികം ദിവസം നീണ്ട ഉപവാസത്തിലൂടെ വീര സാവർക്കർ പ്രാണത്യാഗം ചെയ്തു . തന്റെ മൃതദേഹം വൈദ്യുത ശ്മശാനത്തിലടക്കണം എന്നദ്ദേഹം പറഞ്ഞിരുന്നു അത് പ്രകാരമാണ് അന്ത്യകർമ്മങ്ങൾ നടത്തിയത് . പാർലിമെന്റിൽ അദ്ദേഹത്തിനായി ദുഃഖാചരണത്തിന് നോട്ടീസ് നല്കിയത് സിപിഐ എംപി ഹീരേന്ദ്ര മുഖർജിയായിരുന്നു.
വീര സാവർക്കറുടെ ആശയങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തോടൊപ്പം എരിഞ്ഞടങ്ങി എന്ന് സമാധാനിച്ചവർക്ക് തെറ്റി, കാലാപാനിയിലെ കാളകൂടത്തെ കുടിച്ച്, കാലനേയും തോൽപിച്ചു വന്ന ആ മൃത്യുഞ്ജയൻ കാലയവനികക്കപ്പുറത്തിരുന്ന് കൊണ്ട് തന്റെ പിൻഗാമികളുടെ വിജയം കാണുന്നു.ഏത് രാഷ്‌ട്രീയ അധികാരം വെച്ചു കൊണ്ട് അന്ന് സാവർക്കറെ തടവിലാക്കി കൊണ്ട് അദ്ദേഹത്തിന്റെ സ്മരണകളെ കുഴിച്ചു മൂടാം എന്ന് നെഹ്റു സർക്കാർ സ്വപ്നം കണ്ടുവോ ഇന്ന് അതേ രാഷ്‌ട്രീയ അധികാരം സാവർക്കറുടെ പിൻഗാമികൾ നേടിയിരിക്കുന്നു. കരിരുമ്പാണികളെ തൂലികയാക്കി അദ്ദേഹം കവിതകൾ രചിച്ച സെല്ലുലാർ ജയിലിലെ സാവർക്കർ കട്ടോരി ഇന്ന് രാഷ്‌ട്രനായകർക്ക് പോലും തീർത്ഥാടന കേന്ദ്രമായിരിക്കുന്നു.ഈ വിപ്ലവസൂര്യനെ എന്നന്നെക്കുമായി ആകാശത്ത് നിന്നും മറക്കാം എന്ന് കരുതിയ കാർമേഘങ്ങൾക്ക് തെറ്റിയിരിക്കുന്നു,ഭൂമിയും ആകാശവും അവന്റെ സിംഹനാദത്താൽ പ്രകമ്പനം കൊള്ളുന്നു.
Discussion about this post